Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിഭാഷക ക്ഷേമ സമിതിയിൽ നാല് കോടിയുടെ തട്ടിപ്പ്; ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് വിജിലൻസിന് കൈമാറി ഓഡിറ്റ് വിഭാഗം; അക്കൗണ്ടന്റ് കള്ളനോട്ട് കേസിൽ പ്രതിയായതോടെ അന്വേഷണം വ്യാപിപ്പിക്കാനും നീക്കം; 2007 മുതൽ ഓഡിറ്റിങും മുടങ്ങി

അഭിഭാഷക ക്ഷേമ സമിതിയിൽ നാല് കോടിയുടെ തട്ടിപ്പ്; ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് വിജിലൻസിന് കൈമാറി ഓഡിറ്റ് വിഭാഗം; അക്കൗണ്ടന്റ് കള്ളനോട്ട് കേസിൽ പ്രതിയായതോടെ അന്വേഷണം വ്യാപിപ്പിക്കാനും നീക്കം; 2007 മുതൽ ഓഡിറ്റിങും മുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള അഭിഭാഷക ക്ഷേമനിധിയിൽ നാലു കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച് സർക്കാരിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് വിജിലൻസ് വകുപ്പിന് കൈമാറി.സർക്കാർ രൂപവത്കരിച്ച ക്ഷേമനിധി 1980 മുതൽ പ്രവർത്തിക്കുന്നു. ഇതിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്ന തിരുവാങ്കുളം സ്വദേശി എം.കെ. ചന്ദ്രനെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടയിൽ തമിഴ്‌നാട്ടിലെ 2,000 രൂപയുടെ കള്ളനോട്ട് കേസിൽ പ്രതി കൂടിയായ ചന്ദ്രൻ ഇപ്പോൾ ജാമ്യത്തിലാണ്. പ്രഥമവിവര റിപ്പോർട്ട് പ്രകാരം എം.കെ. ചന്ദ്രൻ മാത്രമാണ് പ്രതിയെങ്കിലും അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചു.

2007 മുതൽ ക്ഷേമനിധിയുടെ ഓഡിറ്റിങ് മുടങ്ങിക്കിടക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറൽ മുൻകൈ എടുത്ത് ഓഡിറ്റിങ്ങിന് ചാർട്ടേഡ് അക്കൗണ്ടന്റിനെ നിയോഗിച്ചതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്.തുടക്കത്തിൽ 65 ലക്ഷത്തിന്റെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റിങ്ങിനോടൊപ്പം സംസ്ഥാന സർക്കാരിന്റെ ഓഡിറ്റിങ് വിഭാഗത്തിന്റെ സഹായവും വിജിലൻസ് തേടി. അത് പൂർത്തിയായപ്പോഴാണ് നാലു കോടിയുടെ ക്രമക്കേട് പുറത്തുവന്നത്.

അഭിഭാഷക ക്ഷേമനിധി സ്റ്റാമ്പ് വിൽപ്പനയിലും ഓരോ ജില്ലയിൽനിന്നുള്ള ബാർ അസോസിയേഷനുകൾ സ്റ്റാമ്പ് വാങ്ങുന്നതിന് മുടക്കിയ തുകയിലുമാണ് ക്രമക്കേടുകൾ നടന്നത്. ബാർ അസോസിയേഷനുകൾക്ക് കൃത്യമായി രശീത് നൽകിയെങ്കിലും നിസ്സാര തുക മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. കൂടുതൽ പേരെ ചോദ്യം ചെയ്യണമെന്നും രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്നും വിജിലൻസ് ഡയറക്ടറെ എറണാകുളത്തെ അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. അക്കൗണ്ടന്റ് കള്ളനോട്ടു കേസിൽ പ്രതിയായതിനാൽ അതിന്റെ അടിസ്ഥാനത്തിലും അന്വേഷണം വേണ്ടിവരും .

ക്ഷേമനിധിയുടെ കണക്കുപുസ്തകത്തിൽ വ്യാപകമായി വെട്ടലും തിരുത്തലും നടത്തിയിട്ടുണ്ട്. വ്യാജ രസീതുകളാണ് ഓഫീസിൽ വച്ചിട്ടുള്ളതെന്ന് കൈയക്ഷരം പരിശോധിച്ച വിജിലൻസ് അറിയിച്ചു. സ്റ്റാമ്പ് വിൽപ്പനയ്ക്ക് സ്റ്റോക്ക് രജിസ്റ്ററോ ബാങ്കിന് നൽകുന്ന രേഖകളോ ഇല്ല. വ്യാജ രേഖകളാണ് കൂടുതലും കാണുന്നതെന്ന് വിജിലൻസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം ആഴത്തിലാക്കാനാണ് വിജിലൻസ് നീക്കം.

ക്ഷേമനിധി ഓഫീസിലെ രേഖകളുടെ സൂക്ഷിപ്പുകാരൻ നിധിയുടെ അധിക ചുമതലയുള്ള ബാർ കൗൺസിൽ സെക്രട്ടറിയാണെങ്കിലും അദ്ദേഹം ഉത്തരവാദിത്വം അക്കൗണ്ടന്റിന്റെ തലയിൽ കെട്ടിവച്ച് തടിയൂരുകയാണുണ്ടായത്. ഇത് വിചിത്ര നിലപാടാണെന്ന് വിജിലൻസ് കരുതുന്നു.ക്ഷേമനിധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ധവളപത്രം വേണമെന്ന് നിയമ സെക്രട്ടറി ഉത്തരവിട്ടുവെങ്കിലും ട്രസ്റ്റി കമ്മിറ്റിയുടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ മറ്റംഗങ്ങൾ അതിനെ എതിർത്തുതോൽപ്പിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

പ്രതിവർഷം മൂന്നു കോടിയോളം രൂപ ക്ഷേമനിധിക്ക് സർക്കാർ നൽകുന്നുണ്ട്. കോടതികളിൽ ഫയൽ ചെയ്യുന്ന ഹർജികളിൽ ക്ഷേമനിധി സ്റ്റാമ്പ് പതിക്കണം. അതുവഴിയാണ് ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തുന്നത്.പുതിയ കൗൺസിൽ തിരഞ്ഞെടുപ്പിൽ സിപിഎം. നിയന്ത്രണത്തിലുള്ള ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനാണ് മേൽകൈ. രാഷ്ട്രീയക്കളി നിർത്തിയാലേ ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാകൂ എന്ന് മറ്റ് അഭിഭാഷക സംഘടനകൾ പറയുന്നു. സിബിഐ. അന്വേഷണത്തിന് ആവശ്യമുയർത്തി മറ്റ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP