Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൊടുപുഴയിൽ സൊസൈറ്റി ഭരണം പിടിച്ചെടുത്ത് സിപിഎമ്മിനെ ഏൽപ്പിക്കൻ നീക്കം; സംഘം രൂപീകരിച്ചത് ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ലൈസൻസികളെയും അവരുടെ തൊഴിലാളികളെയും അംഗങ്ങളാക്കി

തൊടുപുഴയിൽ സൊസൈറ്റി ഭരണം പിടിച്ചെടുത്ത് സിപിഎമ്മിനെ ഏൽപ്പിക്കൻ നീക്കം; സംഘം രൂപീകരിച്ചത് ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ലൈസൻസികളെയും അവരുടെ തൊഴിലാളികളെയും അംഗങ്ങളാക്കി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി : തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന കേരള സ്റ്റേറ്റ് ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് ടെക്നീഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്ത് സിപിഎം നേതാക്കളെ ഏൽപ്പിക്കുവാനുള്ള നീക്കം നടക്കുന്നതായി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് തോമസ് ജയാജീ. തോമസ് ജയാജീ യുടെ വിവരണം ഇങ്ങനെ.ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ലൈസൻസികളെയും അവരുടെ തൊഴിലാളികളെയും അംഗങ്ങളാക്കിയാണ് സംഘം രൂപീകരിച്ചത്. സംഘത്തിന്റെ പ്രാഥമിക മെമ്പർഷിപ്പ് ചേർത്തപ്പോൾ തന്നെ തൊഴിലാളി യൂണിയനായ ലീഗൽ മെട്രോളജി ലൈസൻസീസ് എംപ്ലോയീസ് യൂണിയൻ രംഗത്ത് വരികയും സംഘ രൂപീകരണത്തിന് എതിരായി പ്രവർത്തിക്കുകയും ചെയ്തു. സംഘം പ്രവർത്തനം ആരംഭിച്ചാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നാശമുണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും കുപ്രചാരണങ്ങൾ നടത്തി മെമ്പർഷിപ്പ് വിതരണം മുടക്കി.

യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ഇന്ദു ശേഖരൻ നായർ സംഘം ഈ മേഖലയിലെ നാശം ഉറപ്പുവരുത്തുന്നതുകൊണ്ട് ആരും മെമ്പർഷിപ്പ് എടുക്കരുതെന്ന് സർക്കുലർ ഇറക്കി. ഇവരുടെ എതിർപ്പിനെ മറികടന്ന് സംഘത്തിന്റെ ലൈസൻസും രജിസ്ട്രേഷനും നിർമ്മാണ വിതരണ അറ്റകുറ്റപ്പണി തുടങ്ങിയ ലൈസൻസുകളും സംഘത്തിന് ലഭിച്ചു. സേവനത്തിനുവേണ്ടി സഞ്ചരിക്കുന്ന ലാബ് സംസ്ഥാനത്ത് ആദ്യമായി ഈ മേഖലയിൽ ഉണ്ടായി. വാഹനം റോഡിൽ ഇറങ്ങുമ്പോഴെല്ലാം തൊടുപുഴയിലുള്ള സ്വകാര്യ നിർമ്മാണ കമ്പനിയും അതിലെ തൊഴിലാളികളും ചേർന്ന് യൂണിയന്റെ സഹായത്തോടെ പലപ്രാവശ്യം വാഹനം തടഞ്ഞു.

വിവിധ ഓഫീസുകളിലേക്ക് വ്യാജപ്പേരിൽ നിരവധി പരാതികളും അയച്ചു. ഇവർക്ക് സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, സിപിഐ ട്രേഡ് യൂണിയന്റെ ജില്ലാപ്രസിഡന്റും സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുമായ സന്തോഷും സഹായങ്ങൾ നൽകി. സംഘം പിടിച്ചെടുക്കുവാനും രാഷ്ട്രീയ വൽക്കരിക്കുന്നതിനും ഏരിയ സെക്രട്ടറി നേരിട്ട് രംഗത്തെത്തി. ഇതേ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷിന്റോ കുര്യൻ, സിപിഐയുടെ കൊല്ലത്തെ യൂണിയൻ നേതാവ് ഹരിദാസിനെയും അഡ്‌മിനിസ്ട്രേറ്റീവ് മെമ്പർമാരായി ചുമതല നൽകി.

2017 മാർച്ച് 30ന് സംഘം സെക്രട്ടറിയെ സസ്പെന്റ് ചെയ്തിരുന്നു. സസ്പെന്റ് ചെയ്യപ്പെട്ട സെക്രട്ടറി സിപിഎം ഒത്താശയോടെ ഒരു മാസത്തോളം സംഘത്തിൽ തുടരുകയും രേഖകളിൽ തിരിമറി നടത്തുകയും ചെയ്തു. വ്യാജ അംഗത്വവും ഇതിനിടെ നൽകി. ഈ മെമ്പർഷിപ്പുകളെല്ലാം പൂർണ്ണമായും നിയമ നടപടികളിലൂടെ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെ എതിർത്ത പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. അവിശ്വാസത്തിൽ ഒപ്പിടുന്ന ഓരോ വ്യക്തിക്കും മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ സെക്രട്ടറിയും ചില ജീവനക്കാരും ചേർന്ന് വാഗ്ദാനം ചെയ്തെങ്കിലും ആരും അവിശ്വാസത്തിൽ ഒപ്പിടുവാൻ തയ്യാറായില്ല. മുൻ അസി. രജിസ്ട്രാർ പെൻഷൻ ആകുന്നതിന് മൂന്ന് മാസം ബാക്കിനിൽക്കെ ഇദ്ദേഹത്തെ അവധിയെടുപ്പിച്ച് സിപിഎം സഹചാരിയായ സി.സി. മോഹനനെ നിയമിക്കുകയായിരുന്നു. ഇദ്ദേഹം ചാർജ്ജെടുത്ത അന്നുമുതൽ ഇദ്ദേഹം സംഘത്തിന് എതിരായുള്ള നടപടികളാണ് സ്വീകരിച്ചത്.

ക്രമക്കേട് ആരോപിച്ച് ഒരു ദിവസം എട്ട് വ്യാജപരാതികൾ ചമച്ച് സംഘത്തിന് എതിരായി ക്രമക്കേടിന്റെ പേരിൽ സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരത്ത് ഉത്തരവ് അയക്കുന്ന ദിവസം തന്നെ രാവിലെ 9.30ന് തൊടുപുഴ സംഘത്തിൽ അസി. രജിസ്ട്രാർ എത്തി സഹകാരികളെ ഭീഷണിപ്പെടുത്തുന്നവിധം സംഘത്തിൽ യാതൊരു പണമിടപാടുകളും നടക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. സംഘത്തിലെ ദൈനംദിന ഇടപാടുകളിൽ ഇടപെടാൻ അധികാരമില്ലാത്ത അസി. രജിസ്ട്രാർ സി.സി. മോഹനനും യൂണിറ്റ് ഇൻസ്പെക്ടറായ ജിസ്മോനും ചേർന്ന് ഏതുവിധത്തിലും സംഘം പിടിച്ചെടുത്ത് സിപിഐ യൂണിയൻ നേതാവായ പി. കെ. സന്തോഷിനെ സംഘം ഏൽപ്പിച്ച് കൊടുക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.

സംഘത്തിലെ സുപ്രധാന രേഖകളുടെ പകർപ്പുകൾ യൂണിറ്റ് ഇൻസ്പെക്ടർ ജിസ്മോൻ ഇവിടെ നിന്നും എടുക്കുകയുണ്ടായി. ഇവ കോടതി വ്യവഹാരങ്ങൾക്കായി നൽകുകയായിരുന്നു. സംഘത്തിന്റെ വാഹനം തടയുകയും വിവിധ വ്യാജപരാതികളും എല്ലാം ഒരുമിച്ച് അന്വേഷിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് സംഘത്തിന്റെ ഓരോ രേഖകളും കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. സെക്രട്ടറിയെ സസ്പെന്റ് ചെയ്തശേഷം വകുപ്പ് 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിടുകയും ഉത്തരവിൽ അന്വേഷണ കാലാവധിയിൽ അന്വേഷണം പൂർത്തിയാക്കാത്ത സംഘത്തിലെ ഒരു കക്ഷികളെയും നേരിൽ കാണാതെയും രേഖകൾ പ്രകാരവും അല്ലാതെയും വ്യാജ റിപ്പോർട്ട് തയ്യാറാക്കി സർചാർജ് ഈടാക്കാൻ ഉത്തരവ് വാങ്ങുകയുണ്ടായി.

ഈ ഉത്തരവ് കിട്ടിയമുറയ്ക്ക് സംഘം സെക്രട്ടറി യാതൊരുവിധ കുറ്റവും ചെയ്തിട്ടില്ലായെന്നും തന്നെ തിരിച്ചെടുക്കണമെന്നും പറഞ്ഞ് കേസ് നൽകി. യൂണിയൻ നേതാവ് ചേർത്ത മെമ്പർഷിപ്പുകളെല്ലാം കൃത്രിമമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി. റദ്ദ് ചെയ്ത മെമ്പർഷിപ്പുകൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് യൂണിയൻ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ അഡ്‌മിന്സ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളെ കൊണ്ട് തിരഞ്ഞെടുപ്പ് നടത്തിക്കാതിരിക്കുവാൻ വേണ്ടി മറ്റൊരു കേസും നൽകി. വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന്റെ സർചാർജ് ഈടാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.

മെമ്പർമാർ ആവലാതികളെല്ലാം രേഖാമൂലം രജിസ്ട്രാർക്ക് നൽകി. ഈ മറുപടിയുടെ രേഖകൾ സംഘത്തിൽ നിന്നും വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്തു. ഇതേ തുടർന്ന് വകുപ്പ് 65 പ്രകാരമുള്ള അന്വേഷണവും സർചാർജ്ജും അതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള മുഴുവൻ നിയമ നടപടികളും രജിസ്ട്രാർ റദ്ദ് ചെയ്തു. പുനർ അന്വേഷണത്തിനും ഉത്തരവിട്ടു. ഈ അന്വേഷണം ഒഴിവാക്കാൻ സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കമ്മറ്റിയിൽ ഉണ്ടായിരുന്ന പ്രതാപനെ മിനിറ്റ്സിൽ ഒപ്പ് രേഖപ്പെടുത്താൻ അനുവദിക്കാതെ പറഞ്ഞുവിട്ടു. ഇതേ തുടർന്ന് സിപിഎം നേതാവ് ഷിന്റോ കൺവീനറായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് സംഘം മിനിറ്റ്സ് ബുക്കിൽ തിരിമറികളും നടത്തി. അഡ്‌മിനിസ്ട്രേറ്റിവ് കമ്മറ്റിക്ക് നയപരമായ തീരുമാനം എടുക്കാൻ അധികാരമില്ലായെന്നിരിക്കെ ഇവർ പല തീരുമാനങ്ങളും എടുക്കുകയായിരുന്നു. ഇതേ തുടർന്ന് രജിസ്ട്രാർക്കും വകുപ്പ് മന്ത്രിക്കും സംഘത്തിന്റെ കൺവീനർ രേഖകൾ സഹിതം പരാതി നൽകി. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായില്ല. ഇന്ത്യൻ കോഫി ഹൗസ് സംഘത്തിന്റെ മാതൃകയിൽ ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് ഉപജീവനം നടത്തുന്നവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകരിച്ച സംഘമാണ് സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്.
രണ്ട് കോടിയിലേറെ രൂപയുടെ മൂലധന ശേഖകരണത്തോടെ പ്രവർത്തനം ആരംഭിച്ചതും ഈ മേഖലയിൽ പണമിടപാട് നടത്താൻ അംഗീകാരം ലഭിച്ചതുമായ സംഘത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനം തടയുന്നതിനൊപ്പം തന്റെ ബിസ്‌നസ് സ്ഥാപനം പൂട്ടിച്ച് ജീവിത മാർഗ്ഗം ഇല്ലാതാക്കുന്നതിനാണ് സി പി എം ശ്രമിക്കുന്നതെന്നും തോമസ്സ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP