കുട്ടികളിൽ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു കൊടുക്കാനും സംഗീത കഴിവുകൾ വികസിപ്പിക്കാനും പുത്തൻ ആശയം; പ്രീസ്കൂൾ സംഗീത പഠനത്തിലെ വിപ്ലവമായി അൽഫോൻസ് ജോസഫിന്റെ കിന്റർ മ്യൂസിക് ലാന്റ്
June 20, 2019 | 11:00 PM IST | Permalink

പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: 'സംഗീതം, വിദ്യാഭ്യാസം എന്നിവയുടെ ശോഭനഭാവിയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്'. താൻ രൂപകല്പന ചെയ്ത കിന്റർ മ്യൂസിക് ലാന്റ് (കെ.എം.എൽ) എന്ന സംരംഭത്തെക്കുറിച്ചു പ്രമുഖ സംഗീത സംവിധായകനും പിന്നണിഗായകനും വിദ്യാഭ്യാസ വിചക്ഷണനുമായ അൽഫോൻസ് ജോസഫിന്റെ വാക്കുകളാണിത്. പ്രീസ്കൂൾ കുട്ടികളിൽ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു കൊടുക്കാനും സംഗീത കഴിവുകൾ വികസിപ്പിക്കാനും രൂപകൽപ്പന ചെയ്ത് ഏഷ്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സംഗീത പാഠ്യപദ്ധതി, കുട്ടികളുടെ സമഗ്രവികസനമാണു ലക്ഷ്യമിടുന്നത്. 2019ലെ ലോക സംഗീത ദിനാചരണത്തിനു മുന്നോടിയായി കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, ഈ നുതന പഠനപരിപാടിയുടെ 'പ്രീലോഞ്ച് വേൾഡ് പ്രസ് പ്രീമിയർ' നടത്തി. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക നേതാക്കളും പങ്കെടുത്തു.
ഗർഭം ധരിക്കപ്പെടുന്ന കാലം മുതൽ സംഗീതം കുഞ്ഞിനെ ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കിന്റർ മ്യൂസിക് ലാന്റ് എന്ന ആശയത്തിനു ആവിഷ്കാരമേകിയതെന്ന് അൽഫോൻസ് പറയുന്നു. നിർഭാഗ്യവശാൽ, നമ്മുടെ മിക്ക സംഗീത വിദ്യാഭ്യാസ പരിപാടികളും കുട്ടികളുടെ പ്രധാന രൂപീകരണ വർഷങ്ങളെ (നാല് മുതൽ എട്ടു വയസു വരെ) കാര്യമായി പരിഗണിക്കാത്ത അവസ്ഥ ഇന്നുണ്ട്.
ഈ വിടവ് നികത്തി, സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ ക്രിയാത്മക നൈപുണ്യ വികസന വഴികളിലൂടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് എത്തിക്കാനാണു കിന്റർ മ്യൂസിക് ലാന്റ് ലക്ഷ്യമിടുന്നത്. ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിൽനിന്ന് വിദ്യാഭ്യാസം നേടിയ സംഗീതജ്ഞനും ക്രോസ്റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിന്റെ (സിആർഎസ്എം) സ്ഥാപകനുമായ അൽഫോൻസ്, സംഗീത വിദ്യാഭ്യാസത്തിന്റെയും ചികിത്സാ, സാമൂഹികപരിവർത്തനം ലക്ഷ്യമിട്ടുള്ള സംഗീത പരീക്ഷണങ്ങളിലും മുൻപന്തിയിലുണ്ട്.
ഷാർജയിലെ മെഡി മ്യൂസിക്ടെക്കിൽനിന്നുള്ള ഡോ. എം.എഫ്. ഡേവിസിനും ആന്ധ്രാപ്രദേശിലെ നാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർക്കുമൊപ്പം, കുട്ടികൾക്ക് അനുയോജ്യമായ മൂന്നു രാഗങ്ങളിൽ അൽഫോൻസ് ജോസഫ് മ്യൂസിക് ട്രാക്കുകൾ കംപോസ് ചെയ്തു. ഇത് അമ്മമാരിലൂടെ ഗർഭാവസ്ഥയിലുള്ള90 ഭ്രൂണങ്ങളെ കേൾപ്പിച്ചു. വൈവിധ്യമാർന്ന സാമൂഹിക സാംസ്കാരിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു ഈ അമ്മമാർ. പ്രീനേറ്റൽ സോണോഗ്രാഫക് ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചത്. സംഗീതം ശ്രവിക്കാത്ത ഭ്രൂണങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാൾ, സംഗീതം ശ്രവിച്ചവയുടെ പ്രതികരണം വളരെ ശ്രദ്ധേയമായാണു രേഖപ്പെടുത്തിയത്.
ക്രോസ്റോഡ്സ് മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ 2013 ൽ സ്ഥാപിതമായ സിആർഎസ്എമ്മിന്റെ പത്തടിപ്പാലത്തെ പ്രധാന കാമ്പസിൽ 400ഓളം വിദ്യാർത്ഥികൾ പരിശീലിക്കുന്നു. പഠിതാക്കളുടെ എണ്ണം കൂടുന്നതു പരിഗണിച്ച് കഴിഞ്ഞ വർഷം പനമ്പിള്ളി നഗറിൽ പുതിയ സെന്റർ കൂടി ആരംഭിച്ചു. ലണ്ടൻ ട്രിനിറ്റി കോളജ് പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള വിവിധ പെർഫോമൻസ് ആർട്സ് കോഴ്സുകൾക്കു പുറമേ, ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷനിൽ പ്രത്യേക ഹ്രസ്വകാല ഡിപ്ലോമയും കുട്ടികൾക്കായി പതിവ് സമ്മർ ക്യാമ്പുകളും നൽകുന്നുണ്ടെന്ന് ക്രോസ്റോഡ് സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടർ രജനി അൽഫോൻസ് പറഞ്ഞു.