Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന മനുഷ്യനെ കൊന്നാൽ പാപ്പാന് ആറ് മാസം തടവ്; അനുസരണ പഠിപ്പിക്കാൻ ലോഹം കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല; ആറ് മണിക്കൂർ ജോലി ചെയ്താൽ ആറ് മണിക്കൂർ വിശ്രമം നൽകിയെ പറ്റു; കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തി നാട്ടാന പരിപാലന ചട്ടം പരിഷ്‌കരിക്കുന്നു

ആന മനുഷ്യനെ കൊന്നാൽ പാപ്പാന് ആറ് മാസം തടവ്; അനുസരണ പഠിപ്പിക്കാൻ ലോഹം കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ  പാടില്ല; ആറ് മണിക്കൂർ ജോലി ചെയ്താൽ ആറ് മണിക്കൂർ വിശ്രമം നൽകിയെ പറ്റു; കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തി നാട്ടാന പരിപാലന ചട്ടം പരിഷ്‌കരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി നാട്ടാന പരിപാലന ചട്ടം പരിഷ്‌കരിക്കും. കർക്കശ വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ആനയെ ജോലിയെടുപ്പിക്കുന്ന അത്ര തന്നെ സമയം അതിന് വിശ്രമം അനുവദിക്കണമെന്നാണ് കരട് നിയമത്തിലെ ശുപാർശ. ജോലിയെടുപ്പിക്കുന്നതിൽ ആനയുടെ യാത്രാസമയവും ഉൾപ്പെടും. ആ സമയവും കൂടി ചേർത്ത് വേണം ആനയ്ക്ക് വിശ്രമ സമയം അനുവദിക്കാൻ. എഴുന്നള്ളിപ്പുൾപ്പെടെ ആനയെ ആറ് മണിക്കൂർ ജോലിയെടുപ്പിച്ചാൽ ആറ് മണിക്കൂർ വിശ്രമം നിർബന്ധമാക്കിയാണ് പുതിയ കരട് നിയമം. ഒരാനക്ക് 1.2 ഏക്കർ സ്ഥലമെങ്കിലും വിശ്രമിക്കാൻ അനുവദിക്കണം. നേരത്തെ വലുപ്പം അനുസരിച്ച് തൊഴുത്തിന്റെ വിസ്താരം വർദ്ധിപ്പിക്കാനുള്ള നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്.

അനുസരണ പഠിപ്പിക്കാനായി ലോഹം കൊണ്ടുള്ള തോട്ടികളുൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഇനി വിലക്കും. 2010 ലെ രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് കേരള വനം വകുപ്പ് 2015 ൽ ആനകളെ നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത്യാവശ്യമെങ്കിൽ മരം കൊണ്ടുള്ള തോട്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നായിരുന്നു വ്യവസ്ഥ. പക്ഷേ കേരളത്തിൽ ഇതൊന്നും ആരും പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് കർക്കശമായ ചട്ടങ്ങൾ ഉൾപ്പെടുത്തി പുതിയ നിയമം പാസാക്കുന്നത്.

മനുഷ്യരെ കൊല്ലുകയോ ആൾക്കാരുടെ വസ്തുവകകൾ നശിപ്പിക്കുകയൊ ചെയ്യുന്ന ആനകളെ ആറു മാസത്തേക്ക് വിലക്കും ഇത് പ്രകാരം ഈ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുവരാൻ സാധിക്കില്ല. നിലവിൽ ഇത് 15 ദിവസമാണ്. അനുസരണ പഠിപ്പിക്കാൻ തോട്ടി, വളഞ്ഞ ലോഹായുധങ്ങൾ മുതലായവ ഉപയോഗിക്കുന്ന പാപ്പാന്മാർക്ക് ആദ്യം 10,000 രൂപയും പിന്നീട് 20,000വും അതിനു ശേഷം വീണ്ടും ആനയെ പീഡിപ്പിച്ചാൽ ആറു മാസത്തെ തടവ് ശിക്ഷയും ലഭിക്കും.

പുതിയ പാപ്പാൻ ചുമതലയേറ്റാൽ ആനയെ ആറ് മാസത്തേക്ക് ഒരു പരിപാടിയിലും പങ്കെടുപ്പിക്കാൻ സാധിക്കില്ല. ആനയെ സംബന്ധിച്ച മുഴുവൻ രജിസ്റ്ററുകളും പാപ്പാൻ കൈവശം വെക്കണം. അത് ആർക്കും പരിശോധിക്കാം. ആനകളുടെ ജില്ലാ മാറ്റത്തിന് പ്രത്യേക അനുമതി പത്രവും നിർബന്ധമാക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ അനധികൃതമായി ആനകളെ ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക ഉദ്യോഗസ്ഥനുണ്ടാകും. ആനയെ മറ്റൊരാൾക്ക് കൈമാറിയാൽ ആനയെ പിടിച്ചെടുത്ത് സർക്കാറിന്റെ സ്വത്താക്കനും ആനയെ കൈമാറുന്നവർ പിന്നീട് കൈവശം വെക്കുന്നത് തടയാനും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ആക്രമണ സ്വഭാവമുള്ള ആനകളെ കുഴപ്പക്കാരായ ആനകൾ എന്ന പുതിയ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP