Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീശക്തിക്കു ഗംഭീര വിജയം; മൂന്നാറിലെ ഐതിഹാസിക സമരത്തിന്റെ വിജയത്തിൽ നിർണായകമായതു പ്രതിപക്ഷ നേതാവ് വി എസിന്റെ നിലപാട്; മുതലാളിമാർക്കും തൊഴിലാളികൾക്കും ഒപ്പം മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനം തൊഴിലാളികൾക്ക് അനുകൂലം

സ്ത്രീശക്തിക്കു ഗംഭീര വിജയം; മൂന്നാറിലെ ഐതിഹാസിക സമരത്തിന്റെ വിജയത്തിൽ നിർണായകമായതു പ്രതിപക്ഷ നേതാവ് വി എസിന്റെ നിലപാട്; മുതലാളിമാർക്കും തൊഴിലാളികൾക്കും ഒപ്പം മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനം തൊഴിലാളികൾക്ക് അനുകൂലം

കൊച്ചി: മൂന്നാറിൽ സ്ത്രീശക്തി നടത്തിയ ഗംഭീര സമരത്തിന് വിജയകരമായ പര്യവസാനം. തോട്ടം തൊഴിലാളികളുടെ പ്രതിനിധികൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും കമ്പനി പ്രതിനിധികൾക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനമുണ്ടായത്. ഇന്നു രാവിലെ മുതൽ തൊഴിലാളികൾക്കൊപ്പം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഇരിപ്പുറപ്പിച്ചതും അതിവേഗം തീരുമാനമെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

20 ശതമാനം ബോണസ് ഇരുകൂട്ടർക്കും എതിർപ്പില്ലാത്ത തരത്തിൽ നടപ്പാക്കും. ഇരുകൂട്ടർക്കും സ്വീകാര്യമാകുംവിധത്തിൽ പ്രത്യേക പാക്കേജാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായും തൊഴിലാളികളുമായും പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. അതിനുശേഷം എല്ലാവരുമായും ഒരുമിച്ചു നടത്തിയ ചർച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.  ശമ്പള വർധനയുടെ കാര്യം ഉൾപ്പെടെയുള്ള  കാര്യങ്ങൾ 26 നു ചർച്ചചെയ്ത് തീരുമാനിക്കും. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കും. എക്‌സ് ഗ്രേഷ്യയും കൂടി കണക്കാക്കിയാണ് ബോണസ് 20 ശ തമാനമായി നൽകുക. 11.67 ശതമാനമാണ് എക്‌സ്‌ഗ്രേഷ്യ. ഈ മാസം 21നു മുമ്പ് ബോണസ് നൽകും.

ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പു തന്നെ മൂന്നാറിലെ സമരപ്രദേശത്ത് ആഘോഷങ്ങൾ തുടങ്ങി. ഫോണിലൂടെ മന്ത്രി പികെ ജയലക്ഷ്മിയുമായി  മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകരും മന്ത്രിയും നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ വി എസും പ്രതികരിച്ചു.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച. സർക്കാർ മുന്നോട്ടുവച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണു ചർച്ച പുരോഗമിച്ചത്. ഒമ്പതു മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിലാണു പ്രശ്‌ന പരിഹാരമായത്. രാവിലെ മുതൽ തുടങ്ങിയ മന്ത്രിതല ചർച്ചകൾക്കു പിന്നാലെ സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികൾ, മൂന്നാറിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, കമ്പനി അധികൃതർ എന്നിവരുമായി വൈകിട്ടു മുഖ്യമന്ത്രി ഒറ്റയ്‌ക്കൊറ്റയ്ക്ക് ആദ്യം ചർച്ച നടത്തി. തുടർന്ന് മൂന്നു കൂട്ടരേയും ഒന്നിച്ചിരുത്തിയും ചർച്ച നടത്തി. ഇതോടെയാണു പ്രശ്‌നപരിഹാരമായത്.

സമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാറിനുമേൽ വലിയ സമ്മർദമാണു നിലനിന്നിരുന്നത്. 20 ശതമാനമെന്ന തൊഴിലാളികളുടെ ആവശ്യത്തിനു പരിഹാരമായി പത്തു ശതമാനം ബോണസും പത്തു ശതമാനം എക്‌സ്‌ഗ്രേഷ്യയും നൽകാൻ സർക്കാർ ഫോർമുലയുണ്ടാക്കിയെന്ന സൂചനകൾ നേരത്തെ ലഭിച്ചിരുന്നു. വിഷയത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായും കമ്പനി അധികൃതരുമായും തൊഴിൽ മന്ത്രി ഷിബു ബേബിജോണും മന്ത്രി ആര്യാടൻ മുഹമ്മദും ചർച്ച നടത്തിയിരുന്നു.

ചർച്ച നടന്ന എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നിൽ വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിരുന്നത്. ഡിവൈഎഫ്‌ഐയുടേതടക്കം പ്രതിഷേധ പരിപാടികളും അരങ്ങേറിയിരുന്നു.

തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മൂന്നാറിലെ സമരക്കാർക്കൊപ്പം ഇരുന്നതും ഇന്നു തന്നെ തീരുമാനം ഉണ്ടാകുന്ന കാര്യത്തിൽ നിർണായകമായി. രാവിലെ മൂന്നാറിലെത്തിയ വി എസിനെ തൊഴിലാളികൾ ആവേശപൂർവമാണു സ്വീകരിച്ചത്. സമരക്കാരെ വി എസ് തമിഴിലും അഭിസംബോധന ചെയ്തു. സമരം തീരുംവരെ സമരക്കാരുടെ കൂടെ ഇരിക്കുമെന്നായിരുന്നു വി.എസിന്റെ പ്രഖ്യാപനം. സമരം അവസാനിപ്പിച്ച ശേഷം നിരാഹാര സത്യഗ്രഹം നടത്തിയ എസ് രാജേന്ദ്രൻ എംഎൽഎ യെ സമരപ്പന്തലിൽ സന്ദർശിച്ച ശേഷമാണ് വി എസ് മൂന്നാറിൽ നിന്ന് മടങ്ങിയത്.

ബോണസ് വെട്ടിക്കുറച്ചത് കണ്ണൻ ദേവൻ കമ്പനി ഉടൻ പുനഃസ്ഥാപിക്കണമെന്നു വി എസ്. ആവശ്യപ്പെട്ടിരുന്നു. കമ്പനിയെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും വി എസ്. പറഞ്ഞു. നവീന മൂന്നാർ എന്ന ആശയം യുഡിഎഫ് സർക്കാർ അട്ടിമറിച്ചെന്ന് വി എസ്. ആരോപിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്നാൽ കയ്യേറ്റഭൂമി പിടിച്ചെടുത്ത് തൊഴിലാളികൾക്കു നൽകുമെന്നും വി എസ്. പറഞ്ഞു.

കൊച്ചിയിൽ നിന്നും ഉച്ചയോടെ മൂന്നാറിൽ എത്തിയ വി എസ് ചുരുങ്ങിയ സമരം കൊണ്ട് തന്നെ സമരക്കാരെ കൈയിലെടുത്തു. മൂന്നാറിൻ മക്കളേ വണക്കം എന്ന് തമിഴിൽ പറഞ്ഞുകൊണ്ടാണ് വി എസ് സമരക്കാരെ അഭിസംബോധന ചെയ്തത്. സമരക്കാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ മൂന്നാറിൽ തൊഴിലാളികൾക്കൊപ്പം ഇരിക്കുമെന്ന് വി എസ് വ്യക്തമാക്കിയിരുന്നു. വിഎസിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ് തൊഴിലാളികൾ അദ്ദേഹത്തെ സ്വീകരിച്ചത്. വിഎസിന് പൂമാല അർപ്പിക്കാനും തൊഴിലാളികൾ മറന്നില്ല. വിഎസിന്റെ വരവിനോട് അനുബന്ധിച്ച് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.

തൊഴിലാളികളുടെ പേരെഴുതിവച്ച് ടാറ്റയുടെ പിണിയാളുകൾ നടത്തുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണൻദേവൻ കമ്പനിയെന്ന് വി എസ് തൊഴിലാളികളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. സർക്കാരും കമ്പനിയും തീരുമാനമെടുക്കുന്നത് വരെ സമരക്കാർക്കൊപ്പം ഇരിക്കുമെന്ന് വി എസ് പറഞ്ഞു. 98 ശതമാനവും തൊഴിലാളികളുടേതാണെന്നാണ് കമ്പനി മാനേജർ പറയുന്നത്. എന്നാൽ തൊഴിലാളികളുടെ പേരിൽ ടാറ്റയുടെ പിണിയാളുകൾ നടത്തുന്ന തട്ടിപ്പുകമ്പനിയാണിത്. യഥാർത്ഥ കണക്കുകൾ മറച്ചുവച്ചാണ് കമ്പനിയുടെ ലാഭനഷ്ടം കണക്കാക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് മഞ്ഞും വെയിലും കൊണ്ട് സമരം നടത്തുന്നത്. കണ്ണൻദേവൻ കമ്പനിയെ സർക്കാർ നിലക്ക് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനഃസ്ഥാപിക്കണം. ദിവസക്കൂലി വർധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരപന്തലിൽ ആവേശത്തോടെയാണ് തൊഴിലാളികൾ വിഎസിനെ എതിരേറ്റത്. തൊഴിലാളികളെ തമിഴിൽ അഭിസംബോധന ചെയ്താണ് വി എസ് തന്റെ പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നയങ്ങൾ സർക്കാർ അട്ടിമറിച്ച് കയ്യേറ്റം പ്രോത്സാഹിപ്പിച്ചെന്നും വി എസ് ആരോപിച്ചു.

ആയിരക്കണക്കിനു  സ്ത്രീതൊഴിലാളികൾ അടങ്ങുന്ന തോട്ടം തൊഴിലാളികളുടെ ഈ സമരം ചരിത്രമാകും. ബോണസ് പുനഃസ്ഥാപിക്കുകയും അത് 20 ശതമാനമായി തന്നെ നിജപ്പെടുത്തുക. ദിവസക്കൂലി 232 രൂപയിൽ നിന്ന് 500 ആയി വർധിപ്പിക്കുക എന്നിവയാണ് തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.  കെ.ഡി.എച്ച്.പി കമ്പനിയുടെ 98 ശതമാനം ഓഹരിയും തൊഴിലാളികളുടെ പേരിലാണെന്നാണ് പറയുന്നത്. അഞ്ച് കോടി മാത്രം ലാഭമുള്ള കമ്പനിക്ക് 20 ശതമാനം ബോണസ് നൽകാൻ പറ്റില്ലെന്നാണ് പറയുന്നത്. ടാറ്റയുടെ പിണിയാളുകളായ തട്ടിപ്പ് കമ്പനി പടച്ചുവെക്കുന്ന കണക്കുകളാണ് ലാഭ നഷ്ടങ്ങളായി വരുന്നത്. മൂന്നാറിലെ തേയിലയാണ് ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള തേയി. അതിന്റെ സിംഹഭാഗവും വിൽക്കുന്നത് ടാറ്റയ്ക്കാണ് 64 രൂപയ്ക്ക് വാങ്ങുന്നത് 264 രൂപയ്ക്കാണ് ടാറ്റ വിൽക്കുന്നത്. മഞ്ഞും വെയിലും മഴയും സഹിച്ച് തൊഴിലാളികൾ ഇവിടെ തമ്പടിച്ചിട്ടുള്ളത് അവരുടെ ന്യായമായ അവകാശങ്ങൾക്കായാണ്. അത് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം നിലനിർത്താനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നു വി എസ് ആവശ്യപ്പെട്ടിരുന്നു. 

കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും സഹകരിക്കണം. കമ്പനിയുടെ മാനേജർമാരും മറ്റ് ഉദ്യോഗസ്ഥരും 10 ലക്ഷം വരെ വാങ്ങിയപ്പോഴാണ് തൊഴിലാളികൾക്ക് കൊടുക്കാൻ കാശില്ലാത്തത്. ആരോഗ്യവും ജീവിതം പണയപ്പെടുത്തി ദിവസവും തോളിൽ 70 കിലോ വരെ ഭാരം ചുമക്കുന്നവർ 500 രൂപ മാത്രമേ ആവശ്യപ്പെട്ടുന്നുള്ളൂ. കെ.ഡി.ആക്ട് പ്രകാരം ഇവിടുത്തെ മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാണ്. ലാൻഡ് ബോർഡ് കണ്ഡസെഷൻ ലാൻഡായി കമ്പനിക്ക് നൽകുകയായിരുന്നു. 57,1000 ഏക്കറിൽ 16,000 ഏക്കർ തൊഴിലാളിയുടെ പേരിൽ നേടിയെടുത്ത ശേഷമാണിത്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഇവിടുത്ത അധികഭൂമിഏറ്റെടുത്തതാണ്. അന്ന് 16,000 ഏക്കർ ഏറ്റെടുത്ത് നോട്ടിഫൈ ചെയ്തതാണ്. ഈ 16,000 ഏക്കർ പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കാനായിരുന്നു തീരുമാനം. ഈ സർക്കാർ അത് അട്ടിമറിച്ച് കൈയേറ്റക്കാർക്ക് ഒത്താശ ചെയ്തുകൊടുത്തു. അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന എൽ.ഡി.എഫ് സർക്കാർ ഇത് നടപ്പിലാക്കുക തന്നെ ചെയ്യും.

ജീവനക്കാരുടെ ചികിത്സാസഹായം ഏറ്റെടുക്കാൻ കമ്പനി ബാധ്യസ്ഥരാണ്. യാതൊരു ചികിത്സാസഹായവും നൽകുന്നില്ല. ഇ.എസ്.ഐ സഹായമില്ല. മൂന്നുവർഷത്തിലൊരിക്കൽ കൂലി പരിഷ്‌കരിക്കാനുള്ള നടപടിയുണ്ടാകണം, പുതിയ കൂലി നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ തൊഴിലാളിക്ക് തന്നെ കിട്ടണം. സമരം വിജയിക്കുമെന്ന് ഉറപ്പാണ്. തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തിൽ സർക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതു വരെ ഞാൻ ഈ സമരക്കാർക്കൊപ്പം ഇരിക്കുന്നതാണ്..ഇരിക്കുന്നതാണ്..ഇരിക്കുന്നതാണ്.... എന്നു പറഞ്ഞാണ് വി എസ് പ്രസംഗം അവസാനിപ്പിച്ചത്. വി എസ് പ്രസംഗം അവസാനിപ്പിച്ചതോടെ സദസിൽ നിന്നും കരഘോഷം ഉയർന്നു.

തുടർന്ന് വി എസ് സമരക്കാർക്കൊപ്പം ഇരിക്കുകയാണ് ചെയ്തത്. ഈ സമയം സ്ത്രീകൾ അടക്കമുള്ള സമരക്കാർ വിഎസിനെ കാണാനെത്തി. ഇവർ അദ്ദേഹത്തിന് നിവേദനം നൽകി. ചിലർ പൂമാലയുമായാണ് വിഎസിനെ സ്വീകരിച്ചത്. വിഎസിനെതിരെ തൊഴിലാളികളാരും പ്രതിഷേധവുമായി രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമായി. വിഎസിന് വൻ സ്വീകരണമാണ് തൊഴിലാളികൾ നൽകിയത്. വളരെ ആവേശത്തോടെയായിരുന്നു തൊഴിലാളികൾ വിഎസിന്റെ വാക്കുകൾ കേട്ടത്. പ്രസംഗത്തിനു ശേഷം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ വി എസ് കേട്ടു. കെ.കെ. രമ, ലതിക സുഭാഷ് ഉൾപ്പെടെയുള്ളവർ വിഎസിന്റെ അടുത്തെത്തി സംസാരിച്ചു.

വിഎസിന്റെ കടന്നു വരവോടെ 200 മീറ്റർ അകലെ സമരപ്പന്തലിൽ സമരം നടത്തുന്ന എസ്. രാജേന്ദ്രൻ എംഎൽഎയുടെ നിരാഹാരം അപ്രസക്തമായി. വി എസ്, രാജേന്ദ്രന്റെ സമരപ്പന്തലിലേക്കു വരണമെന്നാണ് സിപിഐ(എം) ജില്ലാ നേതാക്കൾ ആവശ്യപ്പെടുന്നത്. സമരവേദിയിലേക്ക് വി എസ് എത്തിയപ്പോൾ നേതാക്കളാരും എത്തിയില്ലെന്നതും ശ്രദ്ധേയമായി.നേരത്തെ കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് തിരിച്ച വി എസ് മാദ്ധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നേതാക്കളെ തല്ലി ഓടിക്കും എന്നത് മാദ്ധ്യമപ്രചരണമെന്ന് പിണറായി

അതേസമയം തൊഴിലാളികൾ സമരം നടത്തുന്ന മൂന്നാറിൽ രാഷ്ട്രീയക്കാർ ചെന്നാൽ തല്ലി ഓടിക്കും എന്നത് മാദ്ധ്യമ പ്രചാരണമാണെന്ന് സിപിഐ(എം) നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. മൂന്നാറിലെ തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പിണറായി അഭിപ്രായപ്പെട്ടു. ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത നൈരാശ്യത്തിലേക്കും രോഷത്തിലേക്കും തള്ളിവിട്ട തോട്ടം മുതലാളിമാരാണ് അടിയന്തരമായി സമരം ഒത്തുതീർപ്പാക്കാൻ തയാറാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യം അംഗീകരിപ്പിക്കാൻ സർക്കാർ തയാറാകണം. കെഡിഎച്ച്പി കമ്പനി തെറ്റായ തീരുമാനത്തിൽ നിന്ന് പിന്മാറണം.

സമരവേളയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകാം. ബോണസും ന്യായമായ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമ്പോൾ അത്തരം പ്രതികരണങ്ങൾ അസ്വാഭാവികമല്ല. അതുകൊണ്ടു തൊഴിലാളി കമ്യൂണിസ്റ്റുകാരന്റെ ശത്രു ആകില്ല. രാഷ്ട്രീയക്കാർ ചെന്നാൽ തല്ലി ഓടിക്കും എന്ന മാദ്ധ്യമ പ്രചാരണങ്ങൾക്കിടയിൽ അവരുടെ ഇടയിലേക്ക് സിപി ഐ എം നേതാക്കൾ ചെല്ലുന്നതും ആ സമരത്തിനു എല്ലാവിധ പിന്തുണയും നല്കുന്നതും തൊഴിലാളി വർഗത്തിന്റെ കൊടിയാണ് ഈ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് എന്നതുകൊണ്ടാണ്. സമമരം ഒരു നിമിഷം വൈകാതെ ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കണം എന്ന് സര്ക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP