Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; പൊന്നാനിയിൽ മാത്രം പൂർണമായും തകർന്നത് പത്തിലധികം വീടുകൾ; അമ്പതോളം വീടുകൾ ഭാഗികമായും തകർന്നു; നൂറിലേറെ വീടുകളിലേക്ക് കടൽ വെള്ളം കയറി മണലും ചെളിയും നിറഞ്ഞ അവസ്ഥയിൽ; നൂറുകണക്കിന് തെങ്ങുകൾ കടലെടുത്തു; നിലയില്ലാ കയത്തിലായി കടലോരവാസികൾ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; പൊന്നാനിയിൽ മാത്രം പൂർണമായും തകർന്നത് പത്തിലധികം വീടുകൾ; അമ്പതോളം വീടുകൾ ഭാഗികമായും തകർന്നു; നൂറിലേറെ വീടുകളിലേക്ക് കടൽ വെള്ളം കയറി മണലും ചെളിയും നിറഞ്ഞ അവസ്ഥയിൽ; നൂറുകണക്കിന് തെങ്ങുകൾ കടലെടുത്തു; നിലയില്ലാ കയത്തിലായി കടലോരവാസികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കടൽകലിതുള്ളിത്തുടങ്ങിയതോടെ നിലയില്ലാകയത്തിലായി കടലോരവാസികൾ, മലപ്പുറം ജില്ലാതിർത്തിയായ കാപ്പിരിക്കാട് മുതൽ പൊന്നാനി ലൈറ്റ് ഹൗസ് വരെയുള്ള പത്തിലധികം വീടുകൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ പൂർണ്ണമായും കടലെടുത്തു. പൊന്നാനി മുറിഞ്ഞിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമാണ് കനത്ത നാശനഷ്ടമുണ്ടായത്.പൊന്നാനി മുറിഞ്ഞഴിയിലെ പഴയപുരയ്ക്കൽ നഫീസ, സ്രാങ്കിന്റെ താഹിറ, കുട്ട്യാമാക്കാനകത്ത് സുഹ്റ ,ചന്തക്കാരന്റെറ ഷരീഫ, പൊന്നാനി ലൈറ്റ് ഹൗസിനു സമീപത്തെ കമ്മാലിക്കാ ന കത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈർ, വെളിയങ്കോട് തണ്ണിത്തുറയിലെ ഹംസയുടെ വീടും പൂർണ്ണമായും തകർന്നു.

അമ്പതോളം വീടുകൾ ഭാഗികമായും തകർന്നു. നൂറിലേറെ വീടുകളിലേക്ക് കടൽ വെള്ളം കയറി മണലും, ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ നൂറുകണക്കിന് തെങ്ങുകൾ കടലെടുക്കുകയും ചെയ്തു.പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാർ പള്ളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിൽ കടൽ ആഞ്ഞടിക്കുകയാണ്.

അതിശക്തമായ തിരമാലകളിൽ കടൽവെള്ളം നൂറ്റി അമ്പതോളം വീടുകളിലേക്ക് കയറി. മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. മുറിഞ്ഞഴിഭാഗത്തെ ആല്യാമാക്കാനകത്ത് ഇമ്പിച്ചി ബീവി, ആല്യമാക്കാനകത്ത് അശ്‌റഫ്, കുട്ട്യാമാക്കാനകത്ത് ഹംസ, മഞ്ഞിങ്ങാന്റകത്ത് അശ്റഫ് ,കുഞ്ഞി മരക്കാരകത്ത്സീനത്ത് തുടങ്ങിയവരുൾപ്പെടെ നൂറോളം വീടുകളിലേക്കാണ് വെള്ളം കയറിയത്. ഈ മേഖലയിൽ മിക്ക വീടുകളും, അൻപത് മീറ്ററിനകത്താണ് സ്ഥിതി ചെയ്യുന്നത്. വേലിയേറ്റ സമയമായ ഉച്ചമുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടൽ തിരമാലകൾ ആഞ്ഞടിക്കുന്നത്.

ശാശ്വതമായി പുനരധിവസിപ്പിക്കണം

അതേ സമയം പൊന്നാനിയിൽ രൂക്ഷമായ കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കണമെന്നും, കടൽ ഭിത്തിയില്ലാത്തയിടങ്ങളിൽ ഉടൻ കടൽഭിത്തി നിർമ്മിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തഹസിൽദാറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് തഹസിൽദാർ ഓഫീസിലെത്തിയ നേതാക്കൾ എൽ.എ. ഡപ്യൂട്ടി കലക്ടർ കെ.ചാമിക്കുട്ടി, തഹസിൽ എം.ഡി.ലാലു എന്നിവരുമായി ചർച്ച നടത്തി. കടലാക്രമണ ബാധിതരുടെ പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

താല്ക്കാലിക പരിഹാരം അടിയന്തരമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നഷ്ടങ്ങൾ കണക്കാക്കുന്ന പ്രകൃയകൾ ആരംഭിച്ചെന്നും, സ്ഥിരം പുനരധിവാസത്തിന് സർക്കാറിന് ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡപ്യൂട്ടി കലക്ടർ സമരക്കാർക്ക് ഉറപ്പ് നൽകി. തുടർന്ന് ആവശ്യങ്ങളടങ്ങിയ നിവേദനം, ഡപ്യൂട്ടി കലക്ടർക്കും, ഇറിഗേഷൻ വകുപ്പിനും കൈമാറി. പ്രതിഷേധ മാർച്ച് അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.എം.മൊയ്തീൻ ബാവ അധ്യക്ഷത വഹിച്ചു.ക.മുനീബ്, വി.വി.ഹമീദ്, വി.പി. ഹുസൈൻകോയ തങ്ങൾ, ഫൈസൽ കടവ്, കെ.ആർ.റസാഖ് എന്നിവർ സംസാരിച്ചു.മാർച്ചിന് എൻ.ഫസലുറഹ്മാൻ, വി.പി.സുരേഷ് ഉസ്മാൻ പുതു പൊന്നാനി, സി.മൊയ്തീൻ എന്നിവർ നേതൃത്വം നൽകി


കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ

പൊന്നാനി കാപ്പിരിക്കാട് മുതൽ പൊന്നാനി അഴീക്കൽ വരെയുള്ള തീരദേശമേഖലയിൽ വലിയതോതിലുള്ള കടൽക്ഷോഭമാണ് നടക്കുന്നത് നിരവധിയാളുകളുടെ വീടുകൾ നഷ്ടപ്പെടുകയും, മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങളുൾപ്പെടെ വലിയ നാശനഷ്ടങ്ങൾക്കാണ് പേരദേശം സാക്ഷ്യം വഹിച്ചത്. ഈ പ്രദേശത്ത് താമസിക്കുന്ന മുഴുവൻ ആളുകളുടെയും വീടുകളിൽ കടലാക്രമണത്തിന്റെ ഫലമായി കുടിവെള്ള സ്രോതസ്സുകൾ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ വളരെ ദയനീയമാണ്. ഇത്തരം സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ അടിയന്തിരസഹായം ലഭ്യമാക്കണമെന്ന് സിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാകമ്മിറ്റി മെമ്പർ എം.കെ മുഹമ്മദ് സലീം അദ്ധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ പി.പി.സുനീർ, ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്‌കൊളാടി, പി.കുഞ്ഞിമൂസ, എൻ.കെ സൈനുദ്ധീൻ, പി.രാജൻ, എ.കെ ജബ്ബാർ, പി.പി.ഹനീഫ, സുബൈദാ ബക്കർ, കെ.കെ ബാലൻ, വി.ഹംസ തുടങ്ങിയവർ സംസാരിച്ചു. കടൽക്ഷോഭം ബാധിച്ച പ്രദേശങ്ങൾ സിപിഐ നേതാക്കന്മാരായ മുനസിപ്പൽ കൗൺസിലർ സിപിഐ ജില്ലാ കമ്മിറ്റി മെമ്പറുമായ എ.കെ ജബ്ബാർ, മണ്ഡലം സെക്രട്ടറി പി.രാജൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.കെ.മുഹമ്മദ് സലീം, ജില്ലാ കമ്മിറ്റി മെമ്പർ പി.പി.ഹനീഫ എന്നിവർ സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP