Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷക ആത്മഹത്യയിൽ മുൻപിൽ ഇടുക്കി; കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ ജീവനൊടുക്കിയത് ഏഴ് കർഷകർ; ഏറ്റവുമൊടുവിൽ ജയിംസ് ജോസഫ് ആത്മഹത്യ ചെയ്തത് മകളെ നഴ്‌സിങ് പഠിപ്പിക്കാനെടുത്ത വായ്‌പ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ; ഭൂരിഭാഗം കർഷകരും എടുത്തത് കാർഷികേതര വായ്‌പ്പയായതിനാൽ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ഗുണമില്ല

കർഷക ആത്മഹത്യയിൽ മുൻപിൽ ഇടുക്കി; കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ ജീവനൊടുക്കിയത് ഏഴ് കർഷകർ; ഏറ്റവുമൊടുവിൽ ജയിംസ് ജോസഫ് ആത്മഹത്യ ചെയ്തത് മകളെ നഴ്‌സിങ് പഠിപ്പിക്കാനെടുത്ത വായ്‌പ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ; ഭൂരിഭാഗം കർഷകരും എടുത്തത് കാർഷികേതര വായ്‌പ്പയായതിനാൽ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ഗുണമില്ല

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി:ജില്ലയിൽ പലകാരണങ്ങളാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 7 കർഷകർ ജീവനൊടുക്കി. അധികാരത്തിലെത്തി,ആയിരം ദിവസം പിന്നിട്ടതിന്റെ ആഘോഷം സർക്കാർ കൊണ്ടാടുമ്പോഴാണ് ഈ ഞെട്ടിക്കുന്നവിവരം പൂറത്തുവന്നിട്ടുള്ളത്. ഇടുക്കി മുരിക്കാശേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ജയിംസ് ജോസഫ് ജീവനൊടുക്കിയതാണ് ഇടുക്കിയിൽ നിന്നും ഒടുവിൽ പുറത്തുവന്ന കർഷക ആത്മഹത്യ.വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന്റെ ജപ്തി നോട്ടിസ് ലഭിച്ചതിൽ മനം നൊന്താണ് ജോസഫ് ജീവൻ വെടിഞ്ഞത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അടിമാലി ശാഖയിൽനിന്ന് ജയിംസ് വായ്പയെടുത്തിരുന്നു. മകളുടെ നഴ്സിങ് പഠനത്തിനായി 2012ൽ രണ്ടര ലക്ഷം രൂപയാണു വായ്പ എടുത്തത്. പിന്നീടുണ്ടായ കൃഷി നാശവും കാർഷിക വിളകളുടെ നാശവും കാരണം വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നു. കട ബാധ്യത വർധിച്ചതോടെ ജയിംസും കുടുംബവും താമസിച്ചിരുന്ന ഇരുമലക്കപ്പിലെ രണ്ടര ഏക്കർ കൃഷി സ്ഥലവും വീടും 9 വർഷത്തേക്കു പാട്ടത്തിനു നൽകി. കാലവർഷത്തിൽ ഈ സ്ഥലം വാസയോഗ്യമല്ലാതായതോടെ ഒരു വർഷം മുൻപ് മുരിക്കാശേരിയിൽ വാടക വീട്ടിലേക്ക് മാറി. ഇതിനിടെയാണ് മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ നിന്നും 4,64,173 രൂപയുടെ ജപ്തി നോട്ടിസ് ജയിംസിനു ലഭിച്ചത്.

വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് അധികൃതർ ജയിംസിനെ നിരന്തരം വിളിച്ചിരുന്നെന്നും ഇതേ തുടർന്നു മനോവിഷമത്തിൽ പെരിഞ്ചാൻ കുട്ടി പ്ലാന്റേഷനിൽ എത്തി ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം. കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയും ജപ്തി ഭീഷിണിയുമാണ് കർഷക ആത്മഹത്യകൾക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. നിലവിൽ ഏലക്കായയ്ക്കു മാത്രമാണു ഭേദപ്പെട്ട വില ലഭിക്കുന്നത്. ഉൽപാദനം കഴിഞ്ഞ ശേഷമാണ് വില ഉയർന്നത് എന്നതിനാൽ ഇതിന്റെ പ്രയോജനം കർഷകർക്ക് വേണ്ടവണ്ണം പ്രയോജനപ്പെടുന്നില്ല എന്ന വാദം ശക്തമാണ്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കർഷകർ ഉൽപാദനം കഴിഞ്ഞാൽ ഉടൻതന്നെ അതു വിറ്റഴിക്കുന്ന സ്ഥിതിയായിരുന്നു. ഇതു വാങ്ങി സൂക്ഷിച്ച കച്ചവടക്കാർക്കു മാത്രമാണു വില ഉയർന്നതിന്റെ ഗുണം ലഭിക്കുക എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.വിളവെടുപ്പു സീസൺ ആയിട്ടും കാപ്പി, കുരുമുളക് തുടങ്ങിയ വിളകൾക്കെല്ലാം വിലയിടിവു തുടരുകയാണ്. പ്രളയക്കെടുതിയിൽ വൻ നാശനഷ്ടം ഉണ്ടായ മേഖലകളിലെ കർഷകർ കടം കയറി നിൽക്കക്കള്ളി ഇല്ലാത്ത നിലയിലായിരിക്കുകയാണ്.

കാർഷിക വായ്പകൾക്ക് ഒരുവർഷം മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം കർഷകരും കാർഷികേതര വായ്പകളാണ് എടുത്തിരിക്കുന്നത് എന്നതിനാൽ കാര്യമായ ഗുണം ഉണ്ടായില്ല. വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ജപ്തി നോട്ടിസുകളുമായി കർഷകരുടെ വീടുകളിൽ കയറിയിറങ്ങാൻ തുടങ്ങിയതാണ് സ്ഥിതിഗതികൾ രൂക്ഷമാവാൻ കാരണം.ബാങ്ക് അധികൃതർ വഴി നാട്ടുകാരും ബന്ധുക്കളും മറ്റും ജപ്തി നടപടികളുടെ കാര്യം അറിഞ്ഞത് തങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്നാണ് ആത്മഹത്യചെയ്ത കർഷകരുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.

വാത്തിക്കുടി ചെമ്പകപ്പാറയിൽ കുന്നുംപുറത്ത് സഹദേവൻ (68) ജനുവരി 29 -നാണ് ജീവനൊടുക്കിയത്. മകന് ജപ്തി നോട്ടിസ് ലഭിച്ചതിൽ മനം നൊന്താണ് സഹദേവൻ ജീവിതമവസാനിപ്പിച്ചതെന്നാണ് ഉറ്റ ബന്ധുക്കളുടെ വെളിപ്പെടുത്തൽ.സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും വാഴ, കപ്പ തുടങ്ങിയ വിളകൾ കൃഷി ചെയ്തുവരികയായിരുന്ന വാഴത്തോപ്പ് നെല്ലിപ്പുഴക്കവലയിൽ നെല്ലിപ്പുഴ എൻ.എം. ജോണിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കൃഷിയിടത്തിൽ 7-ന് കണ്ടെത്തുകയായിരുന്നു.

കൃഷിപ്പണികൾക്കൊപ്പം കോൾഡ് സ്റ്റോറേജ് സ്ഥാപനവും നടത്തി വന്നിരുന്ന അടിമാലി ആനവിരട്ടി കോട്ടക്കല്ലിൽ രാജു (62)വിനെ 8-ന് പുരയിടത്തിലെ കൊക്കോ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വീട്ടുകാർ കൈത്തിയത്.വാത്തിക്കുടി പെരിഞ്ചാൻകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയിൽ ശ്രീകുമാ(അപ്പു-59) റിനെ 15ന് ആണ് വീടിനു സമീപം വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.പ്രളയകാലത്ത് കൃഷി നശിച്ച അടിമാലി ഇരുനൂറേക്കർ കുന്നത്ത് സുരേന്ദ്രനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ 18 -നാണ് കണ്ടെത്തിയത്.അവശതയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്കുള്ളിൽ ജീവൻ വെടിഞ്ഞു.

വിദ്യാഭ്യാസ വായ്പയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അടിമാലി ശാഖയിൽ നിന്നു ജപ്തി നടപടിക്കു നോട്ടിസ് ലഭിച്ചതിന്റെ മനോവിഷമത്താൽ ഇരുമലക്കപ്പ് വരിക്കാനിക്കൽ ജയിംസ് ജോസഫ് (54) പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്.പ്രളയത്തിൽ വീട് പൂർണമായും തകർന്നിട്ടും കുടുംബത്തിന് പുനർനിർമ്മാണത്തിനു ധനസഹായം ലഭിക്കാത്തതിൽ മനം നൊന്താണ് ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കൽ രാജൻ (62) ജീവിതം അവസാനിപ്പിച്ചത്.തകർന്ന വീടിനുള്ളിൽ തന്നെയാണ് ഇയാൾ ആത്മഹത്യചെയ്തത്. കൂലിപ്പണിക്കാരനായിരുന്നു. ഓഗസ്റ്റ് 16-ന് ഉണ്ടായ പ്രളയത്തിൽ രാജന്റെ വീടു വാസയോഗ്യമല്ലാത്ത തരത്തിൽ തകർന്നു.

പിന്നീട് സമീപത്തെ എസ്റ്റേറ്റ് ലയത്തിലേക്ക് താമസം മാറ്റി. വീട് പുനർനിർമ്മിക്കുന്നതിനു ധനസഹായം തേടി രാജൻ ഏലപ്പാറ വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പലതവണ എത്തിയിരുന്നു.ധനസഹായം ലഭിക്കാത്തതിൽ കടുത്ത മാനസിക രാജൻ കടുത്ത മനോവിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പൊലീസിൽ അറിയിച്ചിട്ടുള്ളത്. നാഥൻ നഷ്ടമായ കർഷക കുടുംബങ്ങ ഇപ്പോൾ തീ തീറ്റിയിക്കുന്നതിൽ പ്രധാനികൾ വട്ടിപ്പലിശക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമാണ്. മുതലും പലിശയും തിരിച്ചുപിടിക്കാൻ വീടുകൾ കയറി ഇറങ്ങുന്ന ഇക്കൂട്ടരുടെ കനിവില്ലാത്ത പ്രവർത്തികൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ മാർഗ്ഗമില്ലാതെ വിഷമിക്കുകയാണ് ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങൾ.

പ്രളയ കാലത്തിന് ശേഷം ഇടുക്കിയിൽ ഉണ്ടായ ആദ്യത്തെ ആത്മഹത്യ ആയിരുന്നു മേരിഗിരി സ്വദേശി സന്തോഷിന്റേത്. ജനുവരി രണ്ടിന് വിഷം കഴിച്ച നിലയിൽ സ്വന്തം കൃഷിയിടത്തിലാണ് സന്തോഷിനെ കണ്ടെത്തിയത്. വീട്ടിൽ ഭാര്യയും 5 വയസ്സുള്ള മകനും രോഗിയായ അമ്മയും മാത്രമേയുള്ളൂ. ഈ വീട്ടിലേക്കാണ് ഒരു ദയയുമില്ലാതെ കടം തിരിച്ചുപിടിക്കാൻ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും കയറിയിറങ്ങുന്നത്.
ഇച്ചിരി ഏലം ബാക്കിയൊണ്ട്, കായ്ച്ചിട്ട് തരാമെന്നും മറ്റും പറഞ്ഞപ്പോൾ അതൊക്കെ ഏത് കാലത്ത് കിട്ടാനാന്നാന്ന് ചോദിച്ച് പലിശക്കാർ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് സന്തോഷിന്റെ ഭാര്യയുടെയും മാതാവിന്റെയും വെളിപ്പെടുത്തൽ.

കെഎസ്എഫ്ഇയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ ചിട്ടിയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് 7 ലക്ഷം രൂപയും അടക്കം 17 ലക്ഷമാണ് സന്തോഷിന്റെ കടബാധ്യത. തോപ്രാം കുടിയിലെ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലായിരുന്നു സന്തോഷിന്റെ കൃഷിയെല്ലാം. ചെയ്ത കൃഷിയെല്ലാം കടം മാത്രം നൽകിയപ്പോഴും 37 വയസ്സുകാരനായ സന്തോഷിന് പ്രതീക്ഷയുണ്ടായിരുന്നു. കടം വീട്ടാനുള്ള അവസാന ശ്രമമെന്ന നിലയിൽ 6000 വാഴ നട്ടു. വീട് നിൽക്കുന്ന മുപ്പത്തി അഞ്ച് സെന്റ് ഭൂമിക്കാണ് പട്ടയം. ഇതിന് കാർഷിക വായ്പ കിട്ടിയില്ല. ഇതോടെ മറ്റെല്ലാ കർഷകരെയും പോലെ മറ്റ് പണമിടപാട് സ്ഥാപനങ്ങളെയാണ് സന്തോഷും ആശ്രയിച്ചത്. 16 മുതൽ 20 ശതമാനം വരെ പലിശയ്ക്കാണ് കടമെടുത്തത്. പ്രളയകാലത്തെ മഴയിലും കാറ്റിലും പക്ഷേ വാഴയും നശിച്ചു. ഇതോടെയായിരുന്നു ആത്മഹത്യ. സന്തോഷിന്റെ മരണശേഷമായിരുന്നു കൃഷിവകുപ്പിൽ നിന്ന് നഷ്ടക്കണക്കെടുപ്പിന് ഉദ്യോഗസ്ഥരെത്തിയത്.

കടം വാങ്ങി കൃഷിയിറക്കിയ ഇടുക്കിയിലെ നൂറ് കണക്കിന് കർഷകർ സന്തോഷ് നേരിട്ടിരുന്ന സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴുകന്മാരെപ്പോലെ വട്ടിപ്പലിശക്കാർ ഇവർക്ക് ചുറ്റുമുണ്ട്. ബാങ്കുകൾ തുടർച്ചയായി ജപ്തിനോട്ടീസുകൾ അയച്ചുകൊണ്ടേയിരിക്കുന്നു.ഇവരെ രക്ഷിക്കാൻ സർക്കാർ ഇനിയെങ്കിലും ഉണരണം.ഇല്ലെങ്കിൽ ഒരു പക്ഷേ ഇവരിലാരെങ്കിലുമൊക്കെ സന്തോഷിന്റെ പിന്മുറക്കാരായി എന്നുവരാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP