Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൂടിനെ പ്രതിരോധിക്കാനും വീടിനുള്ളിൽ 'പ്രകൃതിദത്ത എസി' ഒരുക്കാനും ഇതാ ഒരു മണ്ണാർക്കാടു മാതൃക; കാറ്ററിങ് തൊഴിലാളിയായ കുഞ്ഞുമോന്റെ വീട്ടിലെ എസി വിദ്യ പഠിക്കാൻ നാട് ഒഴുകിയെത്തുന്നു

ചൂടിനെ പ്രതിരോധിക്കാനും വീടിനുള്ളിൽ 'പ്രകൃതിദത്ത എസി' ഒരുക്കാനും ഇതാ ഒരു മണ്ണാർക്കാടു മാതൃക; കാറ്ററിങ് തൊഴിലാളിയായ കുഞ്ഞുമോന്റെ വീട്ടിലെ എസി വിദ്യ പഠിക്കാൻ നാട് ഒഴുകിയെത്തുന്നു

പാലക്കാട്: കടുത്ത ചൂടാണിപ്പോൾ. പ്രതിരോധിക്കാനായി എസി സംവിധാനം സജ്ജീകരിച്ചിരിക്കുകയാണു പല വീടുകളിലും. എന്നാൽ, എസി വച്ചു ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണം സാമ്പത്തികശേഷി ഇല്ലാത്തവർ എന്തു ചെയ്യും. മാത്രമല്ല, എസി ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ ഇല്ലാതാക്കും.

മണ്ണാർക്കാട് മണർകാട് നിരമറ്റം മട്ടാഞ്ചേരിയിൽ കുഞ്ഞുമോൻ ജയരാജിന് ഇതിനെല്ലാം ഉത്തരമുണ്ട്. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് ഒരു പൈസ പോലും ചെലവാക്കാതെ തന്റെ വീട് എസി ആക്കിയിരിക്കുകയാണ് കുഞ്ഞുമോൻ.

വീടിന്റെ ടെറസിൽ വാഴക്കച്ചിയും പോതപുല്ലും നിറച്ച് വെള്ളം തളിച്ചു നിർത്തിയാണ് കാറ്ററിങ് ജോലിക്കാരനായ കുഞ്ഞുമോൻ ആദ്യം പരീക്ഷണം നടത്തിയത്. എന്നാൽ പരീക്ഷണം വിജയമായി. വീടിന്റെ മുറികൾ ഈ കൊടും ചൂടിലും എയർക്കണ്ടീഷൻ മുറികളിലേതിനു തുല്യമാണെന്ന് ഇവിടെ എത്തുന്ന ഏവരും സമ്മതിക്കും.

കുഞ്ഞുമോന്റെ മാതൃക ഇപ്പോൾ അയൽക്കാരും പിന്തുടരുന്നുണ്ട്. അവർക്കു വേണ്ട സഹായങ്ങളും കുഞ്ഞുമോൻ ചെയ്യുന്നുണ്ട്. ഒരു പൈസയുടെ പോലും ചെലവില്ലാതെ തണുപ്പൊരുക്കി അത്ഭുതം കാട്ടിയ കുഞ്ഞുമോൻ ഇപ്പോൾ നാട്ടിൽ താരമാണ്.

നടക്കാൻ പോലുമാകാത്ത തന്റെ പ്രായമായ അച്ഛനേയും അമ്മയേയും ചൂടിൽ നിന്നും എങ്ങനെ രക്ഷിക്കാം എന്ന ചിന്തയിലാണ് കുഞ്ഞുമോന് ഇത്തരത്തിൽ ഒരു ആശയം ലഭിച്ചത്. പഴയ ഓല മേഞ്ഞ വീടുകളിൽ ചൂടില്ലായിരുന്നു എന്ന തിരിച്ചറിവു കൂടിയായതോടെ കുഞ്ഞുമോൻ തന്റെ പദ്ധതി പ്രവർത്തികമാക്കുകയായിരുന്നു.

പറമ്പിലെ വാഴത്തോട്ടത്തിൽ നിന്നും വെട്ടിയ വാഴക്കച്ചിയും സമീപത്തെ തരിശ് ഭൂമിയിൽ വളർന്നു നിൽക്കുന്ന പോതപ്പുല്ലുകളുമാണു കുഞ്ഞുമോൻ ഈ പദ്ധതിക്ക് ഉപയോഗിച്ചത്. വാഴക്കച്ചി ആദ്യം ടെറസിൽ നല്ല കനത്തിന് നിരത്തി. അതിനു മുകളിൽ സാമാന്യം കനത്തിൽ തന്നെ പോതപ്പുല്ലും നിരത്തി. അതിനുശേഷം അതിനുമുകളിൽ ചെറിയ നനവിനായി കൈവെള്ളം തളിച്ചും കൊടുത്തു. കൊടും വെയിലിൽ ടെറസ് ചുട്ടുപഴുത്തുണ്ടാകുന്ന വീടിനുള്ളിലെ ചൂട് അങ്ങനെ മാറിക്കിട്ടി.

തണൽ എത്രത്തോളം കൂടുന്നോ അത്രത്തോളം ചൂടിനെ പ്രതിരോധിക്കാനാകുമെന്ന് കുഞ്ഞുമോൻ പറയുന്നു. ടെറസിനു തണലൊരുക്കിയതോടെ മുറികൾ തണുത്തു. വാഴപ്പോളയാണ് ടെറസിനെ ചൂട് ഏൽക്കാതെ തടയുന്നത്. എന്നാൽ കനത്ത വെയിലിൽ രണ്ടു ദിവസം കഴിയുമ്പോൾ വാഴപ്പോളകൾ ഉണങ്ങാൻ സാധ്യതയുള്ളതിനാൽ അതിനുമുകളിൽ പുല്ല് നിരത്തുന്നു. പുല്ലിനു മുകളിൽ അതിരാവിലെ വെള്ളം തളിക്കുന്നതോടെ ചൂട് കനത്തുവരുമ്പോൾ പുല്ലും സംരക്ഷിക്കപ്പെടും.

ചൂട് ഇങ്ങനെ തുടർന്നാൽ അധികം താമസിയാതെ ജനങ്ങൾ പുല്ലുമേഞ്ഞ വീടുകളിലേക്കും ഓലപ്പുരകളിലേക്കും താമസം മാറ്റുമെന്ന് കുഞ്ഞുമോൻ പറയുന്നു. ഓരോ വർഷവും അത്തരത്തിലാണ് ചൂടിന്റെ വർദ്ധന. സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന കേരളത്തിലും ചൂടു താങ്ങാനാകാതെ വരുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നാണു കുഞ്ഞുമോൻ ആശങ്കപ്പെടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP