Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് വർഷത്തിലേറെ കണ്ണൂരിന്റെ രാഷ്ട്രീയ സമരഭൂമി; സ്വാശ്രയ കോളേജ് സമരത്തിന്റെ കാരണമായ പരിയാരം മെഡിക്കൽ കോളേജ് ഇനി സർക്കാരിന് സ്വന്തം; സംസ്ഥാനത്ത് ആദ്യമായി കറന്റ് ലാത്തി പ്രയോഗിച്ച് സമരക്കാരെ നേരിട്ടതും പരിയാരം മെഡിക്കൽ കോളേജിന് മുന്നിലെ സമരത്തിൽ

പത്ത് വർഷത്തിലേറെ കണ്ണൂരിന്റെ രാഷ്ട്രീയ സമരഭൂമി; സ്വാശ്രയ കോളേജ് സമരത്തിന്റെ കാരണമായ പരിയാരം മെഡിക്കൽ കോളേജ് ഇനി സർക്കാരിന് സ്വന്തം; സംസ്ഥാനത്ത് ആദ്യമായി കറന്റ് ലാത്തി പ്രയോഗിച്ച് സമരക്കാരെ നേരിട്ടതും പരിയാരം മെഡിക്കൽ കോളേജിന് മുന്നിലെ സമരത്തിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ഇനി സർക്കാർ മെഡിക്കൽ കോളേജ്. കഴിഞ്ഞ 25 വർഷക്കാലം കണ്ണൂർ രാഷ്ട്രീയത്തിൽ വിവാദങ്ങളും രക്ത ചൊരിച്ചിലും ഉണ്ടാവാൻ കാരണമായ സഹകരണ മേഖലയിലെ ഈ സ്വാശ്രയ സ്ഥാപനം സർക്കാർ ഏറ്റെടുത്തിരിക്കയാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുണ്ടായത് മുഖ്യമായും പരിയാരം മെഡിക്കൽ കോളേജ് സ്വാശ്രയ മേഖലയിൽ ആരംഭിച്ചതിന്റെ തുടർച്ചയെന്നോണമാണ്. എസ്.എഫ്.ഐ. യുടേയും ഡി.വൈ. എഫ്.ഐ.യുടേയും സമര കേന്ദ്രമായിരുന്നു 1995 മുതൽ ഒരു ദശവർഷക്കാലം പരിയാരം മെഡിക്കൽ കോളേജ്.

1995 ജനുവരിയിൽ ഒ.പി. വിഭാഗവും മെഡിക്കൽ കോളേജ് പ്രവേശനവവും ആരംഭിച്ചതോടെയാണ് ഇവിടം സമരഭൂമിയായത്. സി.എം. പി നേതാവ് എം. വി. രാഘവന്റെ കോഴക്കോളേജ് എന്ന പേരിലായിരുന്നു സിപിഎം. നേതാക്കളും പ്രവർത്തകരും അക്കാലത്ത് ആരോപണം ഉന്നയിച്ചിരുന്നത്. എസ്.എഫ്.ഐ. യുടെ സ്വാശ്രയ സമരത്തിൽ കേരളത്തിലാദ്യമായും അവസാനമായും ഷോക്ക് ബാറ്റൺ ഉപയോഗിച്ചതും പൊലീസ് നേരിട്ടതും പരിയാരം മെഡിക്കൽ കോളേജിന് മുന്നിലുള്ള സമരത്തിലായിരുന്നു.

രക്തചൊരിച്ചിലില്ലാതെ ഷോക്ക് ബാറ്റൺ എന്ന കറന്റ് ലാത്തി അതേ തുടർന്ന് പൊലീസ് ഉപയോഗിക്കുന്നതു തന്നെ വിലക്കുകയുണ്ടായി. കറന്റ് ലാത്തിയുടെ പ്രയോഗത്തിൽ അന്നത്തെ ഒരു എസ്.എഫ്.ഐ. നേതാവിന് സ്വകാര്യ ഭാഗത്ത് പരിക്കേറ്റു എന്നായിരുന്നു ആരോപണം. യു.ഡി.എഫും എൽ.ഡി.എഫും മാറി മറി ഭരിച്ചപ്പോഴെല്ലാം സ്വന്തക്കാരെ കുത്തി തിരുകിയെന്ന ആക്ഷേപവും പരിയാരം മെഡിക്കൽ കോളേജിനുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതയോ പരിചയമോ ഇല്ലാത്ത പലരും ഇന്നും ഈ മെഡിക്കൽ കോളേജിലെ പ്രധാന സ്ഥാനങ്ങളിലുണ്ട്.

മികച്ച അടിസ്ഥാന സൗകര്യങ്ങളും വികസന സാധ്യതകളും ഉണ്ടായിട്ടും നാളിതുവരെ ഈ മെഡിക്കൽ കോളേജ് കെടുകാര്യസ്ഥതയിൽ നിന്ന് മോചിതമായിട്ടില്ല. ഒരു മെഡിക്കൽ കോളേജിന് വേണ്ടുന്ന സ്റ്റാഫിന്റെ ഇരട്ടിയോളം പേർ ഇവിടെയുണ്ടെന്നായിരുന്നു ആരോപണം. ഇന്ന് നിലവിലുള്ള സ്ഥിരം ജീവനക്കാരെ നിലനിർത്തി ബാധ്യതകൾ സഹിതം മെഡിക്കൽ കോളേജും ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളുംഅടക്കമാണ് സർക്കാർ ഏറ്റെടുക്കുന്നത്.

എന്നാൽ നിലവിലുള്ള വിരമിക്കൽ പ്രായം ബാധകമാകുന്നതോടെ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ജോലി നഷ്ടപ്പെടും. സർക്കാർ മെഡിക്കൽ കോളേജുകളിൽ വേണ്ടുന്ന മതിയായ യോഗ്യതകൾ പരിയാരത്തിലെ ജീവനക്കാരുടെ കാര്യത്തിലും വേണ്ടി വരും. അങ്ങിനെ വന്നാൽ നിലവിലുള്ള തസ്തികയിൽ നിന്നും പലർക്കും താഴോട്ടിറങ്ങേണ്ടി വരും. യോഗ്യതയനുസരിച്ച് പുനർ വിന്യാസമാണ് ആദ്യപടി നടത്തുക. ഇതിനുള്ള പരിശോധന ഉടൻ തുടങ്ങും. 56 വയസ്സു തികഞ്ഞ നിലവിലുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.

സർക്കാർ ജീവനക്കാരുടെ പ്രായപരിധിയായിരിക്കും ഇവിടേയും നടപ്പാക്കുക. ഇനിയുള്ള നിയമനങ്ങളെല്ലാം പി.എസ്. സി. വഴിയായിരിക്കും. പൂർണ്ണമായും സർക്കാർ മെഡിക്കൽ കോളേജാകുന്നതോടെ ജീവനക്കാർക്കും രോഗികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും മെച്ചമാകും. വടക്കെ മലബാറിലെ ഏറ്റവും ആധുനിക സൗകര്യമുള്ള മെഡിക്കൽ കോളേജായി പരിയാരം മാറും. അടുത്ത അദ്ധ്്യന വർഷം മുതൽ സർക്കാർ നിരക്കിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കപ്പെടും. നൂറ് ശതമാനം സീറ്റും സർക്കാർ കോട്ടയിലുമാവും. നിലവിൽ ഇത് 50 ശതമാനം മാത്രമാണ്. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുക വഴി കൂത്തുപറമ്പിലെ രക്തസാക്ഷിത്വം വൃഥാവിലല്ലെന്ന് തെളിയിക്കപ്പെട്ടതായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP