Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യ ചെയ്ത രവീന്ദ്രനുമായി എം പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി; പണം തട്ടാൻ സഹായിച്ചവരിൽ രണ്ട് പൊലീസുകാരും; ബ്ലാക്‌മെയ്‌ലിങ് കേസിലെ പ്രതികൾ ബ്ലാക്‌മെയിൽ രാഷ്ട്രീയത്തിലേക്കും

ആത്മഹത്യ ചെയ്ത രവീന്ദ്രനുമായി എം പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി; പണം തട്ടാൻ സഹായിച്ചവരിൽ രണ്ട് പൊലീസുകാരും; ബ്ലാക്‌മെയ്‌ലിങ് കേസിലെ പ്രതികൾ ബ്ലാക്‌മെയിൽ രാഷ്ട്രീയത്തിലേക്കും

കൊല്ലം: സോളാർ കേസിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി കൊച്ചി ബ്ലാക്‌മെയിലിങ് കേസും മാറുന്നു. ഉന്നത രാഷ്ട്രീയക്കാരെ കുടുക്കാൻ ലക്ഷ്യമിട്ട കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്‌സാനയും നേതാക്കളുടെ പേരുപറയുമെന്ന് ഭയപ്പെടുത്തി ബ്ലാക്‌മെയിൽ രീഷ്ട്രീയത്തിലേക്കും ചുവടു വെക്കുന്നു. ആത്മഹത്യ ചെയ്ത വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രനുമായി ചവറ പരിമണത്തെ ഹോട്ടലിൽ വച്ച് സാമ്പത്തിക ഇടപാടുകൾചർച്ച ചെയ്തപ്പോൾ ഒരു എം.പിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നാണ് കേസിലെ പ്രതിയായ ബിന്ധ്യാ തോമസിന്റെ വെളിപ്പെടുത്തൽ.

ഈ കേസിന്റെ തെളിവെടുപ്പിനായി റുക്‌സാനയെയും ബിന്ധ്യാതോമസിനെയും പരിമണത്തെ ഹോട്ടലിൽ എത്തിച്ചപ്പോഴാണ് ബിന്ധ്യ ഈ വെളിപ്പെടുത്തൽ നടത്തിയത്. രവീന്ദ്രനുമായുള്ള പണമിടപാടിൽ താൻ സാക്ഷി മാത്രമാണെന്നും ബ്ലാക് മെയ്‌ലിങ്ങ് ഉണ്ടായിട്ടില്ലെന്നും ബിന്ധ്യാ തോമസ് പറഞ്ഞു. അതേസമയം ഹോട്ടലിലൽ നടന്ന ചർച്ചയിൽ സന്നിഹിതനായിരുന്ന എം.പിയുടെ പേര് പ്രതി വെളിപ്പെടുത്തിയില്ല. സോളാർ കേസിൽ സരിത എസ് നായർ സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് ബിന്ധ്യാസും റുക്‌സാനയും പയറ്റുന്നതും.

റുക്‌സാനയും ബിന്ധ്യാതോമസും ചേർന്ന് നടത്തിയ ബ്ലാക് മെയിലിങ് മൂലമാണ് രവീന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് വെഞ്ഞാറമൂട് പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ വാങ്ങിയത്. ഇവിടെ കിളിയല്ലൂരിലെ ഒരു യുവ കശുവണ്ടി വ്യവസായിയെ ബ്‌ളാക് മെയിൽ ചെയ്ത് പണം തട്ടിയെടുത്ത കേസിലും പ്രതികളാണ് റുക്‌സാനയെയും ബിന്ധ്യാതോമസും. ആ കേസിൽ ചില പൊലീസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. എന്നാൽ യുവ വ്യവസായിയെ ബ്ലാക് മെയിൽ ചെയ്ത സംഭവം പൊലീസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിന്ധ്യാതോമസിന്റെ പ്രതികരണം.

വ്യവസായിയിൽ നിന്നു 16 ലക്ഷം രൂപ തട്ടിയെടുക്കാൻ കൊല്ലം നഗരത്തിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും കൊല്ലത്തെ രണ്ട് അഭിഭാഷകരും തട്ടിപ്പിനു സഹായിച്ചുവെന്നും ബിന്ധ്യാസ് പ്രതികരിച്ചു. എറണാകുളം പൊലീസ് മർദിച്ചുവെന്ന ബിന്ധ്യയുടെ പരാതിയെക്കുറിച്ച് കമ്മിഷണർ ദേബേഷ്‌കുമാർ ബഹ്‌റയും കിളികൊല്ലൂർ സ്റ്റേഷനിൽ വ്യാജപരാതി നൽകി വ്യവസായിയിൽ നിന്നു 16 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിൽ സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ഡി. രാധാകൃഷ്ണപിള്ളയും ചോദ്യം ചെയ്തപ്പോഴാണു പ്രതികൾ ഇക്കാര്യം പറഞ്ഞത്. കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷനിൽ വ്യവസായിക്കെതിരെ വ്യാജ പരാതി നൽകിയെങ്കിലും മൊഴി കൊടുക്കണമെന്നു പറഞ്ഞപ്പോൾ താൻ തയാറായില്ലെന്നു റുക്‌സാന പറഞ്ഞു.

വ്യാജ വിലാസം ആയിരുന്നതിനാൽ പിടിക്കപ്പെടുമെന്നു മനസ്സിലാക്കി അവിടെ നിന്നു മുങ്ങി. തുടർന്നാണു നഗരത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുന്നത്. അതിനായി ബിന്ധ്യയും ഇടപെട്ടു. സഹായിക്കാൻ അഭിഭാഷകരും വന്നു. താൻ 50 ലക്ഷം രൂപ വ്യവസായിയോട് ആവശ്യപ്പെട്ടുവെന്നു റുക്‌സാന അറിയിച്ചു. അത്രയും തുക ലഭിക്കില്ലെന്നു മനസ്സിലാക്കിയാണ് 20 ലക്ഷം രൂപ വേണമെന്നു പറഞ്ഞത്. അതിനും വ്യവസായി വഴങ്ങിയില്ല. പൊലീസ് ഉദ്യോഗസ്ഥർകൂടി ഇടപെട്ടതോടെ 16 ലക്ഷം രൂപ നൽകാമെന്നു സമ്മതിച്ചു.

വ്യവസായിക്കുവേണ്ടി സംസാരിക്കാൻ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. എറണാകുളത്ത് കസ്റ്റഡിയിൽ കഴിയുമ്പോൾ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന ആരോപണം ബിന്ധ്യ ആവർത്തിച്ചു. മർദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായി വിശ്വസിച്ചിട്ടില്ല.

വെഞ്ഞാറമൂട് സി. ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഇവരെ ഹോട്ടലിൽ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതികൾ ഇരുവരും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ബിന്ധ്യാതോമസിനെ മാത്രമാണ് പൊലീസ് ഹോട്ടലിലേയ്ക്ക് കൊണ്ടു പോയത്. ജീപ്പിലിരുന്ന റുക്‌സാന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചില്ല. അഞ്ച് മിനിട്ടിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയീക്കി പൊലീസ് ഇരുവരേയും തിരിച്ച് കൊണ്ടു പോയി.

പ്രതികളെ കൊണ്ടുവരുന്നതായി അറിഞ്ഞ് ഉച്ച മുതൽ തന്നെ നിരവധി ആളുകൾ ഹോട്ടലിന്റെ പരിസരത്ത് എത്തിയിരുന്നു. ഇവരിൽ നിന്ന് പ്രതികൾക്കെതിരെ എന്തെങ്കിലും പ്രതികരണം ഉണ്ടാകുമെന്ന കണക്ക് കൂട്ടലിൽ ശക്തമായ പൊലീസ് ബന്ദവസ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നു. എങ്കിലും ഇവരെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ വിവരം അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് കൊല്ലം സിറ്റി പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP