Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

മഹാമാരി തകർത്തെറിഞ്ഞത് മൂന്നാറിന്റെ വിനോദസഞ്ചാരത്തെ; മലയിടിച്ചിലും ഉരുൾപ്പൊട്ടലും നാശം വിതച്ച മൂന്നാറിലേക്ക് സഞ്ചാരികൾ എത്തുന്നില്ല; മഴ തല്ലിക്കെടുത്തിയത് ഓണം സീസനെ; കുറിഞ്ഞി ഉദ്യാനവും ഒറ്റപ്പെട്ട നിലയിൽ; 1500 ലധികം റിസോർട്ടുകളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ

മഹാമാരി തകർത്തെറിഞ്ഞത് മൂന്നാറിന്റെ വിനോദസഞ്ചാരത്തെ; മലയിടിച്ചിലും ഉരുൾപ്പൊട്ടലും നാശം വിതച്ച മൂന്നാറിലേക്ക് സഞ്ചാരികൾ എത്തുന്നില്ല; മഴ തല്ലിക്കെടുത്തിയത് ഓണം സീസനെ; കുറിഞ്ഞി ഉദ്യാനവും ഒറ്റപ്പെട്ട നിലയിൽ; 1500 ലധികം റിസോർട്ടുകളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: പ്രളയക്കെടുതി തകർത്തെറിഞ്ഞ മൂന്നാറിനെ സഞ്ചാരികളും കയ്യൊഴിഞ്ഞതോടെ തീർത്തും ഒറ്റപ്പെട്ട് മൂന്നാറിലെ വിനോദ സഞ്ചാര മേഖല. കനത്ത മഴമൂലം സഞ്ചാരികളില്ലാതായതോടെ മൂന്നാറിലെ വിനോദസഞ്ചാരമേഖല നിശ്ചലമായി. കനത്തമഴ നാശം വിതച്ച ഓഗസ്റ്റ് 15 മുതലാണ് മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി നേരിട്ടത്. വിദേശികളും ഇതര സംസ്ഥാനക്കാരുമായിട്ടുള്ള വിനോദ സഞ്ചാര പ്രേമികൾ എത്തുന്ന മധ്യവേനൽ അവധിക്കാലത്തെ തകർത്തെറിഞ്ഞാണ് അപ്രതീക്ഷിത പ്രളയം കടന്നു വന്നത്. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായതോടെ മൂന്നാർ പട്ടണവും അനുബന്ധ പ്രദേശവും തീർത്തും ഒറ്റപ്പെടുകയായിരുന്നു. നിപ വൈറസ് ബാധ പടർന്നതോടെ വേനലവധി കാലത്ത് വിദേശികളുടെ ഒഴുക്കിൽ ഗണ്യമായ കുറവായിരുന്നു അനുഭവപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഒണം സീസനെ തകർത്ത് പ്രളയം കടന്നു വന്നത്. മൂന്നാറിലെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് നീലകുറിഞ്ഞികളെയാണ്.

മൂന്നാർ കുറിഞ്ഞ് ഉദ്യാനത്തിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണത്തിലും പിന്നീട് ഗണ്യമായ കുറവ് അനുഭവപ്പെട്ടു. കനത്തമഴയിൽ മൂന്നാർ ടൗണും അനുബന്ധ പ്രദേശത്തെ വിനോദ സഞ്ചാര പാർക്കുകളുമെല്ലാം വെള്ളം കയറിയ നിലയിലാണ്. ആന്ധ്രായിൽ നിന്നെത്തിയ 40ലധികം വിനോദ സഞ്ചാരികൾ മണ്ണിടിച്ചിലെ തുടർന്ന് കുടുങ്ങിയതോടെ ഏറെ പണിപ്പെട്ടാണ് ഇവരെ രക്ഷിച്ചെടുത്തത്.

മൂന്നാർ, ചിന്നക്കനാൽ, സൂര്യനെല്ലി, ദേവികുളം, പള്ളിവാസൽ, ചിത്തിരപുരം, രണ്ടാംമൈൽ, ആനച്ചാൽ, കല്ലാർ, മൂന്നാർ കോളനി, ലക്ഷ്മി തുടങ്ങിയ മേഖലകളിലായി 1500-ലധികം റിസോർട്ടുകളും ഹോംസ്റ്റേകളുമാണ് പ്രവർത്തിക്കുന്നത്. പെരുമഴ തുടങ്ങിയതുമുതൽ കഴിഞ്ഞ രണ്ടാഴ്ചയായി ഒരുമുറിയിൽപോലും സഞ്ചാരികളില്ലാത്ത സ്ഥിതിയാണിപ്പോൾ. മിക്ക സ്ഥലങ്ങളിൽനിന്നും ജീവനക്കാരെ അവധി നൽകി പറഞ്ഞയച്ചു.

കനത്ത മഴയിൽ പെരിയവരപാലം തകർന്നതിനാൽ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് മൂന്നാറിൽ വരുന്നതിന് തടസ്സമായി.നഗരത്തിലെ ചെറുകിട കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്. പട്ടണം വെള്ളത്തിനടിയിലായതോടെ കടകൾ പൂർണമായും മുങ്ങിയിരുന്നു. മൂന്നാർ മറയൂർ റോഡിൽ ഗതാഗത തടസ്സവും നേരിട്ടതോടെ അവിടേക്കുള്ള വിനോദ സഞ്ചാരികളുടെ കടന്നുവരവും കുറഞ്ഞിരുന്നു.

എറണാകുളത്തുനിന്ന് മൂന്നാറിലേക്കുള്ള പ്രധാന പാതയിൽ ഹെഡ്വർക്‌സ് ഡാമിനു സമീപം മലയിടിഞ്ഞ് റോഡു തകർന്നതും സഞ്ചാരികളെത്തുന്നതിന് തടസ്സമായി. സഞ്ചാരികളില്ലാത്തതിനെത്തുടർന്ന് വൻതുകകൾ മുടക്കി, റിസോർട്ടുകൾ വാടകയ്ക്ക് എടുത്തവരും സഞ്ചാരികളെ അശ്രയിച്ച് കച്ചവടം നടത്തുന്ന വ്യാപാരികളും ടാക്‌സിഡ്രൈവർമാരും ടൂറിസ്റ്റ് ഗൈഡുകളുമുൾപ്പെടെ ദുരിതത്തിലായിരിക്കുകയാണ്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, രാജമല, കുണ്ടള, റോസ്ഗാർഡൻ, ടോപ് സ്റ്റേഷൻ, ഹൈഡൽ പാർക്ക്, ടീ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ അടഞ്ഞുകിടക്കുകയാണ്. മാട്ടുപ്പെട്ടി ഡാമിൽ ഓഗസ്റ്റിൽ ഒരുദിവസം മാത്രമാണ് ബോട്ടിങ് നടന്നത്. 11 മുതൽ രാജമല അടച്ചു. വ്യാഴാഴ്ച മുതൽ സ്വകാര്യ ബസുകൾ മൂന്നാറിലേക്ക് സർവീസ് തുടങ്ങിയെങ്കിലും കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങിയില്ല. വരുംദിവസങ്ങളിൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ വിനോദസഞ്ചാര മേഖല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP