Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്തൂർ സംഭവത്തിൽ പാർട്ടി നിലപാട് കീഴ്കടകങ്ങളിൽ എത്തിക്കാൻ സിപിഎം; ജില്ലാകമ്മിറ്റി കൂടുക ഇപി ജയരാജൻേയും കോടിയേരിയുടേയും സാന്നിധ്യത്തിൽ; എതിർ നിലപാടെടുത്ത പി ജയരാജനും ജയിംസ് മാത്യുവും കമ്മിറ്റിക്കെത്തും; ഭിന്നത രൂക്ഷമാകുന്നത് എതിരാളികൾക്ക് വടികൊടുക്കുന്നതിന് തുല്യമെന്ന് വിലയിരുത്തലും

ആന്തൂർ സംഭവത്തിൽ പാർട്ടി നിലപാട് കീഴ്കടകങ്ങളിൽ എത്തിക്കാൻ സിപിഎം; ജില്ലാകമ്മിറ്റി കൂടുക ഇപി ജയരാജൻേയും കോടിയേരിയുടേയും സാന്നിധ്യത്തിൽ; എതിർ നിലപാടെടുത്ത പി ജയരാജനും ജയിംസ് മാത്യുവും കമ്മിറ്റിക്കെത്തും; ഭിന്നത രൂക്ഷമാകുന്നത് എതിരാളികൾക്ക് വടികൊടുക്കുന്നതിന് തുല്യമെന്ന് വിലയിരുത്തലും

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂർ നഗരസഭാ വിഷയത്തിൽ യു.ഡി.എഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങളെ നേരിടാൻ സിപിഎം. ഒരുങ്ങുന്നു. അടുത്ത ജില്ലാ കമ്മിറ്റിക്ക് മുമ്പാകെ ആന്തൂരിലുണ്ടായ സംഭവത്തിൽ പാർട്ടിയുടെ ശക്തമായ നിലപാട് കീഴ്ഘടകങ്ങളിൽ എത്തിക്കാൻ തീരുമാനിക്കും. പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയെ തുടർന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലും ആന്തൂർ, ബക്കളം തുടങ്ങിയ ലോക്കൽ കമ്മിറ്റികളിലും പാർട്ടിക്കകത്തുണ്ടായ ആഭ്യന്തര പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ഈ മാസം 8 ാം തീയ്യതി ചേരുന്ന സിപിഎം. ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുക.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും വരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ സമിതിയിൽ അംഗീകരിപ്പിക്കാനും സമ്മർദ്ദമുണ്ടാകും. സംസ്ഥാന സമിതിയുടെ നിലപാടിന് എതിർ നിലപാടെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ജയിംസ് മാത്യു എംഎൽഎ, എന്നിവരും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങളാണ്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നേരത്തെ എടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗം പി. മുകുന്ദൻ യോഗത്തിൽ വിശദീകരിക്കും.

നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയെ പിൻതുണക്കുന്ന തളിപ്പറമ്പിലെ തന്നെ ജില്ലാ കമ്മിറ്റി അംഗമായ കെ. സന്തോഷ് നഗരസഭ എടുത്ത തീരുമാനം ശരിയാണെന്ന നിലപാട് ആവർത്തിക്കും. ജില്ലാ കമ്മിറ്റിക്ക് ശേഷം തുടർന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയോഗവും ചേരാൻ തീരുമാനിക്കും. ഈ യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് ഇ.പി. ജയരാജൻ പങ്കെടുത്തേക്കും. എന്നാൽ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭക്കെതിരെ നിലപാടെടുത്തവരാണ് ഭൂരിഭാഗവും ഉള്ളത്. എന്നാൽ രണ്ടംഗങ്ങൾ നഗരസഭക്ക് അനുകൂലമായ നിലപാട് പരസ്യമായി എടുത്തിട്ടുമുണ്ട്.

തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും വ്യവസായ മന്ത്രി ഇ.പി. ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്. അതുകൊണ്ടു തന്നെ ജയരാജന്റെ സാന്നിധ്യത്തിൽ നഗരസഭക്കനുകൂലമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത. നഗരസഭക്ക് തെറ്റുപറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതിയുടെ നിലപാട് വന്നതോടെ ആന്തൂർ മേഖലയിലെ ചില ലോക്കൽ കമ്മിറ്റി അംഗങ്ങൾ പഴയ നിലപാടിൽ നിന്നും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളിൽ പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നവരാണ് ഏറേയും. ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ആന്തൂർ സംഭവത്തിന്റെ പേരിൽ വീണ്ടും ചേരുന്നതോടെ മേൽ തട്ടിലുള്ള അഭിപ്രായ ഭിന്നത ഏതാണ്ട് പരിഹരിക്കപ്പെടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ബ്രാഞ്ച് തലത്തിലും അനുഭാവികളിലും ആന്തൂർ നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയോടും ഭരണ സംവിധാനത്തോടും മുഖം തിരിച്ച് നിൽക്കുന്ന സമീപനമാണ് ഇപ്പോഴുമുള്ളത്. അവരെക്കൂടി പാർട്ടി നിലപാടിലേക്ക് കൊണ്ടു വരാൻ നേതൃത്വം കഠിന ശ്രമം തന്നെ നടത്തേണ്ടി വരും. നഗരസഭാ അദ്ധ്യക്ഷ പി.കെ. ശ്യാമളക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഎം. സംസ്ഥാന നേതൃത്വം വിലയിരുത്തിയതോടെ അന്വേഷണം ഈ വഴിക്കെത്തുമെന്ന സംശയം നാട്ടുകാർ പങ്കുവെച്ചിരുന്നു. വിദഗ്ദ സമിതി കണ്ടെത്തിയ ചെറിയ ന്യൂനതകൾ പാർത്ഥാ കൺവെൻഷൻ സെന്റർ ഉടമകൾ പരിഹരിക്കും.

അതിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇത് പരിഹരിച്ച് നഗരസഭയെ അറിയിക്കുന്ന മുറക്ക് കൺവെൻഷൻ സെന്ററിന് നമ്പറടക്കമുള്ള അനുമതികൾ നൽകും. അതോടെ പ്രവാസി വ്യവസായി സാജന്റെ മരണത്തെ തുടർന്നുള്ള വിവാദങ്ങൾ അവസാനിക്കുമെന്നാണ് സിപിഎം. കരുതുന്നത്.ആന്തൂരിൽ കോൺഗ്രസ്സ് അടക്കമുള്ള കക്ഷികൾ നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങൾക്ക് തടയിടാനുള്ള നീക്കമാണ് ഇനി സിപിഎം. നടത്തുക. ബ്രാഞ്ച് കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP