Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടലിൽ കണവകൾക്ക് കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കെണി; 'പാര'യാവുന്നത് കടലാമകൾക്ക്; കടലിൽ കൃത്രിമ കൂടുകൾ സൃഷ്ടിച്ച് നടത്തുന്ന കണവപിടിത്തം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ പരാതി; കണവ പിടുത്തക്കാർക്ക് സഹായമാകുന്നത് രാഷ്ട്രീയസ്വാധീനമുള്ള ചില തദ്ദേശീയരുടെ പിന്തുണ

കടലിൽ കണവകൾക്ക് കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കെണി; 'പാര'യാവുന്നത് കടലാമകൾക്ക്; കടലിൽ കൃത്രിമ കൂടുകൾ സൃഷ്ടിച്ച് നടത്തുന്ന കണവപിടിത്തം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ പരാതി; കണവ പിടുത്തക്കാർക്ക് സഹായമാകുന്നത് രാഷ്ട്രീയസ്വാധീനമുള്ള ചില തദ്ദേശീയരുടെ പിന്തുണ

കെ എം അക്‌ബർ

ചാവക്കാട്: തെങ്ങിൻ കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കടലിൽ കൃത്രിമ കൂടുകളുണ്ടാക്കി നടത്തുന്ന കണവപിടുത്തം 'പാര'യാവുന്നത് കടലാമകൾക്ക്. കൃത്രിമ കൂടുകൾ ഉപയോഗിച്ചുള്ള കണവ പിടുത്തം മൂലം ചത്തൊടുങ്ങുന്നത് ഒട്ടേറെ കടലാമകൾ. ചാവക്കാട് കടപ്പുറത്ത് 200 ഓളം ഫൈബർ വഞ്ചികളാണ് കണവപിടുത്തം നടത്തുന്നത്. ഒന്നിന് നാലു രൂപ നിരക്കിൽ ശേഖരിക്കുന്ന തെങ്ങിൻ കൊഴിഞ്ചിലുകലാണ് കെണിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. കണവ പിടുത്തത്തിലെ കെണി ഇങ്ങനേയാണ്. കരയിൽ നിന്നും ശേഖരിച്ച കൊഴിഞ്ചിലുകൾ നൈലോൺ ചരടിൽ കോർത്ത് മണൽ നിറച്ച ചാക്കുകളോട് ബന്ധിച്ച് കടലിൽ താഴ്‌ത്തും. പിന്നീട് കൊഴിഞ്ചിലുകൾ നിക്ഷേപിക്കുന്ന സ്ഥലം മിനി കമ്പ്യൂട്ടറുകളിൽ രേഖപ്പെടുത്തും.

കൊഴിഞ്ചിലുകൾ ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ കൂടുകളിലേക്ക് കണവകൾ കൂട്ടത്തോടെയെത്തും. കൂട്ടത്തോടെയുള്ള കൊഴിഞ്ചിലുകളുടെ നിക്ഷേപംമൂലം തുരുത്തുപോലെയാകുന്ന ഇവിടെ കണവകൾക്ക് മുട്ടയിടാനുള്ള സാഹചര്യം കൃത്രിമമായി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കുശേഷം മത്സ്യത്തൊഴിലാളികൾ ജിപിഎസ് സംവിധാനത്തിലൂടെ സ്ഥാനനിർണയം നടത്തി കൊഴിഞ്ചിലുകൾ നിക്ഷേപിച്ചയിടങ്ങിലെത്തി മുട്ടടിയിടാനെത്തുന്ന കണവകളെ ചൂണ്ടകൾ ഉപയോഗിച്ച് പിടികൂടും. വലിയ ചൂണ്ടയാണ് ഇതിനായി ഉപയോഗിക്കുക. ചൈനീസ് നിർമ്മിത ചൂണ്ടകളും കണവക്കൂട്ടങ്ങളെ ആകർഷിക്കാൻ വർണത്തുണികളും ചിലർ ഉപയോഗിക്കുന്നുണ്ട്. ആഴക്കടലിലെ പ്രകൃതിദത്തമായ പാറക്കെട്ടുകൾക്കിടയിലാണ് കണവകൾ സാധാരണ പ്രജനനം നടത്തുക.

ആഴക്കടലിലെ മത്സ്യബന്ധനം അപകടമേറിയതും ചെലവേറിയതിനാലാണ് തീരക്കടലിൽ കൊഴിഞ്ചിൽ ഉപയോഗിച്ച് കൃത്രിമ കൂടുകൾ സൃഷ്ടിച്ച് കണവ പിടുത്തം നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. കുളച്ചൽ, മാർത്താണ്ഡം, വിഴിഞ്ഞം, പൂവ്വാർ എന്നീ തെക്കൻ പ്രദേശങ്ങളിലുള്ളവരാണ് ചാവക്കാട് കടപ്പുറത്ത് കണവ പിടുത്തത്തിലേർപ്പെട്ടിരിക്കുന്നത്. അതേ സമയം, കടലിൽ കൃത്രിമ കൂടുകൾ സൃഷ്ടിച്ച് വ്യാപകമായി കണവപിടിത്തം നടത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഒരു തവണ കണവപിടിത്തത്തിന് പോകുമ്പോൾ കൊഴിഞ്ചിലുകൾ കൂടാതെ 50 മുതൽ 100 വരെ മണൽ നിറച്ച ചാക്കുകളും കടലിലേക്ക് കൊണ്ടുപോകും.

ഇത്തരത്തിൽ ഒരു ദിവസം തന്നെ ഒരോ ഫൈബർ വഞ്ചിക്കാരും ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകളാണ് മണൽനിറച്ച് കടലിൽ നിക്ഷേപിക്കുന്നത്. ഇത് വൻ പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പാരമ്പര്യ മത്സ്യബന്ധനത്തൊഴിലാളികൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഈ രീതി കടലിലെ മറ്റുള്ള ജീവികളുടെ ആവാസവ്യവസ്ഥയും തകർക്കുകയാണ്. ഇത്തരം കൃത്രിമ കൂടുകളിൽ കുടുങ്ങി ജീവൻ നഷ്ടമായ നിരവധി കടലാമകളാണ് കരക്കടിയുന്നത്. മുമ്പ് കെണി വെച്ചുള്ള കണവ പിടുത്തതിനേതിരേ ഫിഷറീസ് വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും രാഷ്ട്രീയസ്വാധീനമുള്ള ചില തദ്ദേശീയരുടെ ഇടപെടലുകളെ തുടർന്ന് അത് നിലക്കുകയും കണവപിടുത്തം വ്യാപകമാവുകയുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP