Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോ അക്കാദമി സമരപന്തൽ സന്ദർശിച്ച് എ കെ ആന്റണിയെ വീട്ടിലെത്തി കണ്ട് നാരായണൻ നായരുടെ അനുരജ്ഞന ശ്രമം; സമരത്തിന് പിന്നിൽ 'ഗൂഢാലോചന'യെന്ന സിദ്ധാന്തം പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമം; കാണാൻ കൂട്ടാക്കാതെ ഒഴിഞ്ഞുമാറി സുധീരൻ

ലോ അക്കാദമി സമരപന്തൽ സന്ദർശിച്ച് എ കെ ആന്റണിയെ വീട്ടിലെത്തി കണ്ട് നാരായണൻ നായരുടെ അനുരജ്ഞന ശ്രമം; സമരത്തിന് പിന്നിൽ 'ഗൂഢാലോചന'യെന്ന സിദ്ധാന്തം പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമം; കാണാൻ കൂട്ടാക്കാതെ ഒഴിഞ്ഞുമാറി സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം കൊടുമ്പിരി കൊള്ളുന്ന വേളയിൽ പ്രശ്‌നം ശമിപ്പിക്കാൻ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്‌ച്ചകൾ നടത്തി ലോ അക്കാദമി ഡയറക്ടർ എൻ നാരായണൻ നായർ. സമരം 27 ദിവസം പിന്നിടുമ്പോഴാണ് രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തേടി നാരായണൻ നായർ ശ്രമം ഊർജ്ജിതമാക്കിയത്. ഇന്നലെ സമരപന്തൽ സന്ദർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടാണ് അദ്ദേഹം സഹായം അഭ്യർത്ഥിച്ചത്. സ്ഥാപനത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയുണ്ടെന്ന് ആന്റണിയോട് നാരായണൻ നായർ പറഞ്ഞെങ്കിലും സമരം തീർക്കണമെന്ന കാര്യമാണ് ആന്റണി മുന്നോട്ടുവച്ചത്.

ഇന്നു രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ ഈശ്വരവിലാസം റോഡിലെ അഞ്ജനത്തിൽ എത്തി നാരായണൻ നായരെ കണ്ടത്. സമരം രണ്ടാഴ്‌ച്ച പിന്നിട്ടപ്പോൾ അദ്ദേഹം ആദ്യം സിപിഐഎം ആസ്ഥാനമായ എകെജി ഭവനിൽ ചർച്ചയ്ക്ക് എത്തിയിരുന്നു. എന്നാൽ ഇതിൽ തീരുമാനം ഒന്നുമായിരുന്നില്ല. നേരത്തെ സിപിഐയുടെ പിന്തുണതേടി നാരായണൻ നായരും മകൾ ലക്ഷ്മി നായരും സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ സ്മാരകത്തിൽ എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇരുവരും നടത്തിയ ചർച്ചയും പരാജയമായിരുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരനെ പ്രശ്‌നപരിഹാരത്തിനായി കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ച കാര്യം നാരായണൻ നായർ തന്നെ തുറന്നുപറഞ്ഞിരുന്നു.

അക്കാദമിയുടെ സമരത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമായതോടെ മറ്റു സ്വാശ്രയ കോളെജുകളിലെ ഉയർന്ന പ്രശ്‌നങ്ങൾ അവസാനിച്ചു. ലോ അക്കാദമിയുടെ ഭൂമി അളക്കാൻ എത്തിയ റവന്യു ഉദ്യോഗസ്ഥർ സിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കഴമ്പില്ല. നടരാജൻ പിള്ളയുടെ കുടുംബത്തെ ചിലർ ഇളക്കിവിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും രാജിവെക്കാൻ മകളായ ലക്ഷ്മിനായരോട് ആവശ്യപ്പെടില്ലെന്നും നാരായണൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പലിനെ അഞ്ചുവർഷം സ്ഥാപനത്തിൽനിന്ന് മാറ്റിനിർത്താമെന്ന് സമരക്കാരോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇനിയൊന്നും ചെയ്യാനില്ല. ഒരാളെ ഇതിൽ കൂടുതൽ നാണം കെടുത്താൻ കഴിയില്ല. രാജി ആവശ്യപ്പെട്ടാൽ അവർ പോയി ആത്മഹത്യ ചെയ്താൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

വിദ്യാർത്ഥികൾ സമരം ചെയ്ത് ഒരു പ്യൂണിനെ പോലും മാറ്റിയ ചരിത്രമില്ല. 27 വർഷം ജോലി ചെയ്ത ജീവനക്കാരിയെ അഞ്ചുവർഷത്തേക്ക് മാറ്റിനിർത്തിയാൽ പോരേ? ലോ അക്കാദമിയിൽ ഇപ്പോൾ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, രാഷ്ട്രീയ സമരമാണ്. കെ. മുരളീധരൻ നടത്തുന്ന സമരത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമരം തുടരുന്ന ലോ അക്കാദമിയിൽ റവന്യു സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യു സെക്രട്ടറി പി.എച്ച് കുര്യൻ ഇന്ന് സ്ഥലം സന്ദർശിക്കും.

ഈ സന്ദർശനത്തിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തിൽ റവന്യു വകുപ്പ് തീരുമാനം എടുക്കുക. ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന റിപ്പോർട്ടാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ സർവകലാശാലയുടെ ഏറെ നിർണായകമായ സിൻഡിക്കറ്റ് യോഗവും ഇന്നുച്ചയ്ക്കാണ് ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP