അല്ലലില്ലാതെ കഴിഞ്ഞിട്ടും എന്തിനീ കടുംകൈയെന്ന് ചോദിച്ച് വീട്ടുകാരും നാട്ടുകാരും; കൂത്തുപറമ്പിന് സമീപം തൃക്കണ്ണാപുരത്ത് അമ്മയും മകളും കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ ദുരൂഹത
November 21, 2018 | 10:27 PM IST | Permalink

രഞ്ജിത്ത് ബാബു
കണ്ണൂർ: കൂത്തുപറമ്പിനടുത്ത തൃക്കണ്ണാപുരത്ത് അമ്മയേയും മകളേയും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രിയിൽ ഇവരെ കാണാതായതിനാൽ നാട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. തൃക്കണ്ണാപുരത്തെ പുറക്കാട്ട് വീട്ടിൽ പരേതരായ ഗോപാലന്റേയും സീതയുടേയും മകൾ രമ്യ (33), രമ്യയുടെ മകൾ നിയ(4) എന്നിവരെയാണ് സ്വന്തം വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വട്ടിപ്രത്തെ വിനോദിനൊപ്പം താമസിച്ചു വരികയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അയൽക്കാരുമായി നല്ല അടുപ്പത്തിലായിരുന്നു യുവതിയായ രമ്യ. നാലുവയസ്സുകാരി നിയയും പ്രദേശത്തെ ജനങ്ങളുടെ ഓമനയായിരുന്നു.
ഇരുവരുടേയും വേർപാടിൽ ഗ്രാമവാസികൾ ഞെട്ടിതരിച്ചിരിക്കയാണ്. തൃക്കണ്ണാപുരം എൽ.പി. സ്ക്കൂളിലരെ യു.കെ.ജി വിദ്യാർത്ഥിനിയാണ് മരണമടഞ്ഞ നിയ. അല്ലലില്ലാതെ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന രമ്യ ഇത്തരമൊരു കടുംകൈ എന്തിനാണ് ചെയ്തതെന്ന് നാട്ടുകാർ പരസ്പരം ചോദിക്കുന്നു. അടുത്ത ദിവസങ്ങളിലായി രമ്യക്ക് എന്തോ മാനസിക പ്രശ്നമുണ്ടായതായി അയൽക്കാർ പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ പൊലീസ് നടപടിക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. രാത്രി 7.30 ഓടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചിരിക്കയാണ്.