Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുന്നി ഐക്യത്തിന് ഇകെ സമസ്തയുടെ തടസ്സവാദം; പ്രാദേശിക തലത്തിലെ ഐക്യം നേതൃത്വം പറഞ്ഞതിന് ശേഷം മതി; നബിദിനാഘോഷങ്ങൾ ഒരുമിച്ച് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പ്രാദേശിക ഘടങ്ങൾ പിന്മാറണമെന്ന് സമസ്ത

സുന്നി ഐക്യത്തിന് ഇകെ സമസ്തയുടെ തടസ്സവാദം; പ്രാദേശിക തലത്തിലെ ഐക്യം നേതൃത്വം പറഞ്ഞതിന് ശേഷം മതി; നബിദിനാഘോഷങ്ങൾ ഒരുമിച്ച് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പ്രാദേശിക ഘടങ്ങൾ പിന്മാറണമെന്ന് സമസ്ത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ മുസ്ലിങ്ങൾക്കിടയിലെ പ്രബല വിഭാഗമായ സുന്നികളുടെ ഐക്യത്തിന് വീണ്ടും വിലങ്ങു തടിയായി ഇകെ സമസ്ത വിഭാഗം. മലബാറിൽ പലയിടത്തും പ്രാദേശിക തലത്തിൽ ഐക്യത്തിന്റെ പാതയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് നേതൃത്വം പറയുന്നത് വരെ ഐക്യത്തെ കുറിച്ച് പ്രാദേശിക ഘടകങ്ങൾ തീരുമാനമെടുക്കേണ്ടെന്ന് ഇകെ സമസ്ത കോഴിക്കോട് ജില്ലാ കോഓർഡിനേഷൻ കമ്മറ്റി പ്രസ്താവന ഇറക്കിയിരിക്കുന്നത്.

പലയിടങ്ങളിലും ഇരു സുന്നിവിഭാഗങ്ങളും പ്രാദേശികമായി സഹകരിച്ചു പ്രവർത്തിക്കുകയും നബിദിനമടക്കമുള്ള പരിപാടികൾ ഒരുമിച്ച് നടത്താമെന്നുമുള്ള തീരുമാനത്തിലെത്തിയിരുന്നു. ഇതിനിടെയിലാണ് ഇകെ സമസ്തയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഇതോടെ അത്തരം സാധ്യതകൾ അവസാനിക്കുകയാണ്. നേതൃത്വം അറിയിച്ചതിന് ശേഷം മാത്രം ഇത്തരം തീരുമാനങ്ങളെടുത്താൽ മതിയെന്നും അതുവരെ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന നിലപാട് തന്നെ മതിയെന്നുമാണ് പുതിയ പ്രസ്താവന.

ആദർശപരമായി മാറ്റങ്ങളില്ലാത്ത കാര്യങ്ങളിൽ ഐക്യത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്നത് നല്ലതാണ്. അതിനെ കുറിച്ചുള്ള ചർച്ചകൾ നേതൃ തലത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിലൊരു തീരുമാനമാകുന്നത് വരെ ആരും ഐക്യത്തോടെ പ്രവർത്തിക്കേണ്ടതില്ല. പലയിടങ്ങളിലും നബിദിന പരിപാടികൾ ഒരുമിച്ച് നടത്താൻ ശ്രമങ്ങൾ നടക്കുന്നതായി അറിഞ്ഞു. അത്തരം തീരുമാനങ്ങൾ ഇപ്പോൾ എടുക്കേണ്ട. എപ്പോൾ വേണമെന്ന് നേതൃത്വം പറയും. തത്കാലം ഇപ്പോഴുള്ള രീതികൾ തുടർന്നാൽ മതി.

പ്രസ്താവനയിൽ പറയുന്നു. നബിദിനമടക്കമുള്ള പരിപാടികളിൽ ഇകെ സമസ്തയുടെ പ്രവർത്തകർ, അവരുടെ മദ്ദസകൾ ഇതുവരെ നടത്തിയതുപോലെ തന്നെ നടത്തിയാൽ മതിയെന്നും യാതൊരു ഐക്യവും സഹകരണവും ഉണ്ടാക്കേണ്ടന്നുമാണ് പുതിയ പ്രസ്താവന. ഇന്നലെ ചേർന്ന ഇകെ സമസ്ത കോഴിക്കോട് ജില്ലാ കോഓർഡിനേഷൻ കമ്മറ്റിയാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇകെ സമസ്ത വിഭാഗം നേതാവ് നാസർഫൈസി കൂടത്തായിയാണ് പ്രസ്താവന ഫേസ്‌ബുക്കിലൂടെ പുറത്തിറിക്കിയത്.

അതേ സമയം നേതാക്കൾക്ക് ലഭിക്കേണ്ട സഥാനമാനങ്ങളെ കുറിച്ചുള്ള ധാരണകളില്ലാത്തതിനാലണ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയതെന്നാണ് പ്രവർത്തകർക്കിടയിലുള്ള സംസാരം. സുന്നി ഐക്യത്തിനപ്പുറം നേതാക്കളുടെ ചിന്ത അവരുടെ സ്ഥാനങ്ങളെ കുറിച്ചാണെന്നും, അതൊന്നുമാലോചിക്കാതെയാണ് പ്രാദേശിക തലത്തിൽ ഐക്യത്തിന് മുൻകൈയെടുക്കുന്നതെന്നും പ്രാദേശിക ഘടകങ്ങൾ പറയുന്നു.

നാസർ ഫൈസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കോഴിക്കോട്: സുന്നീ ഐക്യശ്രമത്തിന്റെ പേരിൽ പ്രാദേശിക തലങ്ങളിൽ ദുരുദ്ദേശപരമായി ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ തിരിച്ചറിയണമെന്നും ഐക്യവും സഹകരണവും എല്ലാം സമസ്തയുടെ നേതൃത്വം തീരുമാനമെടുക്കുന്നത് വരേ നിലപാട് മാറ്റമില്ലെന്നും സമസ്ത കോഴിക്കോട് ജില്ലാ കോഓഡിനേഷൻ സമിതി യോഗം പ്രസ്താവിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും നബിദിനാഘോഷങ്ങളിൽ മറുവിഭാഗവുമായ് സഹകരിച്ചും ഐക്യപ്പെട്ടും നീക്കങ്ങൾ നടത്തുന്നതായി അറിയുന്നു. ആദർശ ബന്ധിതമായ ഐക്യവും ലയനവും അനിവാര്യമാണെന്നത് മഹത്തരമായ വസ്തുതയാണ്. അതിന്റെ ശ്രമങ്ങൾ നേതൃത്വത്തിൽ നടക്കുകയുമാണ്. പക്ഷേ അതിന്റെ പേരിൽ പ്രാദേശി തലത്തിൽ ഐക്യനീക്കങ്ങൾ നടത്തേണ്ടതില്ല. നബിദിനാഘോഷമുൾപ്പെടെ ഒരു സംരംഭങ്ങളിലും മഹല്ലു, മദ്രസ, സ്ഥാപനങ്ങളിൽ നിലവിലുള്ള അവസ്ഥയിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടാക്കരുതെന്നും പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ ചെയർമാൻ ഉമ്മർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ഉൽഘാടനം ചെയ്തു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ, എ.വി.അബ്ദുറഹിമാൻ മുസ്ലിയാർ (സമസ്ത), ആർ.വി.കുട്ടിഹസ്സൻ ദാരിമി, സലാം ഫൈസി മുക്കം (എസ്.എം.എഫ്), സി.എച്ച്.മഹ്മൂദ് സഅദി, മലയമ്മ അബൂബക്കർ ഫൈസി (എസ്.വൈ.എസ്) കെ. കെ. ഇബ്രാഹിം മുസ്ലിയാർ, പി.ഹസൈനാർ ഫൈസി (എസ്.കെ.ജെ.എം), ടി.വി സി.സമദ് ഫൈസി, അബ്ദുൽ അസീസ് ദാരിമി വടകര (എസ്. കെ.ജെ.ക്യു), എൻ.അബ്ദുല്ല മുസ്ലിയാർ,അബ്ദുൽ ബാരി ബാഖവി (ജംഇയ്യത്തുൽ മുദരിസീൻ ), സയ്യിദ് മുബശിർ തങ്ങൾ, ഒ.പി .അഷ്‌റഫ് (എസ്.കെ.എസ്.എസ്.എഫ്), എ.പി.പി.തങ്ങൾ, കെ.പി.കോയ (മാനേജ്‌മെന്റ് അസോസിയേഷൻ), സി.എ.ഷുകൂർ മാസ്റ്റർ (എംബ്ലോയിസ് അസോസിയേഷൻ), മുസ്തഫ മുണ്ടുപാറ, കെ.മോയിൻകുട്ടി മാസ്റ്റർ പ്രസംഗിച്ചു. കൺവീനർ നാസർ ഫൈസി കൂടത്തായി സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP