Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്ഥാനാർത്ഥി ജയിലിലാണെങ്കിലും പ്രവർത്തകർ ഓരോരുത്തരും വോട്ടുറപ്പിക്കാൻ കളത്തിൽ; എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് വേണ്ടി അടിത്തട്ടിൽ ശക്തമായ പ്രചരണം നടത്താനൊരുങ്ങി ബിജെപി; അയ്യപ്പ വികാരം ആളിക്കത്തിയാൽ രണ്ടാം സ്ഥാനമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷ

സ്ഥാനാർത്ഥി ജയിലിലാണെങ്കിലും പ്രവർത്തകർ ഓരോരുത്തരും വോട്ടുറപ്പിക്കാൻ കളത്തിൽ; എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് വേണ്ടി അടിത്തട്ടിൽ ശക്തമായ പ്രചരണം നടത്താനൊരുങ്ങി ബിജെപി; അയ്യപ്പ വികാരം ആളിക്കത്തിയാൽ രണ്ടാം സ്ഥാനമെങ്കിലും ലഭിക്കുമെന്നും പ്രതീക്ഷ

സജീവൻ വടക്കുമ്പാട്

കോഴിക്കോട്: അയ്യന്റെ പേര് പറഞ്ഞ് പ്രസംഗിച്ച തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപിക്ക് പിടിവീണപ്പോൾ കോഴിക്കോട് അയ്യന്റെ പേരിൽ ജയിലിലടക്കപ്പെട്ട സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഇപ്പോൾ ചൂടേറിയ പ്രചരണം നടത്തുന്നത്. ശബരിമലയിൽ 52 കാരിയെ തടഞ്ഞെന്ന കുറ്റത്തിന് കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാർത്ഥിയും യുവമോർച്ചാ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.കെ.പി പ്രകാശ് ബാബു ജയിലിലടക്കപ്പെട്ടിട്ട് ദിവസം 10 കഴിഞ്ഞു. പ്രചരണം കൊഴുപ്പിക്കുന്നതിനിടെയാണ് പ്രകാശ് ബാബുവിനെ റാന്നി കോടതി ശബരിമല വിഷയത്തിൽ റിമാൻഡ് ചെയ്തത്. ഇതോടെ നാമനിർദേശ പത്രിക പോലും കോടതി നിർദേശ പ്രകാരം ജയിലിൽ നിന്ന് ഒപ്പ് വെച്ച് കൊടുക്കേണ്ട ഗതികേടാണ് സ്ഥാനാർത്ഥിക്ക് വന്നത്.

ജയിലിൽ വെച്ച് പത്രിക തയ്യാറാക്കി ഒപ്പ് വെച്ച് ബിജെപി നേതാക്കളാണ് വരണാധികാരിക്ക് സമർപ്പിച്ചിരുന്നത്. പ്രകാശ് ബാബുവിന്റെ ജാമ്യ ഹരജിയിൽ തീർപ്പ് കൽപ്പിക്കും വരെ പ്രവർത്തകർ ആവേശത്തോടെ സ്ഥാനാർത്ഥിയുടെ പ്രചരണം ഏറ്റെടുത്തു കഴിഞ്ഞു. പ്രകാശ് ബാബുവിന്റെ ചിത്രം ആലേഖനം ചെയ്ത മുഖം മൂടി ധരിച്ചാണ് പ്രവർത്തകർ കോഴിക്കോട് മണ്ഡലത്തിൽ ഇപ്പോൾ വോട്ട് തേടാൻ ഇറങ്ങുന്നത്. ഇതൊരു അപൂർവ്വ കാഴ്ചയായി വോട്ടർമാർക്ക് തോന്നാമെങ്കിലും ശബരിമല വിഷയത്തിൽ പിണറായി സർക്കാർ നടത്തിയ കള്ളക്കളികളെ ഇതിലൂടെ സ്ത്രീ മനസിലുൾപ്പെടെ പതിയാൻ കാരണമാവുമെന്നാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്.

ബിജെപി ദേശീയ ജന.സെക്രട്ടറി പി.കെ കൃഷ്ണദാസിനാണ് കോഴിക്കോട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പ്രചരണ നേതൃത്വം ഏൽപ്പിച്ചിട്ടുള്ളത്. ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടെ കോഴിക്കോട്ടെത്തിച്ച് ശബരിമല വിഷയം ആളിക്കത്തിക്കാൻ തന്നെയാണ് ബിജെപി ശ്രമം. പ്രകാശ്ബാബുവിനെ ജയിലിലടച്ച സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് തന്നെ വിശദീകരണം നൽകി പ്രചരണം കടുപ്പിക്കാനാണ് ബിജെപി തീരുമനാം.

ഇന്നെല കോഴിക്കോട് നടന്ന ബിജെപി യോഗത്തിൽ പ്രകാശ്ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണം യുവമോർച്ച പ്രവർത്തകരെ ഏൽപ്പിക്കാൻ തീരുമാനിച്ചു. വീടുകൾ കയറി ശബരിമല വിഷയത്തിലാണ് തങ്ങളുടെ സ്ഥാനാർത്ഥി ജയിലിലായതെന്നും പിണറായി സർക്കാറിന്റെ പീഡനത്തിനെതിരെ വിധിയെഴുതണമെന്നും കോൺഗ്ര്‌സ് ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പ് കളിക്കുകയായിരുന്നെന്ന നിലയിലുള്ള പ്രചരണ പരിപാടിയാണ് യുവമോർച്ച സംഘടിപ്പിക്കുന്നത്. അതിനിടെ പ്രകാശ് ബാബുവിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാംകുമാർ ഹൈക്കോടതി മുമ്പാകെ ജാമ്യ ഹരജി നൽകിയിരിക്കുകയാണ്. ഇതിൽ ഇന്നോ നാളയെ കോടതി തീർപ്പ് കൽപ്പിക്കുമെന്ന് ബി,.ജെ.പി നേതൃത്വം കണക്ക് കൂട്ടുന്നു.

സ്ഥാനാർത്ഥിക്ക് ജാമ്യം ലഭിക്കുകയാണെങ്കിൽ അത് വലിയൊരു ഉത്സവ ലഹരിയാക്കി മാറ്റി പ്രചരണത്തിന് കോപ്പ് കൂട്ടാമെന്ന കണക്ക് കൂട്ടലിലുമാണ് ബിജെപി നേതൃത്വം. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ ഒളി കാമറ വിവാദത്തിൽ കുടുങ്ങിയതോടെ ഇതിനിടയിൽ കൂടി ബിജെപി രണ്ടാം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം കൂടി നടത്തുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രദീപ്കുമാർ ശക്തമായി രംഗത്തിറങ്ങി തന്റെ പ്രതിഛായ ഒന്ന് കൂടെ വർധിപ്പിച്ചതോടെ യു.ഡി.എഫ് ക്യാമ്പുകളിൽ ഒളി കാമറ ഉണ്ടാക്കിയ മ്ലാനത തെല്ലൊന്നുമല്ല അലട്ടുന്നത്. ഇതാണ് ബിജെപിയും സഹതാപ തരംഗത്തിലൂടെയെങ്കിലും സത്രീ മനസുകളിൽ ഇടം നേടി രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ശ്രമം നടത്തുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP