Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാലിശേരിയിലെ സ്വകാര്യ ഡന്റൽ കോളേജിലെ വിദ്യാർത്ഥികൾക്ക് എം.ആർ.എസ്.എ ബാക്ടീരിയ ബാധ കണ്ടെത്തിയതിന് പിന്നാലെ പരാതിയുമായി രക്ഷിതാക്കൾ; ക്യാമ്പസിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ഭീതി വേണ്ടെന്നും ആരോഗ്യവിഭാഗം; ബാക്ടീരിയ സാന്നിധ്യം തെളിഞ്ഞത് 51 പേരുടെ മൂക്കിലെ സ്രവം പരിശോധിച്ചതിന് പിന്നാലെ

ചാലിശേരിയിലെ സ്വകാര്യ ഡന്റൽ കോളേജിലെ വിദ്യാർത്ഥികൾക്ക് എം.ആർ.എസ്.എ ബാക്ടീരിയ ബാധ കണ്ടെത്തിയതിന് പിന്നാലെ പരാതിയുമായി രക്ഷിതാക്കൾ; ക്യാമ്പസിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ഭീതി വേണ്ടെന്നും ആരോഗ്യവിഭാഗം; ബാക്ടീരിയ സാന്നിധ്യം തെളിഞ്ഞത് 51 പേരുടെ മൂക്കിലെ സ്രവം പരിശോധിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

പെരുമ്പിലാവ്: ഡന്റൽ കോളേജ് വിദ്യാർത്ഥികളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ പരാതിയുമായി വിദ്യാർത്ഥികളും രക്ഷകർത്താക്കളും. ചാലിശേരിയിൽ പ്രവർത്തിക്കുന്ന റോയൽ എന്ന സ്വകാര്യ ഡന്റൽ കോളേജിലെ വിദ്യാർത്ഥികളിലാണ് എം.ആർ.എസ്.എ (മെഥിസിലിൻ റെസിസ്റ്റന്റ് സ്‌റ്റെഫിലോകോക്കസ് ഓറിയസ്) എന്ന ബാക്ടീരിയ ബാധിച്ചതായി കണ്ടെത്തിയത്. കേളേജിലെ 51 പേരുടെ മൂക്കിൽ നിന്നുള്ള സ്രവം എടുത്ത് കുന്നംകുളത്തെ സ്വകാര്യ ലബോറട്ടറിയിൽ പരിശോധിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.

ഇവരിൽ നാലു പേർക്ക് എം.ആർ.എസ്.എ ബാക്ടീരിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പരാതിയുമായ വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്. പരാതിയിൽ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറും ചാലിശ്ശേരി സി.എച്ച്.സി.യിലെ ഉദ്യോഗസ്ഥരും കോളേജിൽ പരിശോധന നടത്തി. കോളേജിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയതായും ഭീതി വേണ്ടെന്നും ആരോഗ്യവിഭാഗം അറിയിച്ചു. കുന്നംകുളത്തെ സ്വകാര്യ ലബോറട്ടറിയിലാണ് വിദ്യാർത്ഥികളുടെ മൂക്കിലെ സ്രവം പരിശോധിച്ചത്. ബാക്ടീരിയ ബാധിച്ച വിദ്യാർത്ഥികളെ കോളേജിലെ ഹോസ്റ്റലിൽനിന്ന് വീടുകളിലേക്ക് മാറ്റി. 360 കുട്ടികളാണ് കോളേജിലുള്ളത്. 191 പേർ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. ജീവനക്കാരുൾപ്പെടെ എല്ലാവരുടെയും സ്രവങ്ങൾ പരിശോധിക്കാനാണ് തീരുമാനം.

കോളേജിലെ ബി.ഡി.എസ്. അവസാനവർഷ വിദ്യാർത്ഥി ഏപ്രിൽ 18-ന് കോഴിക്കോട്ടുള്ള ആശുപത്രിയിൽ മരിച്ചിരുന്നു. ഈ വിദ്യാർത്ഥിക്ക് എം.ആർ.എസ്.എ. ബാക്ടീരിയ പിടിപ്പെട്ടിരുന്നുവെന്നാണ് സംശയം. ഇതോടെ ബി.ഡി.എസ്. അവസാനവർഷ വിദ്യാർത്ഥികൾക്കിടയിൽ ഭീതി വർധിച്ചു. ചില വിദ്യാർത്ഥികൾ സ്വകാര്യ ലബോറട്ടറികളിൽ രോഗബാധ ഉണ്ടോയെന്ന പരിശോധന നടത്തി. പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ രക്ഷിതാക്കൾ പരാതിയുമായെത്തി. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രതിരോധനടപടികൾ വൈകുകയാണെന്ന് ആരോപിച്ച് വ്യാഴാഴ്ച ഹൗസ് സർജന്മാരും വിദ്യാർത്ഥികളും ക്ലാസുകളും ക്ലിനിക്കുകളും ബഹിഷ്‌കരിച്ചു.

ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ ഡി.എം.ഒ. ഡോ. റീത്തയുടെ നിർദേശത്തെത്തുടർന്ന് ചാലിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. സുഷമയുടെ നേതൃത്വത്തിൽ ജീവനക്കാരെത്തി വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലിനിക്കൽ വിഭാഗത്തിലെത്തിയ ആരുടെയെങ്കിലും സ്രവത്തിൽനിന്ന് ബാക്ടീരിയ പകർന്നതാകാമെന്നാണ് കരുതുന്നത്. കോളേജിൽ പോസീറ്റീവ് റിപ്പോർട്ടുള്ള നാല് വിദ്യാർത്ഥികളും ആരോഗ്യത്തോടെയുള്ളവരാണെന്ന് ഡോ. സുഷമ പറഞ്ഞു. ഇവരുടെ സ്രവം വീണ്ടും സർക്കാർ ലബോറട്ടറിയിൽ പരിശോധിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭീതി മാറ്റുന്നതിന് ബോധവത്കരണപ്രവർത്തനങ്ങളും നടത്തും.

കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചത് എം.ആർ.എസ്.എ. മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ന്യൂമോണിയയാണ് അവരുടെ മരണകാരണമെന്നും പ്രിൻസിപ്പൽ ഡോ. ഇ. അനുരാധ സുനിൽ പറഞ്ഞു. വിദ്യാർത്ഥി മരിച്ചതിനുശേഷമുള്ള അവധിദിവസങ്ങളിൽ ഹോസ്റ്റൽ അണുവിമുക്തമാക്കിയിരുന്നു. 17 ദിവസം കഴിഞ്ഞാണ് വിദ്യാർത്ഥികൾ പരാതിയുമായെത്തുന്നത്. മാനേജ്‌മെന്റ് ഇടപെട്ട് വിദ്യാർത്ഥികളുടെ സ്രവപരിശോധന നടത്തി. കോളേജിൽ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളും സ്റ്റെറിലൈസ് ചെയ്യാനും ക്ലിനിക്കൽ വിഭാഗം അണുവിമുക്തമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡയറക്ടർ വി.വി.കെ. മൊയ്തീൻ പറഞ്ഞു.

ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരിൽ എം.ആർ.എസ്.എ. ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ബാക്ടീരിയയുള്ള ത്വക്കിലെ ഭാഗത്തെ സ്പർശനത്തിലൂടെയാണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്. നൂറിൽ രണ്ടുപേരിൽ ഈ ബാക്ടീരിയ കാണാറുണ്ട്. ആരോഗ്യത്തോടെയുള്ള ശരീരങ്ങളിൽ ഇവ ശക്തിയാർജിക്കാറില്ല. ഏതെങ്കിലും രീതിയിൽ അണുബാധയുണ്ടാകുന്നതോടെ ഇവ രോഗിയുടെ രക്തത്തിലെത്തും.

ത്വക്കിലാണ് ഇതിന്റെ ആദ്യലക്ഷണമുണ്ടാകുക. ചെറിയ കുരുക്കളോ കുമിളകളോ ഉണ്ടാകാം. ഇത് പൊട്ടിക്കുന്നതോടെ രോഗസാധ്യത വർധിക്കും. പിന്നീട് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തും. ക്ഷീണം, ജലദോഷം, മുറിവ് ഉണങ്ങാതിരിക്കൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ മറ്റു രോഗങ്ങൾക്കുള്ള സാധ്യതകളുമുണ്ട്. സാധാരണ ആന്റിബയോട്ടിക്കുകളായ മെഥിസിലിൻ, അമോക്സിലിൻ, പെൻസിലിൻ, ഓക്സാസിലിൻ എന്നിവയെ അതിജീവിക്കാനുള്ള ശേഷി ഈ ബാക്ടീരിയ നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP