Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുംബനസമരം കൊണ്ടൊന്നും രക്ഷയില്ല: കോഴിക്കോട്ടു വീട്ടമ്മയ്ക്കും യുവാവിനും നേരെ സദാചാര പൊലീസ് വിളയാട്ടം; മർദ്ദിച്ചെന്നും അസഭ്യ വർഷം ചൊരിഞ്ഞെന്നും പരാതി

ചുംബനസമരം കൊണ്ടൊന്നും രക്ഷയില്ല: കോഴിക്കോട്ടു വീട്ടമ്മയ്ക്കും യുവാവിനും നേരെ സദാചാര പൊലീസ് വിളയാട്ടം; മർദ്ദിച്ചെന്നും അസഭ്യ വർഷം ചൊരിഞ്ഞെന്നും പരാതി

കോഴിക്കോട്: കോഴിക്കോട്ട് സദാചാര പൊലീസിന്റെ ഇടപെടലുണ്ടായതായി പരാതി. സാമൂഹ്യ പ്രവർത്തകയും അസംഘടിത മേഖല തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായ സ്മിത ലിജുവിനും സുഹൃത്ത് സജേഷിനും നേരെയാണ് സദാചാര പൊലീസിന്റെ ആക്രമണമുണ്ടായത്. കോഴിക്കോട് പാലായി ബൈപ്പാസിന് സമീപത്തുള്ള മഠത്തിൽമുക്കിൽ സ്മിതയുടെ വീടിനു സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റാണ് സ്മിതയുടെ ഭർത്താവ് ലിജു കുമാർ. ഇവരുടെ കുടുംബസുഹൃത്താണ് സജേഷ്. പുതുവത്സരാഘോഷങ്ങൾക്ക് പിന്നാലെ സ്മിതയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ സജേഷിനെ വീട്ടിൽനിന്നും ഇറങ്ങിയതിനു പിറകേ സദാചാരപൊലീസ് വളഞ്ഞാക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്മിതയുടെ നേർക്ക് സദാചാരപൊലീസ് സംഘം അസഭ്യവർഷവും ചൊരിഞ്ഞു. സജേഷിനെ സംഘം മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി സജേഷിനെ കൂട്ടികൊണ്ടുപോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് സ്മിത പറയുന്നു. പരാതി ലഭിച്ചിട്ടില്ലെന്നും സി.ഐയെ അവർ നേരിട്ട് ഏൽപ്പിക്കുകയായിരുന്നെന്നുമാണ് പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ സ്മിതയെ കണ്ടിട്ടില്ലെന്നാണ് സിഐയുടെ വിശദീകരണം.

പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് ശേഷമാണ് സജേഷ് സ്മിതയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയത്. സജേഷിന്റെ അമ്മ വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് ഭക്ഷണം കഴിക്കുന്നതിന് സജേഷ് സ്മിതയുടെ വീട്ടിലെത്തിയത്. സ്മിതയും ലിജുവും മുൻപ് താമസിച്ചിരുന്ന കോഴൂരിലെ കെട്ടിൽപറമ്പിൽ എന്ന സ്ഥലത്ത് ഇവരുടെ അയൽവാസിയായിരുന്നു സജേഷ്. അക്കാലം മുതലുള്ള കുടുംബ സുഹൃത്തുമാണ്. പക്ഷെ സജേഷ് മദ്യപിച്ചിരുന്നതിനാൽ ചായ നൽകി പെട്ടെന്ന് തന്നെ പറഞ്ഞയക്കുകയാണ് ചെയ്തതെന്ന് സ്മിത പറയുന്നു. എന്നാൽ സജേഷ് വീട്ടിൽ നിന്നിറങ്ങി വഴിയിലെത്തിയപ്പോൾ ഒരുപറ്റം ആളുകൾ എത്തി ചോദ്യം ചെയ്യുകയും പിടിവലി നടത്തുകയും ചെയ്തു. റെസിഡന്റ്‌സ് അസോസിയേഷന്റെ ഭാരവാഹികളും നാട്ടുകാരും ഉൾപ്പെതായിരുന്നു സംഘം. കണ്ടാൽ ആർഎസ്എസ് ബന്ധമുണ്ടെന്ന് തോന്നിക്കുന്നവരായിരുന്നു വന്നവരിൽ ഏറെയും എന്ന് സ്മിത പറയുന്നു. മർദ്ദനവും അസഭ്യം പറച്ചിലും രൂക്ഷമായതിനെതുടർന്നാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സി.ഐ അസീസായിരുന്നു കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പിനെ തുടർന്ന് പ്രദേശത്ത് എത്തിയത്. ന്യൂഇയർ ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ ബൈപ്പാസ് റോഡിൽ പട്രോളിങ് നടത്തുമ്പോഴായിരുന്നു വയർലെസ് വഴി വിവരം ലഭിച്ചതെന്ന് പൊലീസുകാരനായ അസീസ് പറയുന്നു. പൊലീസ് എത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം 150 ഓളം ആളുകൾ പ്രദേശത്ത് കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായിരുന്നില്ലെന്നും റെസിഡന്റ്‌സ് അസോസിയേഷന്റെയും മറ്റും ആളുകളായിരുന്നു അവരേറെയുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് എത്തി സജേഷിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. സജേഷിനെ അറസ്റ്റു ചെയ്യുകയല്ല, മറിച്ച് സംഘർഷം ഒഴിവാക്കാൻ അവിടെനിന്ന് നീക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പൊലീസ് വ്യക്തമാക്കുന്നു. ചാനലുകളിലെയും മറ്റും വാർത്തകൾ കണ്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുകയായിരുന്നു എന്ന പ്രതീതിയാണുണ്ടായത്. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി സജേഷിനെ പറഞ്ഞയച്ചുവെന്നും സിഐ അസീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP