Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താക്കന്മാരെ വീട്ടിൽ ഇരുത്തി സ്ത്രീകൾ നിരത്തിലിറങ്ങി പിടിച്ചു വാങ്ങിയ വിജയം; കേരളത്തിന്റെ ജനകീയ നേതാവ് താൻ തന്നെ എന്ന് തെളിയിച്ച് വി എസ്; ഏത് പ്രതിസന്ധിയും അനായാസം തീർക്കുന്ന വല്ലഭനെന്ന് തെളിയിച്ച് ഉമ്മൻ ചാണ്ടിയും

ഭർത്താക്കന്മാരെ വീട്ടിൽ ഇരുത്തി സ്ത്രീകൾ നിരത്തിലിറങ്ങി പിടിച്ചു വാങ്ങിയ വിജയം; കേരളത്തിന്റെ ജനകീയ നേതാവ് താൻ തന്നെ എന്ന് തെളിയിച്ച് വി എസ്; ഏത് പ്രതിസന്ധിയും അനായാസം തീർക്കുന്ന വല്ലഭനെന്ന് തെളിയിച്ച് ഉമ്മൻ ചാണ്ടിയും

മൂന്നാർ: കേരളത്തിലെ തൊഴിലാൡസമരചരിത്രങ്ങൾക്ക് ഒരു പുതിയ ഏടാണ് ഇന്നലെ മൂന്നാറിൽ കുറിച്ചത്. മൂന്നാറിന് ശേഷവും മുന്നാറിന് മുമ്പും എന്ന് ഇനി സമരചരിത്രങ്ങൾ അറിയപ്പെടും. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവന്ന സമരങ്ങൾ മാത്രമേ വിജയം കാണുകയുള്ളൂവെന്ന പരമ്പരാഗക കഥയെ പൂർണ്ണമായും തള്ളിക്കളയുകായിരുന്നു ഒമ്പത് ദിവസങ്ങളായി മൂന്നാറിലെ കോടമഞ്ഞിനെ പോലും ചൂടുപിടിപ്പിച്ച സ്ത്രീ തൊഴിലാളികളുടെ സമരം അരങ്ങേറിയത്. ഒരു സമനനായകൻ എല്ലാതെ തങ്ങളെ വഞ്ചിച്ച തൊഴിലാളി നേതാക്കൾക്കെതിരായ പ്രതിഷേധമായി കൂടി സമരം മാറിയപ്പോൾ സ്ത്രീസമരചരിത്രത്തിലെ തന്നെ പുതിയ ഏടായി മാറി മൂന്നാർ തോട്ടം തൊഴിലാളികളുടെ സമരം.

അയ്യായിരത്തിൽപ്പരം സ്ത്രീകൾ നേതൃത്വമില്ലാതെ ആരംഭിച്ച ചരിത്രസമരത്തിന് ആവശ്യങ്ങളെല്ലാം നേടിയെടുത്തശേഷം ശുഭകരമായ പരിസമാപ്തിയുണ്ടായത്. ഇന്നലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തൊഴിലാളി പ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന അവസാന വട്ട ചർച്ചയും വിജയിച്ചതോടെ കേരളം കണ്ടത് മറ്റുചില ആവർത്തനങ്ങൾ കൂടിയാണ്. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് താൻ തന്നെയാണെന്ന് സമരത്തിൽ ഉചിതമായ സമയത്ത് ഇടപെടൽ നടത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തെളിയിച്ചപ്പോൾ എത്രവലിയ കുരുക്കഴിക്കാനും തന്നെ കഴിഞ്ഞെ ആളുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞു.

നേതാക്കളുടെ ഇടപെടൽ ഒരു വശത്തുണ്ടെങ്കിലും ആത്യന്തികമായി വിജയം കൈവരിച്ചത് മൂന്നാറിലെ സ്ത്രീശക്തിയായിരുന്നു. ഭർത്താക്കന്മാരെ വീട്ടിലിരുത്തി സ്ത്രീകൾ നിരത്തിലിറങ്ങി പിടിച്ചുവാങ്ങിയ വിജയമായിരുന്നു മൂന്നാറിലേത്. കെ.ഡി.എച്ച്.പി. (കണ്ണൻ ദേവൻ ഹിൽ പ്ലൂന്റേഷൻ) കമ്പനിയിൽ ഇത്തവണ ബോണസ് 19 ശതമാനത്തിൽനിന്ന് 10ലേക്ക് വെട്ടിക്കുറച്ചതിനെതിരെയാണ് കമ്പനിയിലെ കൊളുന്തുനുള്ളുന്ന സ്ത്രീ തൊഴിലാളികൾ സമരം തുടങ്ങിയത്. സപ്തംബർ രണ്ടിനു നടന്ന ദേശീയപണിമുടക്കിലാണ് സമരത്തിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിയത്. അഞ്ചാം തിയ്യതിയോടെ കമ്പനിയുടെ മൂന്നാറിലെ റീജണൽ ഓഫീസിനു മുന്നിൽ സമരം തുടങ്ങുകയായിരുന്നു. 13,000ഓളം സ്ഥിരം തൊഴിലാളികളുള്ള കമ്പനിയിലെ ഭൂരിപക്ഷം പേരും സ്ത്രീകളാണ്.

സ്വന്തം വീട്ടിലെ പുരുഷന്മാരെപ്പോലും അകറ്റിനിർത്തി ഒരു പാർട്ടി നേതാവിനെയും അടുപ്പിക്കാതെ നടത്തിയ സമരമെന്ന നിലയിലാവും ഇത് ചരിത്രത്തിൽ ഇടം നേടുക. തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വന്ന സ്ഥലം എംഎ‍ൽഎ. എസ്.രാജേന്ദ്രനെ സ്ത്രീകൾ വിരട്ടിയോടിച്ചതോടെയാണ് സമരം സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയത്. സമരം തീർക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ താൻ നേരിട്ട് മൂന്നാറിലെത്തി സമരത്തിന് നേതൃത്വം നൽകുമെന്ന് വി എസ്. പ്രഖ്യാപിച്ചതോടെ ഇതിന് പുതിയ രാഷ്ട്രീയമാനവും കൈവന്നു.

പൊതു പണിമുടക്ക് ദിനത്തിലായിരുന്നു സമരം പൊട്ടിപ്പുറപ്പെട്ടത്. കമ്പനിയുടെ ചൂഷണത്തിനു തൊഴിലാളി യൂണിയനുകൾ കൂട്ടുനിൽക്കുന്നുവെന്നാരോപിച്ചു പൊതുപണിമുടക്കു ദിനത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ യോഗത്തിലേക്ക് ഒരുപറ്റം സ്ത്രീകൾ ഇരച്ചുകയറി പ്രസംഗം തടസ്സപ്പെടുത്തി. അഞ്ചിനു മൂന്നാറിൽ റോഡ് ഉപരോധം ആരംഭിച്ചു. ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്വന്തം ഭർത്താക്കന്മാരെപ്പോലും സമരമുഖത്തുനിന്നു മാറ്റിനിർത്തി കെഡിഎച്ച്പി കമ്പനിയിലെ തോട്ടം തൊഴിലാളി സ്ത്രീകൾ ഒന്നടങ്കം സമരത്തിനിറങ്ങി.

തുടർന്നുള്ള ഓരോദിവസവും ആയിരക്കണക്കിനു സ്ത്രീകൾ കണ്ണൻ ദേവൻ കമ്പനി റീജനൽ ഹെഡ്ക്വാർട്ടേഴ്‌സിനു മുൻപിലേക്കു മാർച്ച് ചെയ്തു, മലയിടുക്കുകൾ കടന്നെത്തി മൂന്നാറിനെ മുക്കിക്കളഞ്ഞ 1924ലെ മഹാപ്രളയത്തെ അനുസ്മരിപ്പിച്ച സ്ത്രീശക്തി. സമരം ശക്തിപ്പെട്ടതോടെ കൊച്ചിയിലും തിരുവനന്തപുരത്തും തൊഴിലാളി പ്രതിനിധികളുമായി പലതവണ സർക്കാരും കമ്പനി പ്രതിനിധികളും ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

വെള്ളിയാഴ്ച സമരക്കാരെ സന്ദർശിക്കാനെത്തിയ എസ്. രാജേന്ദ്രൻ എംഎൽഎയെ സ്ത്രീ തൊഴിലാളികൾ ഓടിച്ചുവിട്ടപ്പോൾ മുതൽ സമരം കേരളത്തെ മുൾമുനയിൽ നിർത്തി. പിന്നീട് സമരക്കാരെ കാണാനെത്തിയ രാഷ്ട്രീയനേതാക്കളിൽ ബഹുഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളുടെ പ്രതിഷേധച്ചൂടറിഞ്ഞു.

ഒമ്പതു ദിവസവും കൊച്ചിധനുഷ്‌കോടി ദേശീയപാത തൊഴിലാളികൾ ഉപരോധിച്ചതോടെ മൂന്നാറിലെ ടൂറിസം വ്യാപാര മേഖല സ്തംഭിച്ചിരുന്നു. ഇതിനിടെ മന്ത്രിതലത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ചർച്ചകൾ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. അനുഭാവം പ്രകടിപ്പിക്കാൻ എത്തിയ സംസ്ഥാന നേതാക്കളെപ്പോലും സമരക്കാർ അടുപ്പിച്ചില്ല. വി എസ്സിനു മാത്രമേ പൂർണ സ്വീകാര്യത കിട്ടിയുള്ളൂ. എല്ലാ പ്രതീക്ഷകളും കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന ചർച്ചകളിലായിരുന്നു. 20 ശതമാനം ബോണസ് കൂടാതെ, ദിവസക്കൂലി 500 രൂപയാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ 232 രൂപയാണ് ദിവസക്കൂലി. എന്നാൽ, രണ്ട് ആവശ്യങ്ങളും കമ്പനി അംഗീകരിച്ചില്ല. ഈ വർഷത്തെ ലാഭത്തിൽ 68 ശതമാനം കുറവുവന്നതിനാൽ 10 ശതമാനത്തിൽ കൂടുതൽ ബോണസ് കൊടുക്കാൻ പറ്റില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. പക്ഷേ, ഞായറാഴ്ച നടക്കുന്ന ചർച്ചകളിൽ തൊഴിലാളികൾക്ക് പ്രതീക്ഷയുണ്ടായിരുന്നു.

വൈകീട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടക്കുമെന്ന പ്രഖ്യാപനം വന്നതോടെ എല്ലാ കണ്ണുകളും പ്രതീക്ഷയായി തിളങ്ങി. മന്ത്രി ജയലക്ഷ്മിയുംമറ്റും എത്തിയതോടെ സമരം തീരുമെന്ന കണക്കുകൂട്ടലായി. വി എസ്സിനു ചുറ്റും കോൺഗ്രസ് നേതാക്കളും മാദ്ധ്യമപ്പടയും അണിനിരന്നു. കൊച്ചിയിൽനിന്നുള്ള വാർത്തയ്ക്ക് കാതോർക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ കാത്തിരുന്ന നിമിഷം എത്തിയതോടെ സ്ത്രീകൾ ആനന്ദനൃത്തം ചവിട്ടി. അവരുടെ ആവേശത്തിൽ വി എസ്സും അലിഞ്ഞു.

കൊച്ചിയിൽനടന്ന അവസാനവട്ട ചർച്ച വിജയിച്ച വാർത്തയറിഞ്ഞു തൊഴിലാളി സ്ത്രീകൾ മൂന്നാർ തെരുവീഥികളിൽ ആഹ്ലാദനൃത്തം ചവിട്ടി. ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചും അവർ സന്തോഷം പങ്കിട്ടു. തൊഴിലാളികളെ എടുത്തുയർത്തിയാണു ചിലർ വിജയനിമിഷം ആഘോഷിച്ചത്. ചരിത്രനിമിഷത്തിനു സാക്ഷിയായി പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനും മന്ത്രി പി.കെ. ജയലക്ഷ്മിയും തൊഴിലാളികൾക്കൊപ്പം ഇരുന്നു. ബോണസ് സംബന്ധിച്ച പ്രഖ്യാപനം വന്നയുടൻ തന്നെ കരഘോഷവുമായിട്ടാണ് തൊഴിലാളികൾ ഇതിനെ വരവേറ്റത്. പിന്നെ നിലയ്ക്കാത്ത ആർപ്പുവിളി.

തൊഴിലാളികൾക്ക് മൂന്നു സെന്റ് സ്ഥലംവീതം നൽകാമെന്ന് രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ജില്ലാ കളക്ടർ വി.രതീശൻ സമരക്കാരെ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പുകിട്ടാത്തതിനാൽ അവർ തള്ളി. എല്ലാദിവസവും 10 മുതൽ 6 വരെ ദേശീയപാത ഉപരോധിക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുമോയെന്ന് സർക്കാർ ഭയന്നു. എന്നാൽ, സമരക്കാരോട് ഏറ്റവും അനുഭാവപൂർണമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മൂന്നാറിലെ വ്യാപാരി സമൂഹവും ഇവർക്ക് പിന്തുണ നൽകി. സമരം കൈവിട്ടു പോയേക്കാമെന്ന സ്ഥിതി വന്നതോടെയാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത്. സമരം ഏറ്റെടുക്കുമെന്ന വി എസ്സിന്റെ പ്രഖ്യാപനവും ഇതിനു കാരണമായി.

അന്തിമ പ്രഖ്യാപനം വന്നത് മാരത്തോൺ ചർച്ചകൾക്കൊടുവിൽ

മൂന്നാറിലെ സമരപന്തലിലേക്ക് വി എസ് അത്യുതാന്ദൻ യാത്ര ചെയ്തത് മുതൽ തലപുകയ്ക്കുകയാരുന്നു സംസ്ഥാന സർക്കാർ. എങ്ങനെ സമരം തീർക്കുമെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഒടുവിൽ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം വന്നത്. മൂന്നാറിലെ സമരവേദിയിൽ അയ്യായിരത്തോളം വനിതകൾ. ഇങ്ങനെ സങ്കീർണമായ പശ്ചാത്തലത്തിലാണ് ഇന്നലെ രാവിലെ 11ന് എറണാകുളം ഗെസ്റ്റ് ഹൗസിൽ മൂന്നാർ പ്രശ്‌ന പരിഹാരത്തിനു തിരശ്ശീല ഉയർന്നത്. ഒടുവിൽ, ശുഭകരമായ അവസാന രംഗത്തോടെ ചർച്ചയ്ക്കു തിരശ്ശീല വീഴുമ്പോൾ രാത്രി എട്ടുമണിയായി.

രാവിലെ 11നാണു ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടൻ മുഹമ്മദും പത്തരയോടെ ഗെസ്റ്റ് ഹൗസിലെത്തി. കൃത്യം 11ന് ചർച്ച തുടങ്ങുമ്പോൾ പുറത്തു കാതടിപ്പിക്കുന്ന മുദ്രാവാക്യം വിളികളുയർന്നു. യൂത്ത് കോൺഗ്രസാണ്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ യൂത്ത് കോൺഗ്രസുകാരെ ഗേറ്റിനു മുൻപിൽ പൊലീസ് തടഞ്ഞു.

പുറത്ത് ഈ ബഹളങ്ങളൊക്കെ നടക്കുമ്പോഴും അകത്ത് ചർച്ച ചൂടുപിടിക്കുകയായിരുന്നു. കമ്പനി പ്രതിനിധികളുമായി ആദ്യ ചർച്ച, തുടർന്ന് ട്രേഡ് യൂണിയനുകൾ, ഒടുവിൽ സമരസമിതി പ്രതിനിധികൾ. ഓരോരുത്തർ പുറത്തേക്കു വരുമ്പോഴും തീരുമാനമറിയാൻ പുറത്തുള്ളവർ കാതു കൂർപ്പിച്ചു. വലിഞ്ഞുമുറുകിയ മുഖത്തോടെ പുറത്തേക്കു പോയവരാരും പ്രതികരിച്ചില്ല. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ മന്ത്രിമാർ പുറത്തേക്കു വന്നു. ഭക്ഷണത്തിനുശേഷം ചർച്ച തുടരുമെന്ന് അറിയിച്ചതോടെ ചെറിയൊരു ഇടവേള. കൂലിവർധന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന ധാരണ ആദ്യമേ രൂപപ്പെട്ടതോടെ, ബോണസ് മാത്രമാണു കീറാമുട്ടിയെന്നു വ്യക്തമായി.

സർക്കാർ തീരുമാനമെടുത്തു പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് സ്വരം മയപ്പെടുത്തിയതോടെ പ്രശ്‌ന പരിഹാരത്തിനു വഴി തെളിഞ്ഞു. പക്ഷേ, കമ്പനി നഷ്ടത്തിൽ പോകുമ്പോൾ തൊഴിലാളികൾക്കു ബോണസ് വർധിപ്പിച്ചു നൽകണമെങ്കിൽ നിയമപരവും സാങ്കേതികവുമായ ചില പ്രതിബന്ധങ്ങളുണ്ട്. അതുകൊണ്ട്, പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന നിർദ്ദേശമുയർന്നു. കോട്ടയത്തുള്ള മുഖ്യമന്ത്രിയെ മന്ത്രി ഷിബു ബന്ധപ്പെട്ടതോടെ നാലരയ്ക്ക് എത്താൻ തയ്യാറെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

മുഖ്യമന്ത്രി എത്തുംവരെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലായി പിന്നെ മന്ത്രിമാർ. അൽപമയഞ്ഞ കമ്പനി മാനേജ്‌മെന്റ് മുറുകാതെ നോക്കാനും സമരസമിതി പ്രതിനിധികൾ പിന്നാക്കം പോകാതിരിക്കാനുമായി ഫോൺ വഴിയും ഒറ്റയ്‌ക്കൊറ്റയ്ക്കുമുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു.

അഞ്ചേകാലിനു മുഖ്യമന്ത്രിയെത്തി ചർച്ച പുനരാരംഭിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന കാര്യത്തിൽ എല്ലാവർക്കും ഒറ്റസ്വരം. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 20% ബോണസ് എന്ന ധാരണയിലെത്തി, കരാറൊപ്പിട്ടു, പ്രഖ്യാപനവുമായി. പ്രതികരണത്തിനു നിൽക്കാതെ കമ്പനി അധികൃതർ പുറത്തിറങ്ങിയപ്പോൾ, മുഖ്യമന്ത്രിക്കു മുന്നിൽ കൂപ്പുകൈകളുമായി സമരസമിതി പ്രതിനിധികൾ നന്ദി അറിയിച്ചു. തീരുമാനത്തെത്തുടർന്നു സമരം പിൻവലിക്കുന്നതായി മൂന്നാറിലെ സമരവേദിയിൽ നിന്ന് അറിയിപ്പു ലഭിച്ചതോടെ സമരസമിതി പ്രതിനിധികൾക്കു സന്തോഷമടക്കാനായില്ല.

ലിസി (നല്ലതണ്ണി എസ്റ്റേറ്റ്), വനറാണി (ലക്ഷ്മി എസ്റ്റേറ്റ്), സുന്ദരവല്ലി (പള്ളിവാസൽ), സംഗീത (പള്ളിവാസൽ ഫാക്ടറി), അന്തോണിരാജ് (ചൊക്കനാട്ട്) എന്നിവരാണ് തൊഴിലാളികളെ പ്രതിനിധീകരിച്ച് കൊച്ചിയിലെ ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ ഉടനീളം കർക്കശ നിലപാടാണ് ഇവർ സ്വീകരിച്ചിരുന്നത്. ഇടയ്ക്കു ചില രാഷ്ട്രീയ നേതാക്കൾ അന്വേഷിച്ച് എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഇവർ വിസമ്മതിച്ചു. കൂട്ടത്തിൽ ലിസിക്കു മാത്രമാണു മലയാളം കുറച്ചെങ്കിലും അറിയാവുന്നതെന്നതിനാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ തങ്ങളുടെ ആവശ്യങ്ങൾ അക്കമിട്ടു നിരത്തിയതു ലിസിയാണ്. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ ഓരോ ഘട്ടത്തിലും ഇവർ മൂന്നാറിലെ സമരവേദിയിലുള്ളവരുമായി ഫോണിൽ പങ്കുവച്ചുകൊണ്ടിരുന്നു.

തങ്ങൾ സമരം ചെയ്യുന്നവരെ പ്രതിനിധീകരിച്ച് എത്തിയവരാണ്, തീരുമാനമെടുക്കേണ്ടതു തങ്ങളല്ല എന്ന നിലപാടാണ് ഇവർ ചർച്ചയിൽ പുലർത്തിയത്. കൂലി വർധന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചർച്ച ചെയ്യുമെന്ന ധാരണ അംഗീകരിച്ച ഇവർ പക്ഷേ, ബോണസ് പ്രശ്‌നത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവിൽ ബോണസ് വിഷയത്തിൽ ഇവരുടെ ആവശ്യം അംഗീകരിച്ച് ധാരണയിലെത്തേണ്ടിവന്നു.

മൂന്നാറിലെ സമരവേദിയിൽ ഒടുവിൽ ഈ സന്തോഷ വാർത്ത അറിയിച്ചത് എട്ടരയോടെ മന്ത്രി പി കെ ജയലക്ഷ്്മിയായിരുന്നു. ഈ സമസതുടർന്ന് വി എസ്സിന്റെ ചെറിയ പ്രസംഗം തൊഴിലാളികളുടെ ആവേശത്തിൽ മുങ്ങി. വി എസ്സിന് കണ്ണീരോടെ സ്ത്രീ തൊഴിലാളി ഗോമതി നന്ദിയർപ്പിച്ചു. സമരം തീർന്നപ്പോൾ എസ്.രാജേന്ദ്രൻ എംഎ‍ൽഎ.യുടെ നിരാഹാരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചിട്ടാണ് വി എസ്.മടങ്ങിയത്. പൂർണവിജയം അവകാശപ്പെടുന്നില്ലെങ്കിലും തൊഴിലാളികൾ സ്വന്തം നിലയ്ക്കു നേടിയ വിജയം ട്രേഡ് യൂണിയനുകൾക്ക് ഒരു പാഠമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP