Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപൂർവ്വ സ്വരത്തിന്റെ ഉടമയെ തേടി പൊലീസ് വീണ്ടും; രാമചന്ദ്രനെ കണ്ടെത്താൻ എസിയും മൂന്ന് സിഐമാരും അടങ്ങിയ സംഘത്തിന് രൂപം നൽകി

അപൂർവ്വ സ്വരത്തിന്റെ ഉടമയെ തേടി പൊലീസ് വീണ്ടും; രാമചന്ദ്രനെ കണ്ടെത്താൻ എസിയും മൂന്ന് സിഐമാരും അടങ്ങിയ സംഘത്തിന് രൂപം നൽകി

തിരുവനന്തപുരം: ഡൽഹി ആകാശവാണി ന്യൂസ് റീഡറായിരുന്ന മാവേലിക്കര രാമചന്ദ്രന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരം കൺട്രോൾ റൂം അസിസ്റ്റന്റ് കമീഷണർ ബിജോയിയുടെ മേൽനോട്ടത്തിൽ പൂന്തുറ എസ്‌ഐ വൈ സുരേഷായിരിക്കും അന്വേഷണം നടത്തുക.

കൺട്രോൾ റൂം എസ്‌ഐ അജയകുമാർ, വലിയതുറ എസ്‌ഐ വിജയകുമാർ, പൂന്തുറ എസ്‌ഐ ബി രഘുനാഥൻനായർ, വലിയതുറ അഡീഷണൽ എസ്‌ഐ ഗോപകുമാർ, സീനീയർ സിവിൽ പൊലീസ് ഓഫീസർ ഫ്രാൻസോ, സിവിൽ പൊലീസ് ഓഫീസർ ഗോഡ്വിൻ മോറിസ് എന്നിവർ സംഘത്തിലുണ്ടാകും. മാവേലിക്കര രാമചന്ദ്രന്റെ തിരോധാനം സംബന്ധിച്ച് കേസ് വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ പേരിൽ അന്വേഷണം മതിയാക്കിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് പുതിയ ടീം രൂപീകരിച്ച് അന്വേഷണം തുടരാൻ ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയത്.

മൂന്ന് പതിറ്റാണ്ട് കാലം ഡൽഹി ആകാശവാണി ന്യൂസ് റീഡറായി പ്രവർത്തിച്ച മാദ്ധ്യമ പ്രവർത്തകനും കലാകാരനുമായ മാവേലിക്കര രാമചന്ദ്രനെ ഒരു സുപ്രഭാതത്തിലാണ് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും പൊലീസും അന്വേഷിച്ചിട്ടും അദ്ദേഹം എവിടെയാണെന്നോ എന്ത് സംഭവിച്ചെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസും അന്വേഷിച്ചു. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. ഇതോടെ ഈ കേസ് തെളിയിക്കാൻ പറ്റാത്തവയുടെ കൂട്ടിത്തിലേക്ക് മാറ്റി അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇത് വാർത്തയായതോടെയാണ് ആഭ്യന്തര മന്ത്രി വീണ്ടും ഇടപെട്ടത്.

കോൺഗ്രസ് നേതാവും അഭിഭാഷകനുമായി പി റഹിമിന്റെ നേതൃത്വത്തിലുള്ള സൗഹൃദക്കൂട്ടായ്മയാണ് രാമചന്ദ്രനെ കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനിടെയാണ് കേസ് അന്വേഷണം നിർത്തിയതായുള്ള അറിയിപ്പ് റഹിമിന് കിട്ടിയത്. ഇതോടെ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും പ്രശ്‌നം കൊണ്ടുവന്നു. ആകാശവാണിയിൽ നിന്ന് ഇപ്പോഴും പെൻഷൻ കൈപ്പറ്റുന്നുണ്ടോ എന്നതു പോലും പരിശോധിക്കാതെ അന്വേഷണം നിർത്തിയത് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.

2012 സെപ്റ്റംബർ മുതലാണ് മാവേലിക്കര രാമചന്ദ്രനെ കാണാതായത്. ഡൽഹി ആകാശവാണിയിൽ നിന്നു വിരമിച്ച ശേഷം മാവേലിക്കരയിലും പിന്നീട് തിരുവനന്തപുരത്തുമാണ് അദ്ദേഹം താമസിച്ചിരുന്നത്. മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിപുലമായ സുഹൃദ്ബന്ധമുള്ള ഇദ്ദേഹത്തിന്റെ തിരോധാനം ദുരൂഹമായി തുടരുകയാണ്. ബൃഹത്തായ സുഹൃദ് ബന്ധമുള്ള മാവേലിക്കര രാമചന്ദ്രൻ ആരോടും ഒന്നും പറയാതെയാണ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷനായത്.

പ്രമുഖ സാഹിത്യകാരൻ സക്കറിയ മുതൽ സെക്രട്ടേറിയറ്റിന് എതിർവശം സ്റ്റാച്യു ജംഗ്ഷനിൽ പുസ്തകക്കട നടത്തുന്ന രമേശ് വരെയുള്ളവുാമായി സൗഹൃദമുണ്ടായിരുന്നു രാമചന്ദ്രന്. ആകാശവാണി ഡൽഹി നിലയത്തിൽ അനൗൺസറായി റിട്ടയർചെയ്തു തിരുവനന്തപുരത്തു വന്നു താമസിച്ചിട്ട് 15 വർഷത്തോളമായിരുന്നു. അവിവാഹിതനായിരുന്നു അദ്ദേഹം. ഓർക്കാപ്പുറത്ത് വന്നുപെട്ട രോഗത്തെ തുടർന്ന് അവശനായിരുന്നു മാവേലിക്കര രാമചന്ദ്രൻ. കഴുത്തിന് അനുഭവപ്പെട്ട വേദന മാറ്റാൻ ഡോക്ടറെകണ്ടു. ഡോക്ടർ നൽകിയ മരുന്ന് കഴിച്ചത് ശരീരത്തിനെ ബാധിച്ചു. കഴുത്ത് ഉയർത്താൻ കഴിയാത്ത അവസ്ഥ വരുകയും ഗംഭീരമായ ശബ്ദത്തിന്റെ ശോഭ നഷ്ടമാകുകയും ചെയ്തിരുന്നു.

മാവേലിക്കര പച്ചടിക്കാവിൽ പി.ജി.കെ.പിള്ളയുടെയും ഗൗരിയമ്മയുടെയും മകനാാണ് രാമചന്ദ്രൻ. പൊതുജനങ്ങളെ ശബ്ദഭംഗിയിലൂടെ വാർത്ത അറിയിച്ച ഇദ്ദേഹത്തിന് തനതായ ശൈലി തന്നെ ഉണ്ടായിരുന്നു. മലയാള സിനിമയിലെ പല അതികായന്മാരോട് അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിത്വം കൂടിയായിരുന്നു രാമചന്ദ്രന്റേത്. അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയിൽ അഭിനയിച്ചതു മുതൽ ഒരിടത്ത് ഒരു ഫയൽമാൻ വരെ രാമചന്ദ്രന്റെ അഭിനയ പ്രതിഭയെ വരച്ചു കാട്ടുന്നു. സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചു.

കേരള സർക്കാർ കൾച്ചറൽ പബ്ലിക് അഡ്‌വൈസറി ബോർഡ് മെമ്പർ, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിലും സിനിമ, നാടകം, എന്നിവയുടെ ജൂറിയായും പ്രവർത്തിച്ചിരുന്നു. ശംഖുമുഖത്ത് താമസിക്കുന്ന വേളയിലാണ് അദ്ദേഹം അപ്രത്യക്ഷനായത്. സുഹൃത്തായ മധു നായരുടെ ശംഖുമുഖത്തെ ഫഌറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരുകാറിൽ ആരോ വന്നെന്നും അവർക്കൊപ്പം പോയെന്നും മറ്റും പറഞ്ഞു കേട്ടതല്ലാതാണ് തിരോധാനത്തെ കുറിച്ചുള്ള ഏക വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP