Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്; തീരുമാനം കോർപ്പറേഷനിൽ അർഹമായ പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച്; മുന്നണിയിലെ രണ്ടാം കക്ഷി പിണങ്ങി നിൽക്കുന്നത് വിമത കോൺഗ്രസ് നേതാവ് തിരികെ എത്തുന്നതോടെ

കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്; തീരുമാനം കോർപ്പറേഷനിൽ അർഹമായ പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച്; മുന്നണിയിലെ രണ്ടാം കക്ഷി പിണങ്ങി നിൽക്കുന്നത് വിമത കോൺഗ്രസ് നേതാവ് തിരികെ എത്തുന്നതോടെ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗിന് അർഹതപ്പെട്ട സ്ഥാനം ഇനിയും നൽകാൻ കോൺഗ്രസ്സ് അറച്ചു നിൽക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് യു.ഡി.എഫ് പരിപാടികളിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചു. കോൺഗ്രസ്സിനൊപ്പം ഇനി മുതൽ വേദി പങ്കിടേണ്ടതില്ലെന്നും ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചതായി അറിയുന്നു. കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫിന് നഷ്ടപ്പെടാൻ കാരണം കോൺഗ്രസ്സിലെ പടലപിണക്കമാണെന്നും എൽ.ഡി.എഫിന് ഭരിക്കാനുള്ള സാഹചര്യമൊരുക്കിയതും കോൺഗ്രസ്സ് നേതൃത്വത്തിന്റെ പോരായ്മ കൊണ്ടാണെന്നും യോഗത്തിൽ വിമർശനമുയർന്നിരുന്നു. കോർപ്പറേഷൻ മേയർ സ്ഥാനമോ ഡപ്യൂട്ടി മേയർ സ്ഥാനമോ മുസ്ലിം ലീഗിന് നൽകുന്ന കാര്യത്തിൽ ഇനിയും കോൺഗ്രസ്സ് മനസ്സ് തുറന്നിട്ടില്ല.

കോൺഗ്രസ്സ് വിമതനായി മത്സരിച്ച് എൽ.ഡി.എഫിനെ അധികാരത്തിൽ എത്തിച്ച പി.കെ. രാഗേഷിന്റെ ഒറ്റവോട്ടിന്റെ ബലത്തിലാണ് ഇപ്പോൾ ഭരണം നടക്കുന്നത്. രാഗേഷ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരന് അനുകൂല നിലപാടെടുക്കുകയും കോൺഗ്രസ്സിലേക്ക് തിരികെ വരാൻ തത്വത്തിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതോടെയാണ് കോർപ്പറേഷനിലെ മേയറോ ഡപ്യൂട്ടി മേയറോ തങ്ങൾക്ക് നൽകണമെന്ന അവകാശ വാദം മുസ്ലിം ലീഗ് ഉയർത്തിയത്. ഈ പ്രശ്നത്തിൽ കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ കെ. സുധാകരൻ എം. പി.യായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാർക്ക് നന്ദി പറയാനുള്ള പരിപാടിയും നടത്തിയിട്ടില്ല. മുസ്ലിം ലീഗിന്റെ ബഹിഷ്‌ക്കരണമാണ് അതിന് കാരണമായത്. പ്രാദേശിക ഘടകം മാത്രമായിരുന്നു നേരത്തെ ഇത്തരത്തിൽ തീരുമാനമെടുത്തതെങ്കിലും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തന്നെ പ്രവർത്തകരുടേയും പ്രാദേശിക നേതൃത്വത്തിന്റേയും വികാരത്തിനൊപ്പം നിലകൊള്ളുകയായിരുന്നു.

എൽ.ഡി.എഫ് സർക്കാറിന്റെ ജനവിരുദ്ധ നയത്തിനെതിരെ യു.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റി കോർപ്പറേഷന് മുന്നിൽ നടത്തിയ ഇന്നത്തെ ധർണയിലും മുസ്ലിം ലീഗ് പങ്കെടുത്തിരുന്നില്ല. കണ്ണൂർ കോർപ്പറേഷൻ കൈവിട്ടത് തന്നെ കോൺഗ്രസ്സിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ഇനിയും കോൺഗ്രസ്സ് ഇതേ നയം സ്വീകരിക്കുകയാണെങ്കിൽ കടുത്ത നിലപാട് മുസ്ലിം ലീഗ് സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഒരു വർഷക്കാലം മാത്രം ഭരണം അവശേഷിച്ചിരിക്കേ ഇനിയും എൽ.ഡി.എഫിന് കോർപ്പറേഷൻ ഭരണം അടിയറ വെക്കേണ്ടതില്ലെന്നും നിലപാടിലാണ് യു.ഡി.എഫ് പ്രവർത്തകർ.

മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഡി. മുസ്തഫ പറയുന്നത്. മേയർ സ്ഥാനവും ഡപ്യൂട്ടി മേയർ സ്ഥാനവും കോൺഗ്രസ്സിന് വേണമെന്ന നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണം. പി.കെ. രാഗേഷ് കോൺഗ്രസ്സിലേക്ക് വന്നാൽ ഡപ്യൂട്ടി മേയർ സ്ഥാനം അദ്ദേഹത്തിന് നിലനിർത്തണം. അങ്ങിനെ വന്നാൽ മേയർ സ്ഥാനം ലീഗിന് നൽകണം. ഇത് രണ്ടും നടക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം സീറ്റുകളുള്ള കോർപ്പറേഷനിൽ വിമതനായ പി.കെ. രാഗേഷിന്റെ ഒറ്റ വോട്ടാണ് എൽ.ഡി.എഫിന് ഭരണം നേടിക്കൊടുത്തത്. രാഗേഷിനേയും മുസ്ലിം ലീഗിനേയും പിണക്കാതെ എങ്ങിനെ കോർപ്പറേഷൻ പിടിക്കാം എന്നത് കോൺഗ്രസ്സിനെ സംബന്ധിച്ച് വിനയായി മാറിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP