Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയ മാഗി ന്യൂഡിൽസിന്റെ കേരളത്തിലെ വിൽപ്പന സപ്ലൈക്കോ നിരോധിച്ചു; പരസ്യത്തിൽ അഭിനയിച്ച ബച്ചനും മാധുരിക്കും പ്രീതി സിന്റക്കുമെതിരെ കേസെടുക്കും; തമിഴ്‌നാട്ടിൽ നെസ്ലേയുടെ പാൽപ്പൊടിയിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തി

ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയ മാഗി ന്യൂഡിൽസിന്റെ കേരളത്തിലെ വിൽപ്പന സപ്ലൈക്കോ നിരോധിച്ചു; പരസ്യത്തിൽ അഭിനയിച്ച ബച്ചനും മാധുരിക്കും പ്രീതി സിന്റക്കുമെതിരെ കേസെടുക്കും; തമിഴ്‌നാട്ടിൽ നെസ്ലേയുടെ പാൽപ്പൊടിയിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തി

തിരുവനന്തപുരം/ചെന്നൈ: കുട്ടികളുടെ ആരോഗ്യത്തെ ഗുരതരമായി ബാധിക്കുന്ന വിധത്തിൽ മാഗി ന്യൂഡിൽസിൽ മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന പരിശോധനാ ഫലം പുറത്തുവന്നതോടെ നെസ്ലേ കമ്പനി കൂടുതൽ കുഴപ്പത്തിൽ. റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ മാഗി ന്യൂഡിൽസിന് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറുകൾ ഒരുങ്ങുകയാണ്. നിരോധനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിൽ സപ്ലൈക്കോ വഴിയുയുള്ള മാഗിയുടെ വിൽപ്പന നിർത്തിവച്ചു. മാഗി ന്യൂഡിൽസിന്റെ സപ്ലൈക്കോ വഴിയുള്ള വിൽപ്പനയാണ് സർക്കാർ ഇടപെട്ട് നിർത്തിവച്ചത്. നിലവിലുള്ള സ്‌റ്റോക്കുകൾ തിരികെ വിളിക്കാനും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉത്തരവിട്ടിട്ടുണ്ട്.

മാഗിയിലെ രാസവസ്തുവിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത വരുന്നത് വരെയാണ് വിൽപ്പന സംസ്ഥാനത്ത് വിൽപ്പന നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എം.എസ്.ജി) അനുവദനീയമായതിലും കൂടുതൽ അളവിൽ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നൂഡിൽസ് വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് നിർമ്മാതാക്കളായ നെസ്ലേയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽനിന്ന് ശേഖരിച്ച മാഗിയുടെ സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതൽ ഈയവും എം. എസ്.ജിയും കണ്ടെത്തിയത്. എന്നാൽ, മാഗിയിൽ എം.എസ്.ജി. ചേർക്കുന്നില്ലെന്നും നൂഡിൽസ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്നുമാണ് നെസ്ലേയുടെ നിലപാട്.

അതിനിടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കളുടെ പരസ്യത്തിന്റെ പേരിൽ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും മാധുരി ദീക്ഷിതിനും പ്രീതി സിന്റക്കുമെതിരെ എതിരെ കേസെടുക്കും. മുസാഫർനഗർ കോടതിയാണ് പൊലീസിനോട് താരങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. താരങ്ങൾക്കൊപ്പം മാഗിയുടെ നിർമ്മാതാക്കളായ നെസ്‌ലേയുടെ രണ്ട് ഉദ്യോഗസ്ഥക്കെതിരേയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു. അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്.

മെയ്‌ 30ന് മുസാഫർപൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ മാഗി കഴിച്ചതിനെ തുടർന്ന് താൻ ആശുപത്രിയിലായെന്നാണ് ഓജ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. തുടർന്ന് നെസ്‌ലേയുടെ മാനേജിങ് ഡയറക്ടർ മോഹൻ ഗുപ്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ സബാബ് ആലം എന്നിവരേയും ബോളിവുഡ് താരങ്ങളേയും എതിർകക്ഷികളാക്കി ഹർജി നൽകുകയായിരുന്നു. എഫ്.ഐ.ആ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച കോടതി, ആവശ്യമെങ്കിൽ അന്വേഷണ സമയത്ത് ഇവരെ അറസ്റ്റു ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ താരങ്ങളോട് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യത്തിൽ അഭിനയിച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നെസ്ലേ അധികൃതർ വ്യക്തമായ വിശദീകരണമാണ് നൽകിയതെന്നായിരുന്നു മാധുരിയും ബച്ചനും വിഷയത്തിൽ പ്രതികരിച്ചത്. ഇതോടെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ താരങ്ങളും കുരുക്കിലാകുമെന്നാണ് സൂചന.

മാഗിയുടെ കൊൽക്കത്തയിലുള്ള ഫാക്ടറിയിൽ നിന്നു സാമ്പിളുകൾ എടുത്ത് ലാബിൽ പരിശോധന നടത്തിയതിൽ നിന്ന് ഇതിൽ മോണോസോഡിയം ഗ്ലൂറ്റാമേറ്റ് അടങ്ങിയിട്ടുണ്ടെന്നും ലെഡ്ഡിന്റെ അംശം കൂടുതലായി കാണപ്പെട്ടുമെന്നുമാണ് എഫ്എസ്ഡിഎ അസിസ്റ്റന്റ് കമ്മീഷണർ വിജയ് ബഹാദൂർ യാദവ് വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മാഗി നൂഡിൽസ് ശേഖരിച്ച് കൂടുതൽ പരിശോധനകൾ നടത്തണമെന്നും എഫ്എസ്ഡിഎ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കൂടുതൽ നടപടികൾ കമ്പനിക്കെതിരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

അതേസമയം ഉത്പന്നത്തിൽ ചേർക്കാവുന്ന എംഎസ്ജിയുടെ അളവ് സംബന്ധിച്ച് ഇന്ത്യയിലെ ഫുഡ് റഗുലേറ്റേഴ്‌സ് പ്രത്യേകം എവിടേയും പരാമർശിക്കുന്നില്ലെന്നും നെസ്ലേ അധികൃതർ വ്യക്തമാക്കുന്നു. ദശലക്ഷത്തിൽ 0.01 എന്നതാണ് അനുവദനീയമായ ലെഡ്ഡിന്റെ അളവ് എന്നിരിക്കേ മാഗിയിൽ ദശലക്ഷത്തിൽ 17 എന്ന അളവാണ് കണ്ടെത്തിയതെന്നാണ് ലാബ് പരിശോധനകൾ തെളിയിക്കുന്നത്. അതേസമയം മാഗിയിൽ ഒരു ശതമാനത്തിൽ താഴെ എന്ന അളവിലാണ് ലെഡ്ഡിന്റെ അംശമുള്ളതെന്നും അത് അനുവദനീയ അളവിൽ താഴെയാണ് എന്നുമാണ് നെസ്ലേ അവകാശപ്പെടുന്നത്.

പായ്ക്കറ്റ് ഫുഡ്ഡുകൾക്ക് കൂടുതൽ സ്വാദും മണവും നൽകുന്നതിനാണ് സാധാരണ എംഎസ്ജി ഉപയോഗിക്കാറുള്ളത്. ഒരു തരത്തിലുള്ള അമിനോ ആസിഡായ എംഎസ്ജി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രത്യേകിച്ച് കുട്ടികൾക്ക്. എംഎസ്ജി ചേർത്തിട്ടുണ്ടെങ്കിൽ അത് പായ്ക്കറ്റിനു പുറത്ത് പ്രത്യേകം പരാമർശിക്കണമെന്നാണ് നിയമം. നിശബ്ദ കൊലയാളിയെന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന എംഎസ്ജി മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ വരെ അപായപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.

അതിനിടെ മാഗി ന്യൂഡിൽസിന് മേൽ നിരോധന ഭീഷണി ഉയർന്നതിന് പിന്നാലെ നെസ്ലേ കമ്പനിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടും പുറത്തുവന്നു. നെസ്ലേയുടെ പാൽപ്പോടിയിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തിയ സംഭവമാണ് കമ്പനിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുന്നത്. കോയമ്പത്തൂരിലെ പ്രേം ആനന്ദ് എന്ന ടാക്‌സി െ്രെഡവർ വാങ്ങിയ പാൽപ്പൊടിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. വിഷയം തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്.

പാൽപ്പൊടിയിൽ പുഴുവും ലാർവയും കണ്ടെത്തിയത് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകാൻ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. പാൽപ്പൊടിയുടെ പാക്കറ്റിൽ 22 പുഴുക്കളെയാണ് കാണപ്പെട്ടത്. 18 മാസം പ്രായമുള്ള ഇരട്ടകുട്ടികൾക്ക് വേണ്ടിയാണ് പ്രേമം ആനന്ദ് പാൽപ്പൊടി വാങ്ങിയത്. പുഴുക്കളെ കണ്ടെത്തിയതോടെ നെസ്ലേയുടെ ഉപഭോക്തൃസെല്ലിൽ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു. തുടർന്ന്, ഉൽപ്പന്നം മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ആനന്ദ് അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധക്ക് വേണ്ടി അയക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP