Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം കൊണ്ടും പാഠം പഠിച്ചില്ല! എല്ലാ വാർഡുകളിലും മണ്ണിടിച്ചിലുണ്ടായ പഞ്ചായത്തിൽ ആറ് ക്വാറികൾക്ക് ലൈസൻസ്; മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറികൾ നിരോധിച്ചിട്ടും പേര് വ്യക്തമാക്കാതെ അധികാരികൾ; വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്വാറി പരിശോധനകൾ പേരിന് മാത്രമൊതുങ്ങുമ്പോൾ

പ്രളയം കൊണ്ടും പാഠം പഠിച്ചില്ല! എല്ലാ വാർഡുകളിലും മണ്ണിടിച്ചിലുണ്ടായ പഞ്ചായത്തിൽ ആറ് ക്വാറികൾക്ക് ലൈസൻസ്; മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറികൾ നിരോധിച്ചിട്ടും പേര് വ്യക്തമാക്കാതെ അധികാരികൾ; വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്വാറി പരിശോധനകൾ പേരിന് മാത്രമൊതുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വൈത്തിരി: ഇക്കഴിഞ്ഞ പ്രളയ കാലത്തു വെങ്ങപ്പള്ളി പഞ്ചായത്തിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരാവകാശ രേഖ. നിരവധി ക്വാറികളും ക്രഷറുകളും പ്രവർത്തിച്ചിരുന്ന പഞ്ചായത്തിൽ ഉരുൾ പൊട്ടലുകളോ മണ്ണിടിച്ചിലുകളോ ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തക ബിന്ദു മിൽട്ടന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മണ്ണിടിച്ചിൽ ഉണ്ടായതായി പഞ്ചായത്തു മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക റിപോർട്ടുകൾ തയ്യാറാക്കുകയോ കൂടുതൽ പഠനങ്ങൾ ശുപാർശ ചെയ്യുകയോ ഉണ്ടായിട്ടില്ല മണ്ണിടിച്ചിലുകളെ കുറിച്ച് നിരവധി പരാതികൾ തങ്ങൾ അധികൃതർക്ക് നൽകിയിരുന്നതായി രണ്ടു ക്വാറികൾ പ്രവർത്തിക്കുന്ന അഞ്ചാം വാർഡിലെ ജനങ്ങൾ പറയുന്നു. എന്നാൽ അത് സംബന്ധിച്ച അന്വേഷണങ്ങളോ പഠനങ്ങളോ ഒന്നും നടന്നതായി അറിയില്ലെന്നും അവർ പറഞ്ഞു.

ഈ സാഹചര്യങ്ങൾ നില നിൽക്കെയാണ് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ 3/10/2018 ന് സമർപ്പിച്ച ദ്രുത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ആറ് ക്വാറികൾക്ക് പ്രവർത്തനാനുമതി കൊടുത്തത് എന്നാണ് ഇത് സംബന്ധിച്ച കളക്ടർ 8/10/2018 ന്--ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതേ ഉത്തരവിൽ തന്നെ രണ്ടു ക്വാറികളുടെ പരിസരങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ അവയ്ക്കു പ്രവർത്തനാനുമതി നിഷേധിച്ചു എന്ന് പറയുന്നുണ്ട്. പ്രവർത്താനുമതി നിഷേധിച്ചത് വെള്ളമുണ്ടയിൽ അത്താണി ബ്രിക്‌സ് ആൻഡ് മെറ്റൽസിനും, സെന്റ് മേരീസ് ഗ്രാനൈറ്റിസ് പ്രോഡക്ടസിനുമാണ് .

എന്നാൽ ദ്രുത പഠനം നടന്നത് ഏതൊക്കെ ക്വാറി മേഖലകളിലാണെന്നോ അതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ ക്വാറികൾക്കാണ് പ്രവർത്തനാനുമതി നല്കിയിരിക്കുന്നതെന്നോ ഉത്തരവിൽ പറയുന്നില്ല. അത് പോലെ തന്നെ പഠനത്തിന്റെ പരിധിയിൽ ഉൾപ്പെട്ട കാര്യങ്ങൾ എന്തായിരുന്നുവെന്ന കാര്യത്തിലും ഉത്തരവ് മൗനം പാലിക്കുന്നു . ഇത്തരത്തിൽ അവ്യക്തമായ ഉത്തരവുള്ളതിനാൽ ജില്ലയിലെ എല്ലാ ക്വാറികളും പ്രവർത്തിക്കാൻ തുടങ്ങിയെന്നു 11/ 10 /18 ന് ജില്ലയിലെ പരിസ്ഥി ആഘാതം സംബന്ധിച്ച തെളിവെടുപ്പിനെത്തിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റി മുൻപാകെ ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ഈ കഴിഞ്ഞ ദിവസം മക്കിയാട് നരോക്കടവിൽ ക്വാറി പ്രവർത്തനം അനധികൃതമെന്നാരോപിച്ചു ജനങ്ങൾ ക്വാറി ഉപരോധിച്ചിരുന്നു.

ദുരന്ത നിവാരണ നിയമം 2005 ലെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നു നിർദ്ദേശിച്ചു കൊണ്ടാണ് പേര് വെളിപ്പെടുത്താത്ത ആറ് ക്വാറികൾക്ക് കളക്ടർ 8/10/18 ന് ഇറക്കിയ ഉത്തരവനുസരിച്ചു പ്രവർത്തനാനുമതി നല്കിയിരിക്കുന്നതു. വിവിധ നിയമങ്ങളും ചട്ടങ്ങളും പരാമർശിക്കുന്ന ഉത്തരവിൽ പരിസ്ഥിതിക്കു യാതൊരു ക്ഷതവും ഉണ്ടാകാത്ത വിധത്തിൽ വേണം ക്വാറി പ്രവർത്തിക്കാൻ എന്ന് വ്യക്തമായി പറയുന്നുണ്ട് . ക്വാറി പ്രവർത്തനം മൂലം സമീപ പ്രദേശങ്ങളിൽ പാറ കല്ലുകൾ തെറിക്കുകയോ വീടുകൾക്ക് വിള്ളൽ ഉണ്ടാകുകയോ ചെയ്തതായി കണ്ടാൽ പ്രസ്തുത ക്വാറി പ്രവർത്തനം ഉടൻ നിർത്തി വയ്ക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്. അനിയന്ത്രിത സ്‌ഫോടനം മൂലം വീടുകൾക്കോ കെട്ടിടങ്ങൾക്കോ വിള്ളലുകൾ ഉണ്ടാകുന്നുണ്ടോ എന്നും കല്ലുകൾ സമീപ പ്രദേശങ്ങളിൽ തെറിക്കുന്നുണ്ടോ എന്നും രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട താലൂക്ക് അധികൃതരും ജിയോളജിസ്റ്റും ക്വാറി മേഖലയിൽ പരിശോധന നടത്തേണ്ടതാണ് .

ക്വാറി മേഖല മതിൽ കെട്ടി സുരക്ഷിതമാക്കണമെന്നും ദുരന്ത നിവാരണ നിയമം സെക്ഷൻ -30(2)(v) അനുസരിച്ചു -രണ്ടാഴ്ചയിലൊരിക്കൽ ജിയോളജിസ്റ്റും തഹസിൽദാരും സുരക്ഷാ കാര്യങ്ങൾ പരിശോധിക്കണമെന്നും പറയുന്നുണ്ട്. ജിയോളജിസ്‌റ് എല്ലാ ഈ രണ്ടാഴ്ച കൂടുമ്പോഴും ക്വാറി പ്രദേശത്തെ മണ്ണിടിച്ചിൽ / ഉരുൾ പൊട്ടൽ സാദ്ധ്യതകൾ പരിശോധിച്ച് റിപ്പോർട്ടു തയ്യാറാകണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട് . അത് കർശനമായിപാലിക്കണെമന്നും ഉത്തരവിൽ പറയുന്നു . ശബ്ദ മലിനീകരണമോ അന്തരീക്ഷ മലിനീകരണമോ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അധിക ഭാരം കയറ്റിയും പൂർണമായും മൂടാതെയും ക്വാറി ഉല്പന്നങ്ങളുമായി ഭാര വണ്ടികൾ റോഡിലൂടെ പോകരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നിശ്ചിത ആഴത്തിൽ കൂടുതൽ ഖനനം നടത്താൻ ഒരു കാരണവശാലും അനുവദിക്കരുതെന്നും നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്നു തഹസിൽദാരും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും ജിയോളജിസ്റ്റും ഉറപ്പു വരുത്തണമെന്ന് വിവിധ വകുപ്പുകളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട് .

എന്നാൽ ഒരു നിയമങ്ങളും പാലിക്കാതെയാണ് വെങ്ങപ്പള്ളി മേഖലയിൽ ക്വാറി പ്രവർത്തനം നടക്കുന്നത്. നിരവധി മണ്ണിടിച്ചിലുകൾ ഉണ്ടായി എന്ന് എന്ന് പഞ്ചായത്തു തന്നെ സാക്ഷ്യപ്പെടുത്തുന്ന പ്രദേശത്തു , പ്രത്യേകിച്ച് രണ്ടു ക്വാറികൾ പ്രവർത്തിക്കുന്ന അഞ്ചാം വാർഡിൽ നിയമങ്ങൾ അനുസരിച്ചാണോ ക്വാറി പ്രവർത്തനം എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനങ്ങളും നിലവിലില്ല
പ്രാദേശിക ഭരണകൂടങ്ങളുടെ റോഡ് നിർമ്മാണത്തിനും മറ്റു പുനർനിർമ്മാണ ആവശ്യങ്ങൾക്കും കല്ല് ലഭ്യമാക്കാനാണ് ഈ സാഹചര്യത്തിലും ക്വാറികൾ തുറക്കേണ്ടി വന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. പ്രസ്തുത ഉത്തരവനുസരിച്ചു ക്വാറി ഉത്പന്നങ്ങളുടെ 25 ശതമാനം പ്രാദേശിക ഭരണ കൂടങ്ങളുടെ റോഡ് നിർമ്മാണമുൾപ്പെടെയുള്ള കാര്യങ്ങൾക്കു ന്യായ വിലയ്ക്കു ലഭ്യമാക്കണമെന്ന് വ്യവസ്ഥയുടെന്ന് പറയുന്നു .

എന്നാൽ ഇക്കാലമത്രയും രണ്ടു ക്വാറികളും ക്രഷറുകളും പ്രവർത്തിച്ചിരുന്ന ഇപ്പോഴും പ്രവർത്തിക്കുന്ന വെങ്ങപ്പള്ളി അഞ്ചാം വാർഡിൽ സഞ്ചാര യോഗ്യമായ ഒരു റോഡ് പോലുമില്ല . പഞ്ചായത്തിലെ മൊത്തം സ്ഥിതിയും വ്യത്യസ്തമല്ല. നിരന്തരം കല്ല് കയറ്റിയ ഭാര വണ്ടികൾ സഞ്ചരിക്കുന്ന വീതി കുറഞ്ഞ റോഡുകൾ മുഴുവൻ ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.അഞ്ചാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൂട്ട നിവേദനം നല്കാൻ ഒരുങ്ങുകയാണ്പ്രദേശ വാസികൾ

ഉത്തരവിലെ എല്ലാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തികൊണ്ടാണ് ക്വാറികൾ നിർബാധം പ്രവർത്തിക്കുന്നത് . വെങ്ങപ്പള്ളി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ മാത്രം രണ്ടു ക്വാറികളും കൃഷറുകളുമുണ്ട്. അതിൽ വയനാട് മെറ്റൽസിലെ ക്രഷർ പ്രവർത്തനം ഹൈ കോടതി തടഞ്ഞിരിക്കുകയാണ്. ഒരു വാർഡിൽ മാത്രം രണ്ടു ക്വാറികൾ പ്രപ്രവർത്തിക്കുന്നതിന്റെ ഫലമായി കടുത്ത ശബ്ദ/ അന്തരീക്ഷ മലിനീകരണമാണുണ്ടാകുന്നത്.

വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായ ഈ വാർഡിൽ യാതൊരു വിധ പഠനങ്ങളും നടന്നിട്ടില്ല. നിരവധി ക്വാറികൾ മുൻപ് പ്രവർത്തിയ്കുയും ഇപ്പോൾ വലിയ മൂന്നു ക്വാറികൾ വീണ്ടും പ്രവർത്തനം തുടങ്ങുകയും ചെയ്ത പഞ്ചായത്തിൽ പാരിസ്ഥികാഘാത പഠനം നടത്തണമെന്നു പ്രദേശ വാസികളുടെ ദീർഘ കാലമായുള്ള ആവശ്യമാണ്. എന്നാൽ ഇതിനു നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട പഞ്ചായത്തും കൈ കൊണ്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP