Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം യുവതി മതം മാറി സുവിശേഷകയായി; സുവിശേഷകയോട് പ്രണയം മൂത്ത് കത്തോലിക്കാ വൈദികൻ സഭാവസ്ത്രം ഉപേക്ഷിച്ചു; പ്രണയസാഫല്യത്തിന്റെ കനൽവഴികൾ പറഞ്ഞ് ദമ്പതികൾ

മുസ്ലിം യുവതി മതം മാറി സുവിശേഷകയായി; സുവിശേഷകയോട് പ്രണയം മൂത്ത് കത്തോലിക്കാ വൈദികൻ സഭാവസ്ത്രം ഉപേക്ഷിച്ചു; പ്രണയസാഫല്യത്തിന്റെ കനൽവഴികൾ പറഞ്ഞ് ദമ്പതികൾ

മതങ്ങളുടെയും വിശ്വാസങ്ങളുടെയും വേലിക്കെട്ടുകൾ തകർത്താണ് സുറുമിയും ജയിനും ഒന്നാകാൻ തീരുമാനിച്ചത്. എന്നാൽ, സമൂഹം അവർക്ക് സമ്മാനിച്ചത് പീഡാനുഭവങ്ങൾ മാത്രം. പ്രതിസന്ധികൾ ജീവിതത്തിൽ പുത്തരിയല്ലാത്ത ഇരുവരും ഒടുവിൽ പീഡാനുഭവങ്ങളുടെ കാലം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി.

മുസ്ലീമായിരുന്ന സുറുമി മതം മാറിയാണ് മേരി എന്ന സുവിശേഷകയായത്. സുവിശേഷ പ്രവർത്തനത്തിനിടെ സുറുമിയെ പരിചയപ്പെട്ട വൈദികൻ ജയിൻ വർഗീസിന് അവരോട് പ്രണയം തോന്നി. സഭാവസ്ത്രം ഉപേക്ഷിച്ച് ജയിനും സുറുമിയും വിവാഹിതരായി. ബാംഗ്ലൂരിൽ താമസമാക്കിയ ഇവർ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് വീണ്ടും പ്രശ്‌നങ്ങൾ തുടങ്ങിയത്.

തനിച്ച് വീട്ടിലെത്തിയ ജയിനെ വീട്ടുകാർ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ഭർത്താവിനെ വീണ്ടുകിട്ടാൻ ഒടുവിൽ സുറുമിക്ക് ആശുപത്രിക്ക് മുന്നിൽ ധർണയിരിക്കേണ്ടിവന്നു. സുറുമിയുടെ കഥ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ, പൊലീസ് ഇടപെട്ടു. മോചിതനായ ജയിൻ വീണ്ടും സുറുമിക്കൊപ്പം ചേർന്നു.

ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സുറുമിയെ ദാരിദ്ര്യവും ആരോഗ്യപ്രശ്‌നങ്ങളും കുട്ടിക്കാലം മുതലേ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവമുണ്ടാകുന്നതായിരുന്നു അസുഖം. അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്നതും രോഗത്തെത്തുടർന്നുതന്നെ. വിവിധ ആശുപത്രികളെ ആശ്രയിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂരുള്ള െ്രെകസ്തവ ധ്യാനകേന്ദ്രത്തിൽ സുറുമി എത്തുന്നത് ആയിടയ്ക്കാണ്. പ്രാർത്ഥനയിലൂടെ രോഗശാന്തി നേടിയ സുറുമി തിരിച്ച് പോയത് അവിടുത്തെ കന്യാസ്ത്രീ സമ്മാനിച്ച ബൈബിളുമായാണ്.

ദിവസവും രാവിലെ വായിക്കണം എന്ന ഉപദേശത്തോടെയാണ് ഒരു കന്യാസ്ത്രീ സുറുമിക്ക് ബൈബിൾ സമ്മാനിച്ചത്. എഴുത്തും വായനയുമറിയില്ലെന്ന കാര്യം പറഞ്ഞ് കരഞ്ഞപ്പോൾ, ബൈബിൾ കൈയിലെടുത്ത് പിടിച്ച് മനസ്സിലുള്ളതുമുഴുവൻ ദൈവത്തോട് പറയാനായിരുന്നു കന്യാസ്ത്രീ നൽകിയ ഉപദേശം. അന്നുമുതൽ വേറിട്ടൊരു പ്രാർത്ഥനാ ലോകത്തായി സുറുമിയുടെ ജീവിതം. സുവിശേഷത്തിന്റെ ലോകത്തേയ്ക്ക് എത്തിപ്പെടുന്നത് അങ്ങനെയാണ്.

മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സുറുമി ഫാദർ ജയിൻ വർഗീസിനെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ സന്യാസി സമൂഹത്തിന്റെ ഭാഗമായുള്ള ആലുവയിലെ സെമിനാരിയിൽ വൈദികനായിരുന്നു ജയിൻ വർഗീസ്. സുറുമിയുടെ കഷ്ടപ്പാടുകളാണ് അദ്ദേഹത്തെ അവളിലേക്ക് അടുപ്പിച്ചത്. തുടക്കത്തിൽ അതൊരു അനുകമ്പയായിരുന്നുവെങ്കിൽ, പിന്നീടെപ്പോഴോ പ്രണയമായി മാറി. സുറുമിയുമായി ഒരുമിക്കാൻ സഭാവസ്ത്രം ഉപേക്ഷിക്കാനും അദ്ദേഹം തയ്യാറായി.

സുവിശേഷ കാലത്തിനിടെ, മതം മാറി മേരിയായി മാറിയ സുറുമിയെ കഴിഞ്ഞ മെയ് മാസത്തിലാണ് ജയിൻ മിന്നുകെട്ടിയത്. വീട്ടുകാരുടേയും സഭയുടെയും എതിർപ്പ് ഭയന്നാണ് ഇരുവരും ബാംഗ്ലൂരിലേക്ക് പോയത്. വൈദികനെ കാണാനില്ലെന്ന് പറഞ്ഞ് സെമിനാരി അധികൃതർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും, താൻ വിവാഹിതനായി ബാംഗ്ലൂരിലുണ്ടെന്ന് ജയിൻ വീട്ടിൽ അറിയിച്ചതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളായി.

ബന്ധുക്കളും സെമിനാരിയിലെ ആളുകളുമായി ബാഗ്ലൂരിലെത്തുകയും ജയിൻ വർഗീസിനെയും സുറുമിയേയും നിർബന്ധിച്ച് വാഹനത്തിൽ കയറ്റി നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. പാലക്കാടെത്തിയപ്പോൾ അർധരാത്രി സുറുമിയെ ഇറക്കിവിടാൻ ചിലർ ശ്രമിച്ചെങ്കിലും ജയിന്റെ എതിർപ്പുമൂലം നടന്നില്ല. ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. താൻ ആശ്രമത്തിലേക്ക് മടങ്ങുന്നില്ലെന്നും സുറുമിക്കൊപ്പം ജീവിക്കാൻ പോവുകയുമാണെന്ന നിലപാട് ജയിനെടുത്തതോടെ പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലാതായി.

വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ്, തന്നെ കുടുക്കാൻ കൂടുതൽ കരുക്കൾ നീക്കിക്കഴിഞ്ഞതായി ജയിൻ അറിഞ്ഞത്. സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്തതരത്തിൽ ജയിന് മാനസിക രോഗമുണ്ടെന്ന് കാണിക്കുന്ന ഒരു കത്ത് രജിസ്ട്രാർക്ക് ലഭിച്ചിരുന്നു. ഈ തടസ്സവാദം നിലനിൽക്കെ, സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥിതിയായി. തന്റെ അച്ഛന്റെ പേരിൽ വന്നത് വ്യാജ കത്താണെന്ന് തോന്നിയ ജയിൻ അക്കാര്യം അച്ഛനെ വിളിച്ച് അന്വേഷിച്ചു. അങ്ങനെയൊരു കത്തിനെക്കുറിച്ച് അറിയില്ലെന്ന് അച്ഛൻ പറഞ്ഞതോടെ, ജയിൻ ചെമ്പിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.

വീട്ടിലെത്തിയ ജെയിൻ സഹോദരനും അച്ഛനും അമ്മയ്ക്കുമൊപ്പം സംസാരിച്ചിരിക്കെ, വീടുവളഞ്ഞ ചിലർ ജെയിനെ ബലമായി പിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുറുമിയെ വിവാഹം ചെയ്യാനും സഭാവസ്ത്രം ഉപേക്ഷിക്കാനുമുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്നാണ് ഇവർ ബലമായി പിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെത്തിയ ഉടൻ തനിക്കൊരു ഇൻജക്ഷൻ തന്നതായും അതോടെ ബോധം പോയതായും ജെയിൻ പറയുന്നു.

വീട്ടിലേക്ക് പോയ ജെയിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് സുറുമിക്ക് കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയത്. ജയിന് എന്തോ അപകടം സംഭവിച്ചു എന്നുതോന്നിയ സുറുമി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ആദ്യം അവർ സഹായിക്കാൻ കൂട്ടാക്കിയില്ല. പലതവണ കയറിയിറങ്ങിയശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടെ ജയിൻ പൈങ്കുളത്തുള്ള മാനസിക രോഗാശുപത്രിയിൽ ഉണ്ടെന്ന വിവരം പൊലീസിൽനിന്ന് സുറുമിക്കു കിട്ടി.

സുറുമി ആശുപത്രിയിലെത്തുമ്പോൾ, അങ്ങനെയൊരാൾ അവിടെ ചികിത്സയിൽ ഇല്ലെന്ന വിവരമാണ് അധികൃതർ നൽകിയത്. ജയിൻ അവിടെയുണ്ടെന്ന് ഉറപ്പിച്ച സുറുമി ഭർത്താവിനെ വീണ്ടുകിട്ടാനായി ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തുകയായിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് ഒടുവിൽ ഫലം കണ്ടു. എന്നാൽ, രോഗിയെ ബന്ധുക്കൾക്ക് മാത്രമേ കൈമാറൂ എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു. ബന്ധുക്കളാരും വരാതിരുന്നതിനെത്തുടർന്ന് പൊലീസ് ജെയിനെ വീട്ടിലെത്തിച്ചു.

ജെയിൻ വീട്ടിൽനിന്ന് ഓടിരക്ഷപ്പെടാതിരിക്കാൻ അവിടെ കാവലുണ്ടായിരുന്നു. ഒടുവിൽ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് രാത്രി വീട്ടിൽനിന്ന് രക്ഷപ്പെട്ട ജയിൻ സുറുമിയുടെ വീട്ടിലെത്തി. പ്രശ്‌നങ്ങളിൽനിന്ന് രക്ഷപ്പെട്ട ജെയിനും സുറുമിയും പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP