ചവർ ഇടരുത് എന്ന് ബോർഡ് കണ്ടിട്ടും വകവെച്ചില്ല; അതും ഗവർണറുടെ വസതിക്ക് തൊ്ട്ടടുത്ത്; വീട്ടിലെ മാലിന്യം പൊതുവിടത്തിൽ നിക്ഷേപിച്ചയാൾക്ക് 25500 രൂപ പിഴ
June 25, 2019 | 09:48 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇവിടെ ചവർ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്. പിഴ ഒടുക്കുന്നതാണ് എന്ന ബോർഡ് കണ്ടിട്ടും അവിടെ ചവർ ഇട്ടാല് പിന്നെ പിടി വീഴാതിരിക്കുമോ ? അതും ഗവർണ്ണറുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്തുള്ള മന്മോഹൻ ബംഗ്ലാവിന് മുന്നിൽ.പൊതുവിടത്തിൽ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെൽത്ത് ഇൻസ്പെക്ടർ പിടികൂടി പിഴ ചുമത്തി. നഗരസഭയിലെ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ വെള്ളയമ്പലം മന്മോഹൻ ബംഗ്ലാവിന് എതിർവശത്ത് ചൊവ്വാഴ്ച വെളുപ്പിന് മാലിന്യം നിക്ഷേപിച്ച വെങ്ങാനൂർ സ്വദേശി സുനിൽ കുമാറിൽ നിന്നാണ് പിഴ ഈടാക്കിയത്. നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ ഇയാളെ പിടികൂടി 25500 രൂപ പിഴ ചുമത്തി.
പരിസ്ഥിതി വാരാചാരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കരിയിലകൾ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. വെള്ളയമ്പലം കവടിയാർ റോഡിൽ മന്ത്രിമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കരിയിലപ്പെട്ടിക്ക് സമീപമാണ് മാലിന്യം നിക്ഷേപിച്ചത് പിടികൂടിയത് . വെളുപ്പിന് 4.30 മണിയോട് കൂടിയാണ് മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയാണ് പിഴ ചുമത്തിയത്. പിഴ തുക നഗരസഭ ട്രഷറിയിൽ ഒടുക്കി.
