Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറത്തെ തീരപ്രദേശത്ത് വീണ്ടും അജ്ഞാത സംഘത്തിന്റെ തീവെപ്പ്; തുടർച്ചയായി ലീഗ് പ്രവർത്തകരുടെ വാഹനങ്ങൾ കത്തി നശിച്ച പറവണ്ണയിൽ ഇന്ന് പുലർച്ചെ ചാമ്പലാക്കിയത് സിപിഎം പ്രവർത്തകരുടെ അഞ്ച് ഓട്ടോറിക്ഷകൾ; ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഇടപെട്ട് പുനഃസ്ഥാപിച്ച സമാധാന ശ്രമങ്ങൾ തകരുന്നത് പൊലീസിന്റെ അനാസ്തയെന്ന് ആക്ഷേപം

മലപ്പുറത്തെ തീരപ്രദേശത്ത് വീണ്ടും അജ്ഞാത സംഘത്തിന്റെ തീവെപ്പ്; തുടർച്ചയായി ലീഗ് പ്രവർത്തകരുടെ വാഹനങ്ങൾ കത്തി നശിച്ച പറവണ്ണയിൽ ഇന്ന് പുലർച്ചെ ചാമ്പലാക്കിയത് സിപിഎം പ്രവർത്തകരുടെ അഞ്ച് ഓട്ടോറിക്ഷകൾ; ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഇടപെട്ട് പുനഃസ്ഥാപിച്ച സമാധാന ശ്രമങ്ങൾ തകരുന്നത് പൊലീസിന്റെ അനാസ്തയെന്ന് ആക്ഷേപം

എം പി റാഫി

മലപ്പുറം: ലീഗ്-സിപിഎം സംഘർഷം വർഷങ്ങളായി നിലനിന്നിരുന്ന ജില്ലയുടെ തീരപ്രദേശത്ത് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ അജ്ഞാതരുടെ തീക്കളി തുടരുന്നു. പറവണ്ണ ആലിൻചുവട്, റഹ്മത്താബാദ് പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുസ്ലിംലീഗ് പ്രവർത്തകരുടെ വാഹനങ്ങൽ അജ്ഞാതർ തീയിട്ടു നശിപ്പിച്ചതിനു പിന്നാലെ ഇന്ന് പുലർച്ച് സിപിഎം പ്രവർത്തകരുടെ അഞ്ച് ഓട്ടോറിക്ഷകളും ഒരു വീടും കത്തിച്ച നിലയിൽ. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ച നിലയിലാണ്. ഇരു പാർട്ടി നേതാക്കളും പുറമെ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഒരു പ്രദേശമാകെ അജ്ഞാതരുടെ തീവെപ്പിൽ വിറങ്ങലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസമായി തുടങ്ങിയ ഈ തീവെപ്പ് തുടരുന്നത് പൊലീസിന്റെ അനാസ്തയിലേക്കാണ് രാഷ്ട്രീയ നേതൃത്വങ്ങൾ വിരൽ ചൂണ്ടുന്നത്. 

പറവണ്ണ എം.ഇ.എസ് റഹ്മത്താബാദ് പ്രദേശത്തെ തിത്തീരിന്റെ പുരക്കൽ യഹിയ, യൂനുസ്, കോയമോൻ, കമ്മുക്കാന്റെ പുരക്കൽ ജലീൽ, കുഞ്ഞിമാക്കാന്റെ പുരക്കൽ ഹാരിസ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അഗ്‌നിക്കിരയായത്. നിർമ്മാണത്തിലുള്ള തിത്തീരിന്റെ പുരക്കൽ മുംതാസിന്റെ വീടിനും തീവെച്ചിട്ടുണ്ട്. ഇവരെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. സംഭവത്തിനു പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്തെ സമാധാന ശ്രമം ഇല്ലാതാക്കുനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ഗൂഢനീക്കമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. പെട്രോൾ ഒഴിച്ചാണ് ഓട്ടോറിക്ഷകൾ തീയിട്ടത്. തീവെയ്‌പ്പിൽ വീടിനു ഭാഗിഗമായി കേടുപാടു പറ്റിയിട്ടുണ്ട്. ആയുധം ഉപയോഗിച്ച് വീടിന്റെ ജനലുകളും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച പറവണ്ണ ആലിൻ ചുവട്ടിൽ മുസ്ലിം ലീഗ് യുണിറ്റ് സെക്രട്ടറി തായുമ്മാന്റെ പുരക്കൽ അബൂബക്കറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് അക്രമി സംഘം തീയിട്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ലീഗ് പ്രവർത്തകന്റെ ബൈക്ക് തകർക്കുകയും ചെയ്തിരുന്നു. സ്‌കൂൾ വാൻ ഉൾപ്പടെ വ്യത്യസ്ത ദിവസങ്ങളിൽ തുടർച്ചയായി മുസ്ലിംലീഗ് പ്രവർത്തകരുടെ അഞ്ച് വാഹനങ്ങൾ പ്രദേശത്ത് തീവെച്ചു നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സിപിഎം പ്രവർത്തകരുടെ ഓട്ടോറിക്ഷയും തകർത്തിരിക്കുന്നത്. വാഹനങ്ങൾ തീവെയ്ക്കുന്നത് തുടർ സംഭവമായിട്ടും പരാതിയിൽ പൊലീസ് കേസെടുക്കാനോ പ്രതികളെ പിടിക്കാനോ തയ്യാറായില്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.

ഏറെ ശ്രമഫലമായി നടന്നുവന്നിരുന്ന സമാധാന ശ്രമങ്ങൾക്കാണ് തുടർച്ചയായ തീവെപ്പോടെ വീണ്ടും രാഷ്ട്രീയ സംഘർഷത്തിലെത്തിയിരിക്കുന്നത്. പൊലീസ് വേണ്ട കരുതലെടുക്കുകയോ സമാധാന ശ്രമത്തിനായി ഇടപെടൽ നടത്തുകയോ ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പന്ത്രണ്ടോളം വാഹനങ്ങളാണ് രണ്ടു മാസത്തിനിടെ ഈ പ്രദേശങ്ങളിലായി ചാമ്പലായത്. ഇതിൽ സ്‌പെഷൽ ബ്രാഞ്ച്എഎസ്ഐ. ഷുക്കൂറിന്റെ വാഹനവും വീട്ടുമുറ്റത്ത് കത്തിയമർന്നിരുന്നു. മുസ്ലിംലീഗിന്റെ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള വെട്ടം പഞ്ചായത്തിന്റെ ലക്ഷങ്ങളുടെ 'ഭൂവസ്ത്രവും ' ഇക്കൂട്ടത്തിൽ തീയിട്ടു നശിപ്പിച്ചിരുന്നു.

വർഷങ്ങളോളം തീരദേശത്തെ കണ്ണീരിലാഴ്‌ത്തി തുടർന്ന ലീഗ് -സിപിഎം. സംഘർഷത്തിന് ഒരെട്ടു മാസം മുൻപാണ് അറുതിയായത്.മുഖ്യമന്ത്രി പിണറായി വിജയനും , മുസ്ലിം ലീഗ് ലീഗ് ദേശീയ സെക്രട്ടറിയും എംപി. യുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ആദ്യ ചർച്ചയാണ് സമാധാനത്തിന് വഴി മരുന്നിട്ടത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബി തങ്ങളുടെയും പാലോളി മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തന്നെ ഇടപെട്ട് പ്രദേശത്ത് സമാധാന കമ്മിറ്റി രൂപീകരിച്ച്
അക്രമത്തിലേർപ്പെടുന്നവരെ പാർട്ടികൾ പിന്തുണക്കുകയോ , സഹായംനൽകുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതോടെ തന്നെ പ്രദേശം ശാന്തമായി. കൂടാതെ സമാധാന കമ്മിറ്റി നേതൃത്വത്തിൽ പ്രദേശത്ത് സാംസ്‌കാരിക കലാ കായിക വേദികളും കൂടി സംഘടിപ്പിച്ചതോടെ കണ്ടാൽ അകന്നുമാറിയിരുന്ന ആളുകൾ തോളോട് തോൾ ചേർന്ന് സൗഹൃദത്തിലായി.

എന്നാൽ ഈ സമാധാന ശ്രമങ്ങളെയെല്ലാം തുരങ്കം വയ്ക്കുവാൻ ഗൂഢസംഘം ഇപ്പോഴും ശ്രമം തുടരുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് ഇരുളിന്റെ മറവിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നത്. താഴെ ത്ട്ടിൽ വരെ ഇരു പാർട്ടി നേതാക്കളുമടങ്ങുന്ന സമാധാന കമ്മിറ്റികൾ ഉണ്ടെന്നിരിക്കെ ഇവരെ വിളിച്ചു ചേർക്കാനോ സമാധാന ശ്രമം വീണ്ടെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. തീരദേശത്ത് ഒരിക്കലും സമാധാനം അരുതെന്ന് ചിന്തിക്കുന്ന ശുദ്രശക്തികാളാണ് സംഭവത്തിന് പിന്നിൽ. യാതൊരു ജോലിക്കും പോകാതെ ഇത്തരം അക്രമത്തിനിറങ്ങി അതിന്റെ പേരിൽ പണം പറ്റി ജീവിക്കാനുള്ള ചില സാമൂഹ്യ ദ്രോഹികളാണ് ഇത്തരം ചെയ്തികൾക്കു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP