'ചില മോഹമെന്നിൽ ബാക്കിയുണ്ട്, അതിലൊരു മോഹം ചൊല്ലിടട്ടേ'!; കീമോ ചെയ്ത വേദനയിലും തീരാ നൊമ്പരം ഉള്ളിലൊതുക്കി നന്ദു പാടി; പാട്ട് ഏറ്റെടുത്ത് സോഷ്യൽമീഡിയ
July 18, 2018 | 10:05 AM IST | Permalink

മറുനാടൻ ഡെസ്ക്
കൊച്ചി: ചില മോഹമെന്നിൽ ബാക്കിയുണ്ട്, അതിലൊരു മോഹം ഞാൻ ചൊല്ലീടട്ടേ!. കാൻസറെന്ന വേദന ഓരോ നിമിഷവും തന്നെ വേട്ടയാടുമ്പോഴും ആ വേദനകളെ ഉള്ളിലൊതുക്കി നന്ദു പാടി. കീമോ തെറാപ്പി കഴിഞ്ഞതിന്റെ വേദനയും ശ്വാസം മുട്ടലും തനിക്കുണ്ടെങ്കിലും അതിനെയൊന്നും വകവെയ്ക്കാതെയാണ് നന്ദു പാട്ട് തുടർന്നത്. കാൻസർ രോഗത്തിന്റെ വേദനകൾ ഉള്ളിലൊതുക്കി തിരുവനന്തപുരം സ്വദേശിയായ നന്ദു മാഹാദേവൻ പാടിയ പാട്ട് സോഷ്യൽ മീഡിയയൽ നിറയുകയാണ്. ബി.ബി.എ കഴിഞ്ഞപ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു ഈ 25കാരന്. എന്നാൽ ആ സ്വപ്നങ്ങളെയെല്ലാം ഞൊടിയിടയിൽ തല്ലിക്കെടുത്തിയത് അപ്രതീക്ഷിതമായി എത്തിയ അതിഥിയായി എത്തിയ ക്യാൻസറായിരുന്നു. സ്വന്തമായി ബിസിനസ് നടത്തണമെന്ന മോഹം ഇതോടെ അവസാനിക്കുകയും ചെയ്തു.
അച്ഛനും അമ്മയ്ക്കും താങ്ങാവണമെന്ന ആഗ്രഹത്തോടെയാണ് നന്ദു ബിബിഎ പഠിച്ചിറങ്ങിയത്. എന്നാൽ രോഗം കടുത്തതോടെ ആ സ്വപ്നം പിന്നീട് നന്ദുവിന് നടന്നില്ല. ചികിത്സയുടെ ഭാഗമായി തന്റെ ഒരു കാലും നഷ്ടമായി. ആഴ്ചയിൽ ചെയ്യേണ്ട കീമോയുടെ വേദനയിലും ഒന്നംു മാറ്റി വെയ്ക്കാതെ നന്ദു ജീവിതം ആസ്വദിക്കുകയാണ്. കീമോ വാർഡിൽ കിടക്കുന്ന ഘട്ടത്തിലാണ് മനസിൽ കുഞ്ഞു സ്വപ്നം ബാക്കിയായി അവശേഷിച്ചത്. ഒരു പാട്ട് പാടണം. സോഷ്യൽമീഡിയയിലെ സുഹൃത്തായ, മിലിട്ടറിയിലുള്ള പ്രജോഷിനെ നന്ദു ആഗ്രഹം അറിയിച്ചു. പ്രജോഷ് അവധിയെടുത്ത് നാട്ടിലെത്തി.
സുഹൃത്തും സംഗീതസംവിധായകനും ഗായകനുമായ മുരളി അപ്പാടത്തിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്ത് വിജിമോൾ കത്രീന കൃഷ്ണഭക്തി ഗാനമെഴുതി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കീമോ കഴിഞ്ഞതിന്റെ അടുത്ത ദിവസം തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ നന്ദു എത്തി പാട്ട് പാടി. സോഷ്യൽ മീഡിയയിലുമിട്ടു. ഇപ്പോൾ പാട്ട് മാത്രമല്ല, നന്ദുവിന്റെ മനസും സൂപ്പർഹിറ്റായി!
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു. ചികിത്സാ സൗകര്യത്തിനായി അച്ഛൻ ഹരി, അമ്മ ലേഖ, അനുജൻ അനന്തു, അനിയത്തി സായികൃഷ്ണ എന്നിവർക്കൊപ്പം ആറ്റിങ്ങലിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. നന്ദുവിന് ഇപ്പോൾ ഒരു മോഹമുണ്ട് ചികിത്സ തീരുമ്പോൾ സംഗീതം പഠിക്കണം.
