Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളെ തോൽപ്പിക്കാൻ തൊഴിലാളി നേതാക്കൾ സമര നാടകം തുടരുന്നു; ആത്മഹത്യയ്ക്ക് വരെ ഒരുങ്ങി പെൺപിളൈ ഒരുമൈ; ഒത്തുതീർപ്പ് ധാരണ പൊളിച്ചതു സിഐടിയുവും എഐടിയുസിയും; മൂന്നാർ പൂർണ്ണ സ്തംഭനത്തിലേക്ക്; നാളെ മുതൽ എളമരം കരിം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരത്തിനും

സ്ത്രീകളെ തോൽപ്പിക്കാൻ തൊഴിലാളി നേതാക്കൾ സമര നാടകം തുടരുന്നു; ആത്മഹത്യയ്ക്ക് വരെ ഒരുങ്ങി പെൺപിളൈ ഒരുമൈ; ഒത്തുതീർപ്പ് ധാരണ പൊളിച്ചതു സിഐടിയുവും എഐടിയുസിയും; മൂന്നാർ പൂർണ്ണ സ്തംഭനത്തിലേക്ക്; നാളെ മുതൽ എളമരം കരിം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരത്തിനും

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം തലസ്ഥാനമായി മൂന്നാർ ഈ വർഷത്തെ ടൂറിസം സീസൺ ആരംഭിക്കുമ്പോഴേക്കും പൂർണ്ണമായും സ്തംഭിക്കുകയാണ്. സ്ത്രീകളെ തോൽപ്പിക്കാൻ യൂണിയൻ നേതാക്കൾ കടും പിടിത്തക്കാരായതാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. മുഖ്യമന്ത്രിയുമായി സ്ത്രീകൾ നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ ധാരണയിലായെങ്കിലും അതിന് വഴങ്ങാതെ യൂണിയൻ നേതാക്കൾ നിൽക്കുന്നതാണ് പ്രശ്‌നം. പെൺപിളൈ ഒരുമൈ ഔദ്യോഗിക തൊഴിലാളി യൂണിയൻ അല്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് അവരുമായി കരാർ ഒപ്പു വയ്ക്കാൻ സാധ്യമില്ല. എന്നാൽ സിഐടിയുവും എഐടിയുസിയും ഒന്നിനും വഴങ്ങുന്നില്ല. പെൺപിളൈ ഒരുമൈയെ സമ്മർദ്ദത്തിലാക്കി പ്രതിസന്ധിയിലാക്കാനാണ് ഇത്.

അതിനിടെ തോട്ടം തൊഴിലാളി സമരത്തിൽ ഒത്തുതീർപ്പ് ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ 9.30ന് കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വീണ്ടും വിളിച്ചു. അതേസമയം, തിങ്കളാഴ്ച മുതൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ റിലേ നിരാഹാര സമരം നടത്തും. തൊഴിലാളി യൂണിയനുകളും തോട്ടമുടമകളും നിലപാടുകളിൽ നിന്ന് അണുവിട പിന്മാറാൻ ഒരുക്കമല്ലാത്തതാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗങ്ങൾ വഴിമുട്ടിച്ചത്. മിനിമംകൂലി 500രൂപയാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യൂണിയനുകൾ. സിഐടിയു നേതാവ് എളമരം കരിം അനിശ്ചിത കാല നിരാഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിസന്ധിയിലായ തോട്ടംമേഖലയിൽ കൂലി അത്രയുമുയർത്തിയാൽ പൂട്ടിപ്പോകുമെന്ന നിലപാടിൽ ഉടമകളും. ഇടക്കാലാശ്വാസമായി തോട്ടമുടമകൾ 60രൂപ അനുവദിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ട്രേഡ് യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി അറിയിക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റിയുടെ ശുപാർശകൾ കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ഇടക്കാലാശ്വാസമായി 60രൂപ വർദ്ധിപ്പിച്ചാൽ മിനിമംകൂലി 292 രൂപയാവും. മറ്റ് പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിഷനെ നിയോഗിക്കും. അതിനിടെ സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്ക് രണ്ടാഴ്ചത്തെ സൗജന്യറേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്.

പണിമുടക്ക് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നാളെ മുതൽ സെക്രട്ടറിയറ്റിന്മുമ്പിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പിഎൽസി പലതവണ യോഗം ചേർന്നെങ്കിലും തോട്ടമുടമകളുടെ പിടിവാശിക്ക് മുമ്പിൽ സർക്കാർ നോക്കുകുത്തിയായി മാറുകയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കില്ല എന്ന തോട്ടമുടമകളുടെ നിലപാട് അംഗീകരിക്കാനാകില്ല. തുച്ഛമായ വേതനംമാത്രം ലഭിക്കുന്ന തൊഴിലാളികളുടെ ജീവിതപ്രാരാബ്ധവും പട്ടിണിയും കൈയുംകെട്ടി നോക്കിനിൽക്കാൻ മനുഷ്യത്വമുള്ള ഒരു പ്രസ്ഥാനത്തിനും സാധ്യമല്ല. മുഴുവൻ തൊഴിലാളികളും ജനാധ്യപത്യവിശ്വാസികളും സമരത്തെ പിന്തുണയ്ക്കാൻ മുന്നോട്ടു വരണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.

ഏതായാലും ഐക്യ ട്രേഡ് യൂണിയനും പെൺപിളൈ ഒരുമൈയും നടത്തിയ റോഡ് ഉപരോധത്തിൽ മൂന്നാർ ടൗൺ സ്തംഭിക്കുകയാണ്. അതിനിടെ തോട്ടം തൊഴിലാളികളുടെ സമരത്തിനിടെ തൊഴിലാളി സ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്റ്റേറ്റിലെ സമുദ്രക്കനി (42) സമരത്തിനിടയിൽ മണ്ണെണ്ണയൊഴിക്കുന്നതു കണ്ട് ഓടിയെത്തിയ മറ്റു തൊഴിലാളികൾ ഇവരുടെ ദേഹത്തു വെള്ളമൊഴിച്ചശേഷം ആശുപത്രിയിലെത്തിച്ചു. കടകളും ഹോട്ടലുകളും റിസോർട്ടുകളും ബാങ്കുകളും അടച്ചതോടെ മൂന്നാറിലെ ടൂറിസം മേഖല പൂർണമായും സ്തംഭിച്ചു. റോഡ് ഉപരോധം ആരംഭിച്ചതോടെ പെൺപിളൈ ഒരുമൈ പ്രവർത്തകർ ഒൻപതു ദിവസമായി നടത്തി വന്ന നിരാഹാരം പിൻവലിച്ചു. അതേസമയം ഐക്യ ട്രേഡ് യൂണിയൻ പ്രവർത്തകരുടെ നിരാഹാര സമരം റോഡ് ഉപരോധത്തോടൊപ്പം തുടരുകയാണ്.

അതിനിടെ നയ്മക്കാട് എസ്റ്റേറ്റിലും കന്നിമലയിലും പെൺപിളൈ ഒരുമൈ പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായി. നയ്മക്കാട് എസ്റ്റേറ്റിലെ കാളിയമ്മ (44), രാജമല ഫാക്ടറി ഡിവിഷനിലെ മുരുകശെൽവി (34) എന്നിവർക്കാണ് പരുക്കേറ്റത്. സമരത്തിനു പോയ തങ്ങളെ ഐക്യ ട്രേഡ് യൂണിയൻ പ്രവർത്തകർ അടിച്ചെന്ന് ഇവർ പരാതിപ്പെട്ടു. സംഭവത്തിൽ നയ്മക്കാട് എസ്റ്റേറ്റിലെ കെ. മുനിസ്വാമി, ആർ ബാലകൃഷ്ണൻ, എം. രമേശ്, വി. മാരിസ്വാമി, വി. ചെല്ലദുരൈ, കന്നിമല എസ്റ്റേറ്റിലെ ആർ. അയ്യാദുരൈ, വി. വിനീത്, ജി. മുനിയാണ്ടി എന്നിവരെ അറസ്റ്റ് ചെയ്തു. ഇത്തരം സംഘർഷങ്ങളും മൂന്നാർ പ്രതിസന്ധിയായി തുടരുകയാണ്.

ടൂറിസം മേഖലയാണ് പ്രതിസന്ധിയിലായത്. ഇന്നലെ തിരിച്ചുപോകേണ്ടിയിരുന്ന വിനോദസഞ്ചാരികൾ പഴയ മൂന്നാറിലെ റോഡ് ഉപരോധത്തിൽ കുടുങ്ങി. വൈകിട്ടു നെടുമ്പാശേരിയിലെത്തി വിമാനത്തിൽ സ്വദേശത്തേക്കു പോകേണ്ടതാണെന്നു സഞ്ചാരികൾ പറഞ്ഞതോടെ യൂണിയൻ നേതാക്കൾ എത്തി വിമാന ടിക്കറ്റ് ഉൾപ്പെടെ പരിശോധിച്ചാണ് ഇവരെ കടത്തിവിട്ടത്. രാവിലെ മുതൽ മിക്ക വ്യാപാരികളും സ്വമേധയാ കടകളടച്ചു. തുറന്ന ചില കടകൾ പെമ്പിളൈ ഒരുമൈ പ്രവർത്തകർ അടപ്പിച്ചു. എസ്‌ബിറ്റി, എസ്‌ബിഐ ശാഖകളും സ്ത്രീകൾ സംഘടിച്ചെത്തി അടപ്പിച്ചു. എടിഎം കൗണ്ടറുകൾ അടപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് പിന്തിരിപ്പിച്ചു. ഐക്യ ട്രേഡ് യൂണിയൻ വേദിയിൽ ആറു വനിതകളാണു നിരാഹാരം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP