Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നാവിക ഉപകരണങ്ങളും നൽകാൻ മന്ത്രി സഭ തീരുമാനം; 15000 ഉപകരണങ്ങൾക്ക് അനുമതി നൽകി; പദ്ധതി നടപ്പിലാക്കുക കെൽട്രോണുമായും ബിഎസ്എൻഎൽ എന്നിവരുമായി സഹകരിച്ച്; തുക വിനിയോഗിക്കുന്നത് ഓഖി ഫണ്ടിൽ നിന്ന്

മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നാവിക ഉപകരണങ്ങളും നൽകാൻ മന്ത്രി സഭ തീരുമാനം; 15000 ഉപകരണങ്ങൾക്ക് അനുമതി നൽകി; പദ്ധതി നടപ്പിലാക്കുക കെൽട്രോണുമായും ബിഎസ്എൻഎൽ എന്നിവരുമായി സഹകരിച്ച്; തുക വിനിയോഗിക്കുന്നത് ഓഖി ഫണ്ടിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള 25.36 കോടി രൂപയുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. ആയിരം മത്സ്യത്തൊഴിലാളികൾക്കാണ് 9.43 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് ഫോൺ നൽകുന്നത്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ തമ്മിൽ ആശയവിനിമയം നടത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോൺ പ്രയോജനപ്പെടും. ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നൽകണം.

15,000 മത്സ്യബന്ധന യാനങ്ങൾക്കാണ് നാവിക് ഉപകരണം നൽകുന്നത്. 1500 കിലോമീറ്റർ വരെ കവറേജ് ലഭിക്കുന്ന നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിർത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നൽകാനാകും. ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോണാണ് നാവിക് ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്നത്. 15,000 ഉപകരണങ്ങൾക്ക് 15.93 കോടി രൂപയാണ് ചെലവ്. രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും നാവിക് ഫലപ്രദമാണ്. തീരദേശ ജില്ലകളിൽ നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ കൂടുതൽ ദൂരത്തേക്ക് മീൻ പിടിക്കാൻ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേർക്കാണ് ഉപകരണങ്ങൾ നൽകുക.

നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഓഖി ഫണ്ടിൽ നിന്ന് വിനിയോഗിക്കും. ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട എട്ടു പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേർക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നൽകാൻ തീരുമാനിച്ചു. ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട രജിസ്ട്രേഷനും ലൈസൻസുമില്ലാത്ത മൂന്നു യൂണിറ്റുകൾക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂണിറ്റുകൾക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും.

നഷ്ടപരിഹാരം ലഭിക്കുന്നതിനു മുമ്പ് യാനങ്ങൾ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന നിബന്ധനകളോടെയാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. 40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ (ഓഖി ഫണ്ട്) നിന്ന് വിനിയോഗിക്കും. ലൈഫ് ജാക്കറ്റിന് ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 250 രൂപ നൽകണം. കോഴിക്കോട് ജില്ലയിൽ ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ ഭാഗികമായി നഷ്ടപ്പെട്ട പുത്തൻപുരയിൽ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചു. മെഹമൂദിന്റെ പേര് നേരത്തെ പട്ടികയിൽ നിന്ന് വിട്ടുപോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP