Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടമായ തിരുനാവായ താമരക്കായൽ വീണ്ടെടുത്ത് തിരുനാവായ ദേവസ്വം; വീണ്ടെടുത്തത് ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്ര മോക്ഷത്തിന് ആധാരമായതെന്ന് വിശ്വസിക്കപ്പെട്ടു വരുന്ന 35.10 ഏക്കർ താമരപ്പൊയ്കയായ ചെങ്കമല സരസ്; വിവിധ ക്ഷേത്രങ്ങളിൽ പൂജയ്ക്കു പോയിരുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ഇവിടുത്തെ താമരകൾ; നവാമുകുന്ദ ക്ഷേത്രത്തിലേക്കുള്ള താമരപ്പൂക്കൾ ഇനി ദേവസ്വത്തിന് സ്വന്തം പൊയ്കയിൽ കൃഷി ചെയ്യാം

ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടമായ തിരുനാവായ താമരക്കായൽ വീണ്ടെടുത്ത് തിരുനാവായ ദേവസ്വം; വീണ്ടെടുത്തത് ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്ര മോക്ഷത്തിന് ആധാരമായതെന്ന് വിശ്വസിക്കപ്പെട്ടു വരുന്ന 35.10 ഏക്കർ താമരപ്പൊയ്കയായ ചെങ്കമല സരസ്; വിവിധ ക്ഷേത്രങ്ങളിൽ പൂജയ്ക്കു പോയിരുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ഇവിടുത്തെ താമരകൾ; നവാമുകുന്ദ ക്ഷേത്രത്തിലേക്കുള്ള താമരപ്പൂക്കൾ ഇനി ദേവസ്വത്തിന് സ്വന്തം പൊയ്കയിൽ കൃഷി ചെയ്യാം

ജംഷാദ് മലപ്പുറം

മലപ്പുറം: ദക്ഷിണേന്ത്യയിലെ പ്രധാന താമര കൃഷിയിടങ്ങളിലൊന്നായ തിരുനാവായ വലിയപറപ്പൂരിലെ താമരക്കായൽ തിരുനാവായ ദേവസ്വം വീണ്ടെടുത്തു. ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്ര മോക്ഷത്തിന് ആധാരമായതെന്ന് ഹൈന്ദവർ വിശ്വസിക്കുന്ന താമരപ്പൊയ്കയായ ചെങ്കമല സരസാണ് തിരുനാവായ ദേവസ്വം വീണ്ടെടുത്തത്. തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്നാണ് 35.10 ഏക്കർ താമരക്കായൽ ദേവസ്വത്തിന് തിരിച്ചെടുക്കാൻ കഴിഞ്ഞത്. വലിയ പറപ്പൂർ കായൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കായലിന് അഞ്ഞൂറ് ഏക്കറിലേറെ വിസ്തൃതിയുണ്ട്. കായലിൽ കർഷകർ താമര കൃഷിയാണ് നടത്തിവന്നിരുന്നത്. മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ താമരപ്പൂ കൃഷി, ജാതിമതഭേദമന്യേയുള്ള മതമൈത്രിയുടെപേരിൽ നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലേക്ക് തിരുന്നാവായയിൽ നിന്നാണ് താമരപ്പൂ കയറ്റി അയക്കുന്നത്. തിരുനാവായ നവാമുകുന്ദ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്രമോക്ഷം നടന്ന ക്ഷേത്രമാണ് ഇതെന്നും വിശ്വാസമുണ്ട്. അങ്ങനെയാണെങ്കിൽ താമരപ്പൂവിളഞ്ഞിരുന്ന ചെങ്കമല സരസും ക്ഷേത്രസമീപത്തുണ്ടായിരിക്കാമെന്നും പറയപ്പെടുന്നു. എന്നാൽ ചെങ്കമല സരസ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. 2006 ൽ എച്ച്.ആർ.ആൻഡ്്. സി ദേവസ്വം ഭൂമി പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ വടക്കു കിഴക്കു ഭാഗത്തുള്ള താമരക്കായലിൽ കുറേ ഭാഗം ദേവസ്വത്തിന്റെതാണെന്നു വ്യക്തമായത്. ദേവസ്വം ഭൂമിക്ക് അതിർത്തി നിർണയിക്കാഞ്ഞതിനാൽ താമര കർഷകർ ദേവസ്വം ഭൂമിയിലും കൃഷിയിറക്കുകയായിരുന്നു.ദേവസ്വത്തിന്റെ താമരക്കായൽ തിരിച്ചുപിടിക്കണമെന്ന് അന്നത്തെ ഡെപ്യുട്ടി കലക്ടർ ടി.പി.തങ്കപ്പൻ എച്ച്.ആർ.ആൻഡ് സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2015ൽ താമരക്കായൽ അളന്നു തിട്ടപ്പെടുത്താൻ ദേവസ്വം തിരൂർ താലൂക്ക് സർവ്വേയർക്ക് അപേക്ഷ നൽകിയെങ്കിലും നടപടികളുണ്ടായില്ല. തുടർന്ന് മലപ്പുറം ജില്ലാ കലക്ടർ, ആർ.ഡി.ഒ. എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയമായിരുന്നു. അതിനു ശേഷമാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ്സ് കമ്മിറ്റി സെക്രട്ടറിക്ക് ഈ ആവശ്യമുന്നയിച്ചു പരാതി നൽകിയത്.

ദേവസ്വത്തിന്റെ താമരക്കായലിന് അതിരിട്ടുനൽകാൻ നിയമ സഹായ സമിതി സെക്രട്ടറി നിർദേശിച്ചുവെങ്കിലും വെള്ളക്കെട്ടു കാരണം നീണ്ടു പോയി. കഴിഞ്ഞ ദിവസങ്ങളിലായാണ് ഭൂരേഖ പ്രകാരം അതിർത്തി നിർണയിച്ചത്. കുറ്റിപ്പുറം വില്ലേജിൽ 28 ഏക്കറും തിരുനാവായ വില്ലേജിൽ 7.10 ഏക്കറും അടക്കം 35.10 ഏക്കർ ഭൂമിയാണ് ദേവസ്വം അതിരിട്ട് കൈവശമെടുത്തത്. ഇതിൽ തിരുനാവായ വില്ലേജിലെ താമരക്കായലാണ് ചെങ്കമലസരസ്സെന്നു കരുതപ്പെടുന്നു. ഇതോടെ നവാമുകുന്ദ ക്ഷേത്രത്തിലേക്കുള്ള താമരപ്പൂക്കൾ സ്വന്തം പൊയ്കയിൽ കൃഷി ചെയ്യാൻ ദേവസ്വത്തിനു സാധിക്കും. തിരുനാവായ ദേവസ്വം ഉൽപ്പാദിപ്പിക്കുന്ന താമരപ്പൂക്കൾ മററു ക്ഷേത്രങ്ങളിലേക്ക് വിപണനം ചെയ്യാനും സാധിക്കും.

മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഇവിടുത്തെ താമരകൃഷി ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിർത്തി കടന്നിരുന്നു. പക്ഷേ ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടങ്ങളിലൊന്നായ തിരുനാവായ വലിയപറപ്പൂരിലെ താമരകൃഷി ഇന്ന് പകുതിയായി കുറയുകയും ചെയ്തിട്ടുണ്ട്, 400ഏക്കറിൽ കൃഷിചെയ്തിരുന്ന ഇന്നിവിടെ 200ഏക്കറിൽ മാത്രമാണു കൃഷിയുള്ളത്. ജലലഭ്യതയുടെ കുറവും താമരക്കോഴി എന്നറിയപ്പെടുന്ന കിളികളുടെ ശല്യവുമാണു കൃഷിയെ പ്രതിസന്ധിയിലാക്കിയത്. രാപ്പകൽ അധ്വാനിച്ച് കൃഷിചെയ്തുണ്ടാക്കുന്ന താമരകൾ നശിച്ചുപോകുന്നതു പതിവായതോടെയാണു കർഷകരിൽ പലരും കൃഷിയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.ഇവിടെ 20ഏക്കറിൽ കൃഷി ചെയ്തുവരുന്ന കാരക്കാടൻ ഹസ്സനും കുടുംബത്തിനും മുമ്പു അയ്യായിരം പൂക്കൾവരെ ദിവസം ലഭിച്ചിരുന്നെങ്കിൽ ഇന്നിവർക്കു ലഭിക്കുന്നതു വെറും 500മുതൽ 700വരെ പൂക്കൾ മാത്രമാണ്. മുമ്പു തങ്ങൾ നൽകിയിരുന്ന പല ക്ഷേത്രങ്ങൾക്കും ഇന്നു ആവശ്യത്തിനു താമര നൽകാൻ കഴിയുന്നില്ലെന്നു ഹസ്സൻ പറയുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കു പൂജയ്ക്ക് ഈ നിളാതീരത്തുനിന്നാണു മുമ്പു താമരപ്പൂക്കൾ കൊണ്ടുപോയിരുന്നത്. തിരുന്നാവായ നാവാമുകുന്ദ ക്ഷത്രത്തിന് സമീപത്തെ താമരക്കായലുകൾ പുലർച്ചെ അഞ്ചിനുമുമ്പ് സജീവമാകും. കായലിൽ ഓളങ്ങൾ തീർത്ത് ചെറുതോണികളിൽ നീങ്ങുന്ന കർഷകർ ഇവിടുത്തെ പതിവ് കാഴ്‌ച്ചയാണ്. പൂക്കളുമായി ഇവർ തിരിച്ചെത്തുമ്പോൾ പിന്നീട് ഏഴുമണിയാകും. പിന്നീട് അവ കരുതലോടെ ചാക്കുകളിലാക്കി ബസ്സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കുംകൊണ്ടുപോകും. പണ്ടുകാലത്തിവിടെ താമരക്കായൽ ഉണ്ടായിരുന്നുവെന്നു പഴമക്കാർ പറയുന്നു. ക്ഷേത്രത്തിലേക്ക് ആവശ്യത്തിന് പൂക്കൾ ലഭ്യമാകാത്തതിനാലാണു കായൽ നിർമ്മിച്ചെന്നാണ് ഐതിഹ്യം.

നാവാമുകുന്ദക്കു പുറമെ ഗുരുവായൂർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട് തളി, കാടാമ്പുഴ, ആലത്തൂർ ഹനുമാൻകാവ്, തൃപ്രങ്ങോട്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കെല്ലാം പൂക്കൾ അയച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP