സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിനുനേരെ സദാചാരഗുണ്ടാ ആക്രമണം; യുവതിയുടെ വീടു വളഞ്ഞ ആളുകൾ യുവാവിനെ പിടിച്ചിറക്കി മർദ്ദിച്ചു
December 02, 2019 | 05:29 AM IST | Permalink

സ്വന്തം ലേഖകൻ
മലപ്പുറം: പെരുമ്പടപ്പിൽ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെയാണ് സദാചാര ഗുണ്ടകൾ വീട്ടിൽ നിന്നും പിടിച്ചിറക്കി ആക്രമിച്ചത്. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂരമർദനമേറ്റത്. പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു
സുഹൃത്തായ യുവതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ബാദുഷ വന്നതറിഞ്ഞ് ഒരുകൂട്ടം ആളുകൾ വീട് വളഞ്ഞ് ബാദുഷായെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു. അക്രമികൾക്കെതിരെ ബാദുഷാ പൊലീസിൽ പരാതി നൽകി. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണു കേസെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ അവരെ അറിയിച്ച് എത്തിയിട്ടും ക്രൂരമായി മർദിച്ചെന്നാണ് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷാ ഇന്നലെയാണ് ഡിസ്ചാർജായത്.