Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോയിൽ നികുതി വെട്ടിപ്പ്; കസ്റ്റംസ് സൂപ്രണ്ടുമാരടക്കം 15 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് സിബിഐ കോടതി; എഫ് ഐ ആറിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണറേയും അസി.കമ്മീഷണറേയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി സിബിഐ

അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോയിൽ നികുതി വെട്ടിപ്പ്; കസ്റ്റംസ് സൂപ്രണ്ടുമാരടക്കം 15 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് സിബിഐ കോടതി; എഫ് ഐ ആറിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണറേയും അസി.കമ്മീഷണറേയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി സിബിഐ

പി നാഗരാജ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കം കടത്തിവിട്ട കേസിൽ കസ്റ്റംസ് സൂപ്രണ്ടുമാരടക്കം 15 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 പ്രകാരം കോടതി നേരിട്ട് നടത്തുന്ന ചോദ്യം ചെയ്യലിന് എല്ലാ പ്രതികളും ജനുവരി 3 ന് നേരിട്ടു ഹാജരാകാൻ സിബിഐ ജഡ്ജി ജെ.നാസർ ആണ് ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഹാജരാക്കിയ വായ് മൊഴിതെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്. 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗം കസ്റ്റംസ് സൂപ്രണ്ടുമാരായ ഡി.സാം സുന്ദർരാജ്, എംപി.ഹരി, എ.ജി.സുരേഷ്, റ്റി.എച്ച്.മൈക്കിൾ, എസ്.ശിവകുമാർ, ക്ലിയറിങ് ഏജന്റ് സുഗുണൻ ( വിചാരണക്ക് മുമ്പേ മരണപ്പെട്ടു ) , കസ്റ്റംസ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, എസ്.രഞ്ജിത്ത്, ജോയി ആന്റണി, സുബാഷ്.ജെ.ഷേണായി, എസ്.ലേഖ, ഷെർലി ജോസഫ്, ഡി.ആർ. രാജി, കാർഗോ ഏജന്റുമാരായ പി.എസ്.ബിജു ,ഷാജു ആന്റണി, അനിൽ രാജ് എന്നിവരാണ് കേസിലെ 1 മുതൽ 16 വരെയുള്ള പ്രതികൾ. ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൃത്യമായി എത്തിച്ചു നൽകിയെന്ന് സിബിഐ ആരോപിച്ച ആറാം പ്രതിയായ ക്ലിയറിങ് ഏജന്റ് സുഗുണൻ വിചാരണക്ക് മുമ്പേ മരണപ്പെട്ടതിനാൽ ഇയാളെ കേസിൽ നിന്ന് ഒഴിവാക്കി.

മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷം 2011 ജൂലൈയിലാണ് കേസിനാസ്പദമായ നികുതി വെട്ടിപ്പ് സിബിഐ കയ്യോടെ പിടികൂടി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്തത്. വിദേശത്ത് നിന്ന് തലസ്ഥാനത്ത് വന്നിറങ്ങുന്ന യാത്രക്കാർ അറിയാതെ അവരുടെ യാത്രാരേഖകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള വില പിടിപ്പുള്ള സാധന സാമഗ്രികൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കസ്റ്റംസ് തീരുവ ഈടാക്കാതെയും തുശ്ചമായ നികുതി ഈടാക്കിയും കാർഗോ ഏജന്റുമാർ മുഖേന പുറത്തേക്ക് കടത്തിവിട്ട് സർക്കാരിന് നികുതി വരുമാന നഷ്ടം വരുത്തിയെന്നാണ് കേസ്.

2011 ജൂലൈ 5 നാണ് എഫ്.ഐ. രജിസ്റ്റർ ചെയ്തത്.എന്നാൽ എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ ഒന്നാം പ്രതിസ്ഥാനത്ത് ചേർത്ത കസ്റ്റംസ് ജോയിന്റ് കമ്മീഷണർ സോഫി.എം.ജോയിയെയും അസി.കമ്മീഷണർ റോസ് ചന്ദ്രനെയും കുറ്റപത്രത്തിൽ പ്രതിസ്ഥാനത്ത് നിന്നും സിബിഐ ഒഴിവാക്കി.പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുവരെയും കൃത്യത്തിൽ പങ്കില്ലെന്ന് കാണിച്ച് അഡീ. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാണ് പ്രതിപ്പട്ടികയിൽ നിന്ന് സിബിഐ കുറവ് ചെയ്തത്.കൊച്ചി സി ബി ഐ എസ്‌പി ഷൈനിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്.2013 ഏപ്രിൽ 11നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം.

കസ്റ്റംസ് നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥർ കൈക്കൂലി സ്ഥിരമായി വാങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ക്ലിയറിങ് ഏജന്റ് സുഗുണനാണ് അഴിമതിയിലെ മുഖ്യകണ്ണിയെന്ന് ആരോപിച്ചായിരുന്നു കേസ്. ഗൾഫിൽ തൊഴിലെടുക്കുന്നവരുടെ പേരുകളിലാണ് അവരറിയാതെ ബാഗേജുകൾ തലസ്ഥാനത്ത് എത്തുന്നത്. ന്താരാഷ്ട്ര വൈമാനികരുടെ എല്ലാ വിവരങ്ങളും എമിഗ്രേഷൻ ഓഫീസിൽ ലഭ്യമാണെന്ന് കേസിലെ തൊണ്ണൂറ്റി ഒമ്പതാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ ഡിവൈഎസ്‌പി ഡാർവിൻ കോടതിയിൽ മൊഴി നൽകി.ആസ്‌ട്രേലിയയിൽ ഉള്ള മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനെ സാക്ഷിമൊഴി നൽകാനായി കോടതിയിൽ ഹാജരാക്കാൻ പല തവണ കോടതി ആവശ്യപ്പെട്ടിട്ടും. സിബിഐ ഹാജരാക്കാത്തതിനാൽ അദ്ദേഹത്തെ കോടതി സാക്ഷിപ്പട്ടികയിൽ നിന്നൊഴിവാക്കി.കേസിലെ തൊണ്ണൂറ്റി രണ്ടാം സാക്ഷിയെയാണ് സിബിഐ ഹാജരാക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP