Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജലനിരപ്പ് 139 അടി ആയിട്ടും സാരമില്ലെന്ന് പറഞ്ഞ് സർക്കാർ; മൂന്നടി കൂടി ഉയർന്നാൽ പത്തടികൂടി ഉയർത്താൻ അനുമതി വാങ്ങാമെന്ന് കരുതി തമിഴ്‌നാടിന്റെ നീക്കം; വീടൊഴിയാൻ ഒരുങ്ങി ഉപ്പുതറ ഭാഗത്തെ ജനങ്ങൾ

ജലനിരപ്പ് 139 അടി ആയിട്ടും സാരമില്ലെന്ന് പറഞ്ഞ് സർക്കാർ; മൂന്നടി കൂടി ഉയർന്നാൽ പത്തടികൂടി ഉയർത്താൻ അനുമതി വാങ്ങാമെന്ന് കരുതി തമിഴ്‌നാടിന്റെ നീക്കം; വീടൊഴിയാൻ ഒരുങ്ങി ഉപ്പുതറ ഭാഗത്തെ ജനങ്ങൾ

ഇടുക്കി: കേരളത്തിന്റെ ആശങ്കകൾക്ക് തമിഴ്‌നാട് പുല്ലുവില നൽകുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരവാസികളുടെ ഭയപ്പാടിന് അന്ത്യമുണ്ടാക്കാനുള്ള രാഷ്ട്രീയക്കരുത്ത് കേരളത്തിലെ നേതാക്കൾ കാണിക്കുന്നില്ല. വെള്ളം കൊണ്ട് പോകുന്നത് കുറച്ച് ജലനിരപ്പ് ഉയർത്താൻ തമിഴ്‌നാട് മനപ്പൂർവ്വമായി ശ്രമിക്കുമ്പോൾ പ്രസ്താവനകൾക്കപ്പുറം ഒന്നും ചെയ്യാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയുന്നുമില്ല.

നിലവിൽ 139 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇത് 140 അടിയിലെത്തിയാലേ ഷട്ടർ തുറക്കൂ എന്നതാണ് തമിഴ്‌നാടിന്റെ തീരുമാനം. 136ൽ കൂടുതൽ ഉയർത്തരുതെന്ന് കേരളത്തിന്റെ ആവശ്യം. 152 അടിയാക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അണക്കെട്ടിലെ ജലനിരപ്പ് 139 അടി കടക്കുന്നത്. 2005 ൽ ജലനിരപ്പ് 139.2 അടിയെത്തി. 1992 ൽ 141.8 അടി വരെ ഉയർന്നിരുന്നു. ജലനിരപ്പ് എങ്ങനെയെങ്കിലും 142 അടിയാക്കി അണക്കെട്ടിന് സുരക്ഷാ പ്രശ്‌നമില്ലെന്ന് സ്ഥാപിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം.രണ്ടു ലക്ഷ്യങ്ങളാണ് തമിഴ്‌നാടിനുള്ളത്. ജലനിരപ്പ് 142 അടിയായി ഉയർത്തുക, ഇതിന്റെ അടിസ്ഥാനത്തിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിച്ച് 152 അടിയായി ജലനിരപ്പ് ഉയർത്താൻ സുപ്രീംകോടതിയിൽനിന്ന് അനുമതി വാങ്ങുക എന്നിവ.

വടക്കുകിഴക്കൻ മഴ ശക്തമായതോടെ മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന നിശ്ചയദാർഢ്യമാണ് സർക്കാരിനുള്ളതെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം പറയുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ മുല്ലപ്പെരിയാർ നിർണ്ണായകവുമാണ്. മുല്ലപ്പെരിയാർ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്ന തേനി, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ മാത്രമല്ല, തമിഴ്‌നാട്ടിലാകെ രാഷ്ട്രീയനേട്ടമായി മാറുമെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ പ്രതീക്ഷ. അതുകൊണ്ട് കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ തമിഴ്‌നാട് പരിഗണിക്കാത്തതും.

ജലനിരപ്പ് 140 അടിയിൽ എത്തിയാൽ അണക്കെട്ടിലെ സ്പിൽവേയിലെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കും. 13 ഷട്ടറുകളാണുള്ളത്. 13-ാമത്തെ ഷട്ടർ തകരാറിലാണ്. മറ്റൊരു ഷട്ടറിനും തകരാറുണ്ടെന്നാണ് സൂചന. ജലനിരപ്പ് 140 അടിയെത്തിയാൽ അണക്കെട്ടിലെ ചോർച്ച വർധിക്കും. സ്വീപ്പേജ് വെള്ളത്തിന്റെ അളവും കൂടും. ഇത് താങ്ങാനുള്ള കരുത്ത് അണക്കെട്ടിനില്ല. ഈ സാഹചര്യത്തിലാണ് വെള്ളം കൂടുതലായി കൊണ്ടു പോയി ജലനിരപ്പ് നിയന്ത്രക്കണമെന്ന് തമിഴ്‌നാടിനോട് കേരളം നിരന്തരം ആവശ്യപ്പെടുന്നത്.

അണക്കെട്ടിലെ ഷട്ടറുകൾ തുറന്നാൽ പെരിയാർ നദിയിലേക്കാണ് വെള്ളമൊഴുകുക. അണക്കെട്ടിൽ നിന്നുള്ള വെള്ളം ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവിലാണ്. ഉപ്പുതറ വഴി ഇടുക്കി അണക്കെട്ടിലെത്തും. ഇതോടെ ഉപ്പുതറ ഭാഗത്തെ ജനങ്ങൾ ഭീതിയിലുമായി. തമിഴ്‌നാട് ഉറച്ച നിലപാട് തുടരുന്നതിനാൽ അണക്കെട്ട് നിറഞ്ഞു കവിയുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ സുരക്ഷിത സ്ഥാനങ്ങൾ തേടി മാറുകയാണ് ഇവിടുത്തുകാർ.

മുല്ലപ്പെരിയാർ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയതോടെ ജനങ്ങളുടെ മാത്രമല്ല ആവാസ വ്യവസ്ഥയുടെ നിലനിൽപ്പും ഭീഷണിയായി. തേക്കടി ജലാശയത്തിന്റെ തീരം വെള്ളത്തിലായതോടെ മൃഗങ്ങളെല്ലാം ഉൾവനത്തിലേക്ക് പിൻവാങ്ങി. ജലനിരപ്പ് 139 അടിയായതോടെ സങ്കേതത്തിന് കീഴിലെ 200 ഹെക്ടർ സംരക്ഷിതവനം വെള്ളത്തിനടിയലായി. വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സങ്കേതമെന്നതിനു പുറമേ ഔഷധ സസ്യങ്ങളുടെ ശേഖരം കൂടിയാണ് മുല്ലപ്പെരിയാറിനോട് ചേർന്ന് കിടക്കുന്ന 5500 ഹെക്ടർ വനപ്രദേശം. ജലനിരപ്പുയരുന്നതോടെ ഈ വനസമ്പത്തിന്റെ സിംഹഭാഗവും നാശത്തിലാവും.

പ്രശ്‌നത്തിൽ അടിയന്തര ഇടപെടലിന് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളം കത്തയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇടപെടലാണ് ആവശ്യം. എന്നാൽ കേരളത്തിന്റെ ആവശ്യമൊന്നും പരിഗണിക്കുന്ന തരത്തിലല്ല സമിതിയുടെ സമീപകാല പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്നാണ് സൂചന. എന്നാൽ അതിന് തിങ്കളാഴ്ചയേ ഇനി കഴിയൂ എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP