Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സമാന്തര റൺവേ എന്ന ആവശ്യം ശക്തമാകുന്നു; ഒഴിവാക്കാനാകുക പത്തു വർഷത്തിലൊരിക്കൽ നാല് മാസം റീ കാർപറ്റിങ് ജോലികൾക്കായി വിമാനത്താവളം അടച്ചിടേണ്ടി വരുന്ന സാഹചര്യം; ബുദ്ധിമുട്ട് ഒഴിവാകുക പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സമാന്തര റൺവേ എന്ന ആവശ്യം ശക്തമാകുന്നു; ഒഴിവാക്കാനാകുക പത്തു വർഷത്തിലൊരിക്കൽ നാല് മാസം റീ കാർപറ്റിങ് ജോലികൾക്കായി വിമാനത്താവളം അടച്ചിടേണ്ടി വരുന്ന സാഹചര്യം; ബുദ്ധിമുട്ട് ഒഴിവാകുക പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റൺവേ റീ കാർപറ്റിങ് ജോലികൾക്കായി നവംബർ 20 മുതൽ നാല് മാസത്തേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളം പകൽ സമയം അടച്ചിടും എന്ന അറിയിപ്പ് വന്നതോടെ സമാന്തര റൺവേ എന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം 240 സർവീസുകളാണു കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രാജ്യാന്തര സർവീസുകൾ വൈകിട്ട് 6 മുതൽ രാവിലെ 9 വരെയുള്ള സമയങ്ങളിലാണു കൂടുതലും സർവീസ് നടത്തുന്നത്. റൺവേ നിയന്ത്രണം രാജ്യാന്തര സർവീസുകളെ കാര്യമായി ബാധിക്കില്ലെങ്കിലും മുപ്പത്തഞ്ചിലധികം ആഭ്യന്തര സർവീസുകളെ ബാധിക്കുമെന്നാണു സൂചന. ഇവയുടെ സമയം മാറ്റേണ്ടതുണ്ട്. ഈ സാഹര്യത്തിലാണു പുതിയ സമാന്തര റൺവേയ്ക്കായി ആവശ്യം ശക്തമാകുന്നത്. 10 വർഷം കൂടുമ്പോൾ എല്ലാ വിമാനത്താവളങ്ങളും റൺവേ റീകാർപറ്റ് ചെയ്യണം എന്നാണ് ചട്ടം. ഈ കാലഘട്ടത്തിലും അടിയന്തിര സ്വഭാവമുള്ള മറ്റ് സമയങ്ങളിലും ഉപയോഗിക്കാനായി അധിക റൺവേ മറ്റ് വിമാനത്താവളങ്ങളിൽ ഉണ്ട് എന്നാണ് സമാന്തര റൺവേ എന്ന ആവശ്യം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്.

സമാന്ത റൺവേ ഇല്ലെങ്കിൽ എല്ലാ 10 വർഷത്തിലൊരിക്കലും ഈ പ്രതിസന്ധി നേരിടേണ്ടി വരും. ഇതിനു ശാശ്വത പരിഹാരമായി സമാന്തര റൺവേ നിർമ്മിക്കേണ്ടേ എന്ന ചോദ്യമാണുയയരുന്നത്. നിയന്ത്രണം ഉള്ള കാലയളവിൽ എല്ലാ വിമാനക്കമ്പനികളോടും പകൽ സമയത്തെ സർവീസുകൾ റീഷെഡ്യൂൾ ചെയ്യാൻ സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 മാർച്ച് 28 വരെയാണു നിയന്ത്രണം.കേരളത്തിലേക്കു വരാൻ മുൻകൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്തവരുൾപ്പെടെ വലിയ ബുദ്ധിമുട്ടാണു നേരിടേണ്ടി വരിക. അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ രാവിലെ 10 മുതൽ 6 വരെ വിമാന സർവീസുണ്ടാകില്ല.

കൊച്ചി വിമാനത്താവളത്തിലെ രണ്ടാമത്തെ റീ കാർപറ്റിംങ് ആണ് ഇനി നടക്കാൻ പോകുന്നത്. കൊച്ചി വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത് 1999ലാണ്. 2009ലായിരുന്നു ആദ്യ റീകാർപറ്റിങ് നടന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണു കൊച്ചിയിലുള്ളത്. 151 കോടി രൂപ ചെലവിലാണു രണ്ടാമത്തെ റീകാർപറ്റിങ് നടക്കുക. ജോലി പൂർത്തിയാക്കുന്നതോടൊപ്പം വിമാന സർവീസുകൾക്കു ടാർ ചെയ്ത ഭാഗങ്ങൾ ഒരുക്കുകയും വേണം. എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് (എജിഎൽ) സംവിധാനം ക്യാറ്റ് 3 നിലവാരത്തിലേക്ക് ഉയർത്തുന്ന ജോലികളും ഇതോടൊപ്പം നടക്കും. നിലവിൽ ക്യാറ്റ് 1 വിഭാഗത്തിലാണു കൊച്ചി വിമാനത്താവളം. സുരക്ഷ വർധിക്കുന്നതോടൊപ്പം മോശം കാലാവസ്ഥയിലും വിമാനങ്ങൾക്കു പ്രയാസമില്ലാതെ ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണു നേട്ടം. ഇപ്പോൾ റൺവേ മധ്യത്തിലുള്ള ലൈറ്റുകൾ 30 മീറ്റർ അകലത്തിലാണെങ്കിൽ ക്യാറ്റ് 3 ലൈറ്റിങ് സംവിധാനത്തിന്റെ ഭാഗമായി 15 മീറ്ററായി ഇതിന്റെ അകലം കുറയും. ടച്ച് ഡൗൺ സോൺ ലൈറ്റിങും അപ്രോച്ച് സൈഡ് ലൈറ്റിങും നൽകും.

വില്ലനാകുന്നത് കൃത്യമായ ധാരണയുടെ കുറവ്

സമാന്തര റൺവേയുടെ ആവശ്യകത സംബന്ധിച്ചു കൃത്യമായ ധാരണയില്ലാത്തതാണു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. പ്രധാന റൺവേ അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ ബദൽ സംവിധാനമായി സമാന്തര റൺവേ ഉപയോഗിക്കാൻ കഴിയും. വിമാനങ്ങൾ റൺവേയിൽ നിന്നു തെന്നി മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങളിൽ വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അധിക റൺവേ സഹായിക്കും.

10 വർഷം കൂടുമ്പോൾ റീ കാർപറ്റിങിന്റെ പേരിൽ 4 മാസത്തോളം വിമാനങ്ങൾ റദ്ദാക്കുകയും പുനക്രമീകരിക്കുകയും ചെയ്യേണ്ടി വരില്ല. വർധിച്ചു വരുന്ന വ്യോമഗതാഗതം കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ആദ്യ രണ്ടാം റൺവേ വേണ്ടതു കൊച്ചിയിലാണെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ റൺവേയുടെ ആവശ്യമില്ലെന്നു പറയുന്നവർ 20 വർഷത്തിനു ശേഷം അതു ചെയ്യാമെന്നു തീരുമാനിച്ചാൽ ഭൂമി വില തന്നെ നാലിരട്ടിയായി വർധിക്കും. ഇപ്പോൾ നിർമ്മിച്ചാൽ പിന്നീടുണ്ടാകുന്ന ഭീമമായ ചെലവു ഒഴിവാക്കാൻ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പിന്നീടെന്നു പറഞ്ഞു മാറ്റി വച്ച പല പദ്ധതികൾക്കും അധികമായി കോടികൾ ചെലവിടേണ്ടി വന്നതു നമ്മുക്കു മുന്നിലുണ്ട്. ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യം.

ഉദാഹരണമായി മുംബൈ

തിരക്കു കൂടിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണു മുംബൈ വിമാനത്താവളം. ഡിസംബറിലെ ഓൺ ടൈം പെർഫോമൻസ് 60.4 ശതമാനം മാത്രമാണ്. താഴെ ഇറങ്ങാൻ സ്ഥലമില്ലാത്തതിനാൽ വിമാനങ്ങൾ ആകാശത്തു വട്ടമിട്ടു പറക്കുന്നതാണു മുംബൈയിലെ പതിവു കാഴ്ച. അറ്റകുറ്റപ്പണിക്കായി മുംബൈയിൽ റൺവേ അടച്ച സമയത്തു വിമാന നിരക്കു കൂടി. യാത്രക്കാർ മുംബൈ ഉപേക്ഷിച്ചു പുണെ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടായി. മുംബൈ വിമാനത്താവളം ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിമാനങ്ങളുടെ എണ്ണത്തിൽ റെക്കോഡ് ഇട്ടതു കുറച്ചു കാലം മുൻപാണ്. 2 റൺവേകളുള്ള വിമാനത്താവളം കൈകാര്യം ചെയ്യുന്നത് 940 വിമാനങ്ങളാണ്. ക്രോസിങ് റൺവേകളായതിനാൽ ഒരേ സമയം രണ്ടു റൺവേ ഉപയോഗിക്കുന്നില്ല. പ്രധാന റൺവേയിൽ മണിക്കൂറിൽ 48 വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫുമാണു നടക്കുന്നതെങ്കിൽ രണ്ടാം റൺവേയിൽ മണിക്കൂറിൽ 35 വിമാനങ്ങളാണു കൈകാര്യം ചെയ്യുന്നത്.

മുംബൈ വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കാനായി നവി മുംബൈയിൽ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണത്തിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവിടെ സമാന്തര റൺവേ ആദ്യം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിൽ 24 മണിക്കൂറിൽ 1003 വിമാനങ്ങൾ കൈകാര്യം ചെയ്തു മുംബൈ വിമാനത്താവളം പുതിയ റെക്കോഡ് ഇട്ടിരുന്നു. സുരക്ഷ കണക്കിലെടുക്കുമ്പോൾ ഇത് അപകടകരമായ പ്രവണതയാണെന്നു പറയപ്പെടുന്നു. ഡൽഹിയിൽ ഇതിലും കൂടുതൽ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും 3 റൺവേയുണ്ട്. ദക്ഷിണേന്ത്യയിൽ ബെംഗളൂരുവിൽ മാത്രമാണു പുതിയ രണ്ടാം റൺവേയുടെ നിർമ്മാണം നടക്കുന്നത്.

വിമാനത്താവളങ്ങളും റൺവേകളും

 ഡൽഹി 4430 മീറ്റർ, 3810 മീറ്റർ , 2813 മീറ്റർ 3
 മുംബൈ 3660, 2990 2
 ചെന്നൈ3658, 29252
 കൊൽക്കത്ത2790, 36272
 ബെംഗളൂരു 4000, 4000 (നിർമ്മാണം അവസാന ഘട്ടത്തിൽ) 2
 കൊച്ചി 34001

തൽക്കാലം പദ്ധതിയില്ലെന്ന് സിയാൽ

എന്നാൽ അധിക റൺവേയ്ക്കായി നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നു സിയാൽ അധികൃതർ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള വളർച്ച അധിക റൺവേയ്ക്കുള്ള ആവശ്യം സാധൂകരിക്കുന്നില്ലെന്നാണു വാദം. അടുത്ത 25 വർഷത്തെ യാത്രക്കാരുടെ തിരക്കു പരിഗണിക്കുമ്പോൾ ഇപ്പോഴുള്ള റൺവേ മതിയാകുമെന്നാണ് അധികൃതർ പറയുന്നത്. അധിക റൺവേയ്ക്കായി സ്ഥലമേറ്റെടുക്കേണ്ടി വരുമെന്നും പറയപ്പെടുന്നു.

വിനോദ സഞ്ചാരികളുടെ ഇഷ്ട ഹബ്

കേരളത്തിലേക്കു വരുന്ന വിനോദ സഞ്ചാരികളുടെ പ്രവേശന കവാടം കൊച്ചിയാണ്. 2017ൽ 23,05,627 പേരാണു കൊച്ചി സന്ദർശിച്ചത്. ആഭ്യന്തര സഞ്ചാരികൾക്കും കൊച്ചി പ്രിയപ്പെട്ടതാണ്.10.93 ശതമാനമാണു വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന. ക്രൂസ്ഷിപ്പുകളിൽ പ്രതിവർഷം 60,000 മുതൽ 70,000 സഞ്ചാരികളാണു കൊച്ചിയിലെത്തുന്നത്. അതിലൊരു പങ്ക് കൊച്ചി വിമാനത്താവളം വഴിയാണു തിരികെ പോകുന്നത്. ചാർട്ടേഡ് വിമാനങ്ങളും എത്തുന്നുണ്ട്.

ഉഡാൻ പദ്ധതി വ്യാപിപ്പിക്കുന്നത് അനുസരിച്ചു വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകും. കൊച്ചി മെട്രോ വിമാനത്താവളവുമായി ബന്ധിപ്പിച്ചാൽ അതു വിനോദ സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും ഉപകാരപ്പെടും. അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണു സംസ്ഥാനം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൽ ഗണ്യമായ പങ്കു കൊച്ചിക്കാകും . പ്രളയം മൂലം കൊച്ചി വിമാനത്താവളം 15 ദിവസം അടച്ചിടേണ്ടി വന്നെങ്കിലും തുടർച്ചയായ 2 സാമ്പത്തിക വർഷങ്ങളിലും ഒരു കോടിയിലധികം യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നു പോയി. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി 65 ലക്ഷം യാത്രക്കാരാണു കടന്നുപോയത്.

അതിൽ 1.02 കോടി യാത്രക്കാരും കൊച്ചി വഴിയായിരുന്നു യാത്ര ചെയ്തത്. 61.8 ശതമാനം യാത്രക്കാരാണു കൊച്ചിയുടെ വിഹിതം. ഇപ്പോൾ കൊച്ചിയിൽ നിന്ന് 23 ഇന്ത്യൻ നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കുമാണു സർവീസുള്ളത്. ഗൾഫ് മേഖലയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ധാരാളം സർവീസുണ്ടെങ്കിലും യൂറോപ്പ്, ഓസ്‌ട്രേലിയ, യുഎസ് എന്നിവടങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസ് ഇപ്പോഴും സ്വപ്നമാണ്. ഇസ്രയേൽ വിമാനക്കമ്പനിയായ അർക്കിയ എയർലൈൻസിന്റെ കൊച്ചിടെൽ അവീവ് സർവീസ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നതാണ് ആകെയുള്ള അപവാദം. ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ന്യുസിലൻഡ് എന്നിവടങ്ങളിലേക്കും കൊച്ചിയിൽ നിന്നു നേരിട്ടു സർവീസുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ഏറ്റവും കൂടുതൽ സർവീസുകളുള്ള റൂട്ടുകൾ (പ്രതിവാര സർവീസുകളുടെ എണ്ണം )

ആഭ്യന്തരം

1.ഡൽഹി84
2.ചെന്നൈ83
3.ബെംഗളൂരു 80
4.മുംബൈ 52
5.ഹൈദരാബാദ് 43
6.തിരുവനന്തപുരം 29

രാജ്യാന്തരം

1.ദുബായ് 45
2.അബുദാബി 35
3.ക്വാലലംപുർ 32
4.ഷാർജ 29
5.ദോഹ 25
6.സിംഗപ്പൂർ 21

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP