മൂന്നാറിലെ പ്രളയത്തിൽ കുടുങ്ങി വിനോദ സഞ്ചാരികളും; കുടുങ്ങികിടക്കുന്നവർ ഗുജറാത്തിൽ നിന്നുള്ള 80ലധികം പേർ; ഭക്ഷണവും ജലവും കിട്ടാതെ സഹായം തേടുന്നു
August 15, 2018 | 10:28 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ഇടുക്കി: മൂന്നാറിലെ പ്രളയത്തിൽ കുടുങ്ങി വിനോദ സഞ്ചാരികളും. മൂന്നാർ സന്ദർശിച്ച ശേഷം മുറി ഒഴിഞ്ഞ് മറ്റൊരിടത്തേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ടു ബസുകളിലായി എത്തിയ 80ലധികം പേരാണ് ഭക്ഷണം പോലും കഴിക്കാതെ പ്രളയ ബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. പഴയ മൂന്നാറിലായി ഇവർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ നിന്നെത്തിയ സഞ്ചാരികൾ കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. മൂന്നാർ പോതമേട്ടിലുള്ള സ്വകാര്യ റിസോർട്ടിൽ താമസിച്ച ശേഷം തേക്കടിക്ക് പോകുകയായിരുന്നു സഞ്ചാരികളുടെ ലക്ഷ്യം.
താമസ സ്ഥലം ഒഴിഞ്ഞ് സഞ്ചാരികൾ പഴയ മൂന്നാറിൽ എത്തിയപ്പോഴേക്കും പഴയ മൂന്നാർ വെള്ളത്തിനടിയിലായിരുന്നു. പഴയമൂന്നാറിൽ നിന്നും പള്ളിവാസൽ ദേവികുളം റൂട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ നിന്നും എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമായി മൂന്നാർ വെള്ളത്തിൽ മുങ്ങിയതോടെ ടൗണിലെ കച്ചവട സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ തുടങ്ങി എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇതോടെ ഭക്ഷണം പോലും എത്തിക്കാൻ കഴിയാതെ കുടുങ്ങിയ നിലയിലാണ്. ജില്ലയിൽ റെഡ് അലേർട്ട് തീരുന്നതുവരെ വിനോദ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
