Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

14 മുതൽ പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജിലെ ക്യാമ്പിൽ കർമ്മനിരതരായി; നിരവധി പ്രദേശങ്ങളിൽ ഇടവേളകളില്ലാത്ത രക്ഷാപ്രവർത്തനം; പ്രസവത്തീയതിയെത്തിയ ഗർഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേടുപാടുകൂടാതെ ഭൂമിയിലെത്താൻ സഹായിച്ചു; കരസേന രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങി

14 മുതൽ പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജിലെ ക്യാമ്പിൽ കർമ്മനിരതരായി; നിരവധി പ്രദേശങ്ങളിൽ ഇടവേളകളില്ലാത്ത രക്ഷാപ്രവർത്തനം; പ്രസവത്തീയതിയെത്തിയ ഗർഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേടുപാടുകൂടാതെ ഭൂമിയിലെത്താൻ സഹായിച്ചു; കരസേന രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നിരവധി ജീവനുകളെ രക്ഷാപ്രവർത്തനത്തിനിടയിൽ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച കരസേന രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങി. പ്രസവത്തീയതിയെത്തിയ ഗർഭിണിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ഒരു കുഞ്ഞുജീവനെ കേടുപാടുകൂടാതെ ഭൂമിയിലെത്താൻ സഹായിച്ചതും ഇതേ സംഘം തന്നെയാണ്. കരസേനയുടെ 19 മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റൻ ഡൊമിനെ പ്രശീലിനു കീഴിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ 75 അംഗ സൈനിക സംഘം ഇക്കാരണത്താൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു.

തിരുവനന്തപുരത്തെ ആർമി ക്യാമ്പിൽ നിന്നും ഓഗസ്റ്റ് 11 നാണ് രക്ഷാപ്രവർത്തനത്തിന് സംഘം ജില്ലയിലെത്തിയത്. 14 മുതൽ പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജിലെ ക്യാമ്പിൽ കർമ്മനിരതരായി. ചാലാക്ക, മാളവന, എളന്തിക്കര , കല്ലേപ്പറമ്പ് , സ്റ്റേഷൻകടവ്, കുട്ടൻതുരുത്ത്, തുരുത്തിപ്പുറം, മാഞ്ഞാലി പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനമായിരുന്നു സംഘത്തിന്റെ ദൗത്യം. റോഡിൽ വെള്ളം ഒരു മീറ്ററിലധികം ഉയർന്നു നിന്നിരുന്ന ഓഗസ്റ്റ് 16ന് ഉച്ചക്ക് രണ്ടരയോടെയാണ് പുത്തൻവേലിക്കര ഐവീട്ടിൽ ശ്രീനിവാസൻ ഭാര്യക്ക് പ്രസവവേദന തുടങ്ങിയെന്നറിയിച്ച് സൈന്യത്തിന്റെ സഹായം തേടിയത്. ഭാര്യ അമൃതക്ക് ആദ്യത്തെ പ്രസവം സിസേറിയനായിരുന്നതു കൂടാതെ പ്രസവസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നതിനാൽ കുടുംബം കടുത്ത മാനസികസംഘർഷത്തിലായിരുന്നു.

മിലിട്ടറി ട്രക്കിന്റെ സൈലൻസർ വരെ വെള്ളം ഉയർന്നുനിന്നത് യാത്രക്ക് കടുത്ത വെല്ലുവിളിയുയർത്തി. പാലക്കാട് സ്വദേശി സുബേദാർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം അമൃതയെ ക്യാമ്പിൽ നിന്നു ലഭിച്ച ഇരുമ്പു കട്ടിലിൽ കിടത്തി മിലിട്ടറി ട്രക്കിൽ അവർ ചികിത്സ തേടിയിരുന്ന കൊടുങ്ങല്ലൂർ എം.ഐ.റ്റി. ആശുപത്രിയിലെത്തിച്ചു. പിറ്റേ ദിവസം രാവിലെ 11ന് അമൃത ഒരാൺകുഞ്ഞിന് ജന്മം നൽകി. പ്രളയത്തെ അതിജീവിച്ച് സുഖമായി കുഞ്ഞു പിറന്ന വാർത്ത വാട്‌സ് ആപ്പ് വീഡിയോ സന്ദേശത്തിലൂടെ ശ്രീനിവാസൻ അന്നു തന്നെ പങ്കുവെച്ചു.

പുത്തൻവേലിക്കര ക്യാമ്പിലെ സൈനികർക്കും സുബേദാർ നൗഷാദിനും നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയുടെ വിവരമൊന്നുമറിയാതെ സൈനിക സംഘം രക്ഷാപ്രവർത്തനത്തിൽ വിവിധ ദിക്കുകളിലായിരുന്നു. രക്ഷാദൗത്യം പൂർത്തിയായ ഓഗസ്റ്റ് 22നാണ് സുബേദാർ നൗഷാദ് വീഡിയോ സന്ദേശത്തെക്കുറിച്ചറിഞ്ഞത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിട്ടും പ്രളയജലം പരാജയപ്പെടുത്തിയ ഫോണിൽ സുഹൃത്തുക്കളയച്ച സന്ദേശം കാണാൻ സാധിച്ചതുമില്ല. മടങ്ങുന്നതിനു മുമ്പ് കുഞ്ഞിനെ കണ്ട് ഒരു കുഞ്ഞുടുപ്പ് സമ്മാനിക്കാൻ സുബേദാർ നൗഷാദും സംഘവും

ഒരിക്കൽക്കൂടി കൊടുങ്ങല്ലൂർ എം.ഐ.ടി. ആശുപത്രിയിലെത്തി. പ്രാദേശിക മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇത് വീണ്ടും വാർത്തയായി. രക്ഷകനും സംഘവും നേരിട്ടെത്തി കുഞ്ഞിനെ കണ്ടതും സമ്മാനം നൽകിയതും കുടുംബത്തിന്റെ കണ്ണുകളെ ഈറനാക്കി. രാപകൽ ഭേദമില്ലാതെ നടത്തിയ രക്ഷാദൗത്യത്തിനിടയിലെ അസുലഭനിമിഷമെന്നാണ് കുഞ്ഞിനെ കയ്യിലെടുത്ത സന്ദർഭത്തെ സുബേദാർ നൗഷാദ് വിശേഷിപ്പിച്ചത്. മദ്രാസ് റെജിമെന്റിനു പുറമേ 13 ബറ്റാലിയൻ ഗഡ് വാൾ റൈഫിളിലെ 75 സൈനികരും കരസേനയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. ഇരു വിഭാഗങ്ങളും ചേർന്ന് ആറായിരത്തിലധികം പേരെ സുരക്ഷിതരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP