Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന്റെ കാരുണ്യം തേടി മുരുകന്റെ കുടുംബം; കരുണ വറ്റിയ ആശുപത്രികളുടെ അവഗണനയിൽ പറക്കമുറ്റാത്ത കുരുന്നുകൾക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന പിതാവിനെ; വാഹനാപകട കേസ് നടത്താനും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു സങ്കടങ്ങൾ ബോധ്യപ്പെടുത്താനും സഹായിക്കാമെന്ന് ഉറപ്പു നൽകി കെ എൻ ബാലഗോപാൽ

കേരളത്തിന്റെ കാരുണ്യം തേടി മുരുകന്റെ കുടുംബം; കരുണ വറ്റിയ ആശുപത്രികളുടെ അവഗണനയിൽ പറക്കമുറ്റാത്ത കുരുന്നുകൾക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന പിതാവിനെ; വാഹനാപകട കേസ് നടത്താനും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു സങ്കടങ്ങൾ ബോധ്യപ്പെടുത്താനും സഹായിക്കാമെന്ന് ഉറപ്പു നൽകി കെ എൻ ബാലഗോപാൽ

കൊല്ലം: കരുണ വറ്റിയ ആശുപത്രികളുടെ ബലിയാടാണ് മുരുകൻ എന്ന തമിഴ് യുവാവ്. വാഹാനാപകടത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ട മുരുകന്റെ കുടുംബം വീണ്ടും കേരളത്തിന്റെ സഹായം തേടിയെത്തുകയാണ്. ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണത്തിന് കേരളത്തിലെ സുമനസുകളുടെ സഹായം ആവശ്യമുണ്ട്. സഹായത്തിലെ പ്രതീക്ഷയോടെയാണ് മുരുകമ്മ പറക്കമുറ്റാത്ത രണ്ട് മക്കളെയും കൂട്ടി കേരളത്തിൽ എത്തിയത്.

ഒരാഴ്ചയായി അവർ നെട്ടോട്ടത്തിൽ തന്നെയായിരുന്നു. അരമണിക്കൂറിലേറെ ഫോണിൽ തന്നോടും മക്കളോടും മാറിമാറി തമാശകൾ പറഞ്ഞ ആൾ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാണ് എന്ന വിവരമാണ് രണ്ടു മണിക്കൂറിനുശേഷം കൊല്ലത്തുനിന്ന് അറിയുന്നത്. കൈയിലുള്ളതും കടംവാങ്ങിയതുമായ പണംകൊണ്ട് മക്കളെയും ബന്ധുക്കളെയും കൂട്ടി കൊല്ലത്ത് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. രണ്ടു ദിവസത്തിനുശേഷം വീട്ടിലെത്താമെന്ന് പറഞ്ഞയാളുടെ ചേതനയറ്റ ശരീരമാണ് മക്കളെ ചേർത്തുപിടിച്ചുകൊണ്ട് അവർ കണ്ടത്.

രണ്ടിലും മൂന്നിലും പഠിക്കുന്ന, പറക്കമുറ്റാത്ത രണ്ടു കുട്ടികളെയുംകൊണ്ട് ഇനി എന്തുചെയ്യും എന്നചോദ്യം മുന്നിലുയർന്നു. ഭർത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാനും യാത്രാച്ചെലവിനും മറ്റും സഹായിച്ചവർ ഇനിയും തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് മുരുകമ്മയും ബന്ധുക്കളും ഞായറാഴ്ച വീണ്ടും കൊല്ലത്തെത്തിയത്. മരണവുമായി മല്ലടിക്കുന്ന കാഴ്ച കണ്ടിട്ടും മനസ്സലിയാത്തവരാണ് മുരുകനെ ചികിത്സിക്കാത്ത ആശുപത്രി അധികൃതരെങ്കിലും കരുണ വറ്റിപ്പോകാത്തവർ കൊല്ലത്തുണ്ടെന്ന് അവർക്ക് തോന്നിയിരിക്കാം.

കഴിഞ്ഞ ഞായറാഴ്ചരാത്രി ചാത്തന്നൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സ കിട്ടാതെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. സർക്കാരിൽനിന്ന് എന്തെങ്കിലും സഹായങ്ങൾ ലഭിക്കാൻ വേണ്ടുന്നത് ചെയ്യണമെന്ന അപേക്ഷയുമായാണ് മുരുകമ്മയും മക്കളായ രാഹുലും ഗോകുലും മറ്റു ബന്ധുക്കളും ഞായറാഴ്ച സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. മുരുകന്റെ ബന്ധുവും വാർഡ് കൗൺസിലറുമായ മാരിമുത്തുവിന്റെ നേതൃത്വത്തിലാണ് ഇവർ എത്തിയത്. മുരുകമ്മയുടെ സഹോദരി തങ്കം, സഹോദരങ്ങളായ കണ്ണൻ, അർജുനൻ എന്നിവരും കൂടെയുണ്ടായിരുന്നു.

സി.പി.എം. ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ ഈ കുടുംബത്തെ സ്വീകരിക്കുകയും എല്ലാ സഹായങ്ങളും ചെയ്യാൻ ശ്രമിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. 16ന് ഈ കുടുംബത്തിന് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനാപകടക്കേസ് കൈകാര്യം ചെയ്യുന്നതിനും പാർട്ടി സഹായിക്കും.

തിരുനൽവേലി ജില്ലയിലെ രാധാപുരം താലൂക്കിൽ കുറൈകുടിയിപ്പ് സ്വദേശിയാണ് മുരുകൻ. നാട്ടിലും വാടകവീട്ടിലാണ് മുരുകന്റെ കുടംബം താമസിക്കുന്നത്. പഴകിദ്രവിച്ച ഒരു കുടിലാണിത്. മുരുകൻ എത്തിച്ചു കൊടുക്കുന്ന തുക മാത്രമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. ജൂലായ് 12നാണ് മുരുകൻ ഒടുവിലായി നാട്ടിൽ പോയത്. ഇരുപതു വർഷത്തോളമായി മുരുകൻ പല ജോലികളുമായി കേരളത്തിലാണ്. മുരുകന്റെ നാട്ടുകാരനായ മണികണ്ഠൻ കൊല്ലത്ത് ജോലിചെയ്തു താമസിക്കുന്നുണ്ട്. സിപി.എം. പ്രവർത്തകനാണിദ്ദേഹം. മണികണ്ഠൻ മുഖേനയാണ് മുരുകന്റെ കുടുംബം സി.പി.എം. ഓഫിസിലെത്തിയത്.

മുരുകൻ അപകടത്തിൽ ഗുരുതര പരുക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെപോയതു സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തൊട്ടടുത്ത ദിവസം പോസ്റ്റ്‌മോർട്ടം ചെയ്യാൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാതിരുന്നതും വിവാദമായിരുന്നു. ഈ സംഭവങ്ങളെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മുരുകന്റെ കുടുംബത്തോടു സംസ്ഥാനത്തിനു വേണ്ടി മാപ്പു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP