Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദ്യുതിയെത്തിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി; കാടിനുള്ളിൽ വൈദ്യുതി ലൈൻ വലിക്കാനാകില്ലെന്ന് വാദവുമായി വനം വകുപ്പ്; നിരാഹാരത്തിനൊടുവിൽ അധികൃതരും ജനപ്രതിനിധികളും തേടിയെത്തി; സർവ്വ പിന്തുണയുമായി പൂയംകൂട്ടി മണികണ്ടംചാൽ പള്ളിവികാരി ഫാ.റോബിൻ പടിഞ്ഞാറെകൂറ്റ്; ഒടുവിൽ നടപടികളാരംഭിച്ച സന്തോഷം മറച്ച് വയ്ക്കാതെ സമരക്കാർ

വൈദ്യുതിയെത്തിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി; കാടിനുള്ളിൽ വൈദ്യുതി ലൈൻ വലിക്കാനാകില്ലെന്ന് വാദവുമായി വനം വകുപ്പ്; നിരാഹാരത്തിനൊടുവിൽ അധികൃതരും ജനപ്രതിനിധികളും തേടിയെത്തി; സർവ്വ പിന്തുണയുമായി പൂയംകൂട്ടി മണികണ്ടംചാൽ പള്ളിവികാരി ഫാ.റോബിൻ പടിഞ്ഞാറെകൂറ്റ്; ഒടുവിൽ നടപടികളാരംഭിച്ച സന്തോഷം മറച്ച് വയ്ക്കാതെ സമരക്കാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നിരാഹാരം പ്രഖ്യാപിച്ച് പ്രതിഷേധവുമായി നിലകൊണ്ടപ്പോൾ അധികൃതരും ജനപ്രതിനിധികളും തങ്ങളേ തേടിയെത്തി ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ ആഹാളാദത്തിലാണ് ഒരു പറ്റം ആദിവാസികൾ.താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറയിൽ നിന്നാണ് വാർത്താകോലാഹലങ്ങളൊന്നുമില്ലാതിരുന്നിട്ടും കാടിന്റെ മക്കൾ വലിയ നേട്ടം സ്വന്തമാക്കിയ വിവരം പുറുത്തുവന്നിട്ടുള്ളത്.താമസകേന്ദ്രമായ കുഞ്ചിപ്പാറയിലേയ്ക്ക് വൈദ്യുതി എത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടിരുന്നു.കാലുകൾ സ്ഥാപിച്ച് വനത്തിലൂടെ വൈദ്യുത ലൈൻ വലിക്കുന്നത് പ്രായോഗീകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ വാദം. 


ഭൂമിക്കടിയിലൂടെ കേബിൾ വഴി ഈ മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതായിരുന്നു ആദിവാസികളുടെ ആവശ്യം.പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാവാത്ത സാഹചര്യത്തിലാണ് ഇവർ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തത്.ഈ മാസം 5- മുതൽ ആവശ്യം അനുവദിച്ച് കിട്ടുംവരെ നിരാഹാരമനുഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് കുഞ്ചിപ്പാറ ആദിവാസിക്കുടിയിലെ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു.

പൂയംകൂട്ടി മണികണ്ടംചാൽ പള്ളിവികാരി ഫാ.റോബിൻ പടിഞ്ഞാറെകൂറ്റ് ഈ ആവശ്യത്തിന് സർവ്വ പിൻതുണ പ്രഖ്യാപിച്ച് ഇവർക്കൊപ്പം രംഗത്തിറങ്ങി.ഈ വിഷയത്തിൽ ഇടപെടണമെന്ന് ഇദ്ദേഹം തന്നെ ജോയിസ്സ് ജോർജ്ജ് എം പി,ആന്റണി ജോൺ എം എൽ എ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു.ഇതോടെ ഇവർ ഇരുവരും പ്രശ്നത്തിൽ ശക്തമായ ഇടപെടൽ നടത്തി.വൈദ്യുത മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം വാദ്യുതവകുപ്പിലെ ഉന്നതർ സ്ഥലം സന്ദർശിച്ച് സാധ്യാത പഠനം നടത്തി.ഇടുക്കിയിൽ ഇത്തരത്തിൽ പലസ്ഥലത്തും ഭൂമിക്കടയിലൂടെ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചിട്ടുണ്ടെന്നും ഇവിടെയും ഇത് സാധ്യമാവുമെന്നും ജോയിസ് ജോർജ്ജ് എം പി വെളിപ്പെടുത്തിയത് സമരക്കാർക്ക് ആവേശമായി.

താസക്കാരിൽ 60 ശതമാനത്തിനുമേൽ ആദിവാസികളുണ്ടെങ്കിൽ വൈദ്യുതീകരണത്തിന് പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ട് വിനയോഗിക്കാമെന്ന് നിയമമുണ്ടെന്നുള്ള വെളിപ്പെടുത്തൽകൂടി പുറത്തുവന്നതോടെ സ്വപ്നം സാക്ഷാൽകരിക്കാൻ കഴിയുമെന്ന സമരക്കാരുടെ വിശ്വാസം ഇരട്ടിച്ചു.ഉന്നത തലത്തിൽ നടന്ന വിലയിരുത്തലുകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ വനത്തിലൂടെ കേബിൾ ഇടുന്നതിന് ധാരണയായി.ഇതിന് അനുമതി ആവശ്യപ്പെട്ട് ഡി എഫ് ഒ യ്ക്ക് കത്തുനൽകുന്നതിനും അധികൃതർ തീരുമാനിച്ചു.തുടർന്ന് വിവരം വൈദ്യുതവകുപ്പ് അധികൃതർ കോളനിവാസികളെ അറിയിച്ചു.എന്നാൽ ഈ വിഷയത്തിൽ രേഖാമൂലം ഉറപ്പുകിട്ടാതെ സമരം പിൻവലിക്കില്ലന്നായിരുന്നു ഇവരുടെ നിലപാട്.

പിന്നാലെ ജനപ്രതിനിധികളും പള്ളിവികാരിയുമടക്കമുള്ളവരുമായി സംസാരിച്ച് പ്രശനപരിഹാരത്തിന് വൈദ്യുത വകുപ്പധികൃതർ ശ്രമം നടത്തി.തങ്ങൾ ആദിവാസികളുടെ നിലപാടിനൊപ്പമാണെന്ന് ഇവർ പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിക്കാൻ വൈദ്യുതവകുപ്പിന് മുന്നിൽ മറ്റ് മാർഗ്ഗമില്ലന്ന അവസ്ഥയായി.തുടർന്ന് വൈദ്യുത വകുപ്പധികൃതർ തീരുമാനം വ്യക്തമാക്കി രേഖതയ്യാറാക്കി കോളനിയിലെത്തി കാണിക്കാരൻ അല്ലികൊച്ചലങ്കാരന് നൽകുകയായിരുന്നു.ഫാ.റോബിൻ പടിഞ്ഞാറെക്കൂറ്റ് ,പഞ്ചായത്തംഗങ്ങളായ കാന്തി വെള്ളക്കയ്യൻ ,ഫ്രാൻസിസ് ആന്റണി , ജനസംരക്ഷണ സമിതി പ്രവർത്തകരായ സിബി മറ്റത്തിൽ, ജോർജുകുട്ടി കൂനത്താൻ, നടരാജൻ തുടങ്ങിയവരുൾപ്പെടെ ആദിവാസികളും നാട്ടുകാരും മുൾപ്പെടെ ഒട്ടേറെപേർ ഈ ശുഭമൂഹൂർത്തത്തിന് സാക്ഷികളായി.

അഞ്ച് കിലോമീറ്ററോളം വനത്തിനുള്ളിലൂടെ അണ്ടർഗ്രൗണ്ട് കേബിൾ വഴി വൈദ്യുതി എത്തിക്കാനാണ് നീക്കമെന്നും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും താമസിയാതെ ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദ്യുതവകുപ്പധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP