Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ കെഎസ്ആർടിസി കണ്ടക്ടർ; ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തല്ലും മുഖത്ത് കാർക്കിച്ച് തുപ്പലും; ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരെ കേസെടുത്ത് പൊലീസ്

ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ കെഎസ്ആർടിസി കണ്ടക്ടർ; ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തല്ലും മുഖത്ത് കാർക്കിച്ച് തുപ്പലും; ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരെ കേസെടുത്ത് പൊലീസ്

ആർ പീയൂഷ്

കൊച്ചി: രാത്രിയിൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതിരുന്നത് ചോദ്യം ചെയ്ത പത്താംക്ലാസ്സ് വിദ്യാർത്ഥിയുടെ മുഖത്ത് കാർക്കിച്ചു തുപ്പിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരെയാണ് പിറവം പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. എസ്.എസ്.എൽ.സി പരീക്ഷയ്ക്കു മുന്നോടിയായി കുടുംബക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങുകയായിരുന്ന പിറവം സ്വദേശിനിയായ 10-ാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. വൈറ്റില-സീതത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസിലായിരുന്നു സംഭവം.

മല്ലപ്പള്ളിയിലുള്ള ക്ഷേത്രത്തിൽ അമ്മയ്ക്കൊപ്പം ദർശനം നടത്തി തിരികെ വരികയായിരുന്നു. സമയം രാത്രി ഏറെ വൈകിയതിനാൽ പിറവം മുല്ലൂർപടിയിൽ നിർത്തുമോ എന്ന് ഡ്രൈവറോട് ചോദിച്ചു. കണ്ടക്ടർ പറഞ്ഞാൽ ബസ് നിർത്താം എന്നാണ് ഡ്രൈവർ പറഞ്ഞത്. അതിൻ പ്രകാരം സ്റ്റോപ്പിൽ നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ കൂട്ടാക്കാതെ ഡബിൾ ബല്ലടിച്ചു. ജയിൽ പടി ജംഗ്ഷനിലെത്തിയപ്പോഴും നിർത്താൻ പറഞ്ഞെങ്കിലും വീണ്ടും ഡബിൾ ബല്ലടിച്ചു വിട്ടു. എല്ലാ ഫാസ്റ്റ് പാസഞ്ചർ ബസുകളും നിർത്താറുള്ള സ്റ്റോപ്പായിട്ടും ബസ് നിർത്താതിരുന്നതോടെ യാത്രക്കാർ ബഹളം വച്ചു. ഇതോടെ കെ.എസ്.ഇബി യുടെ അടുത്ത് പോസ്റ്റോഫീസ് ജംഗ്ഷനിൽ ഒടുവിൽ വണ്ടി നിർത്തി. അപ്പോൾ വിദ്യാർത്ഥിനിയുടെ അമ്മ കണ്ടക്ടറോട് നിങ്ങൾ എന്ത് മനുഷ്യത്വമില്ലാതെയാണ് പെരുമാറിയത്. ഞങ്ങൾ രണ്ടു പെണ്ണുങ്ങളല്ലേ. രാത്രിയിൽ ഈ കുട്ടിയുമായി രണ്ടു കിലോമീറ്ററോളം പുറകോട്ട് ഒറ്റയ്ക്ക് നടക്കണ്ടേ എന്ന് ചോദിച്ചു. പേടിയാണെങ്കിൽ നീ നിന്റെ കെട്ടിയോനെ കൂടി കൂട്ടിക്കണ്ട് നടക്കടീ എന്ന് പറയുകയും ഇതിനിടയിലുണ്ടായ വാക്കു തർക്കത്തിൽ പെൺകുട്ടിയുടെ മുഖത്തേക്ക് രണ്ട് തവണ കാർക്കിച്ച് തുപ്പുകയുമായിരുന്നു. പാലാ ഡിപ്പോയിലെ ബസാണിത്. മുളന്തുരുത്തി തുരുത്തിക്കരയിൽ നിന്നാണു മാതാവിനൊപ്പം വിദ്യാർത്ഥിനി ബസിൽ കയറിയത്.

പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്ത ശേഷമാണ് കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. അതേ സമയം പാലാ ഡിപ്പോയിൽ പരാതി ലഭിച്ചപ്പോൾ തന്നെ എ.ടി.ഒ ഷിബു വിവരം ചീഫ് ഓഫീസിൽ അറിയിക്കുകയും വിശദമായ അന്വേഷണം നടത്തണമെന്നാവസ്യപ്പെടുരയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി കോട്ടയം വിജിലൻസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയായ പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്തു. അന്വേഷമത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്സപെന്റ് ചെയ്യുമെന്നാണ് വിവരം. കണ്ടക്ടർ എന്താണ് വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത് എന്ന് വ്യക്തമല്ല.

പിറവം പൊലീസ് സംഭവത്തിൽ കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. ദൃക്സാക്ഷികളെ അടക്കം പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. രാത്രി യാത്രയിൽ സ്ത്രീകൾ പറയുന്ന സ്ഥലത്ത് ബസ് നിർത്തി കൊടുക്കണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് കണ്ടക്ടറുടെ ഈ പ്രവർത്തി. സ്ത്രീകൾ ആവശ്യപെടുന്നപക്ഷം വൈകിട്ട് ആറര കഴിഞ്ഞ് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകൾ നിർത്തി ഇറങ്ങാൻ അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. ഇതിനായി വേണ്ടത്ര സമയം ബസ് ജീവനക്കാർ ചിലവഴിക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്ന് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഫലത്തിൽ രാത്രി ആറര കഴിഞ്ഞാൽ സ്ത്രീകൾക്ക് ബസ് സ്റ്റോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മറ്റ് ഒട്ടേറെ നിർദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.

സംസ്ഥാനത്തെ എല്ലാ ബസുകളിലെയും കണ്ടക്ടർമാർ സ്ത്രീപീഡനത്തിന് എതിരെ പരാതിപ്പെടാനുള്ള അപേക്ഷ കൈവശം വയ്ക്കണം. ആവശ്യമെങ്കിൽ പരാതിക്കാരായ സ്ത്രീകളിൽനിന്നും കണ്ടക്ടർ പരാതി എഴുതിവാങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നൽകണം. എല്ലാ ബസുകളിലും ചൈൽഡ് ലൈൻ, സ്ത്രീ സുരക്ഷയ്ക്കുള്ള ഹെൽപ് ലൈൻ, ആർ.ഡി.ഒ എന്നിവരുടെ ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കണം. സ്വകാര്യ ബസാണെങ്കിൽ ഉടമയുടെ നമ്പർ എന്നിവ മുമ്പിലും പുറകിലും രജിസ്‌ട്രേഷൻ നമ്പരിന് അടുത്തായി പ്രദർശിപ്പിക്കണമെന്നും സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP