Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം ഏറ്റെടുത്ത് മലപ്പുറം മഅ്ദിൻ അക്കാദമി; കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മഅ്ദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി; സഹായത്തിന്റെ കാര്യം അറിയിച്ചത് ബഷീറിന്റെ മക്കളെ സന്ദർശിക്കാനെത്തിയപ്പോൾ

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം ഏറ്റെടുത്ത് മലപ്പുറം മഅ്ദിൻ അക്കാദമി; കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മഅ്ദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി; സഹായത്തിന്റെ കാര്യം അറിയിച്ചത് ബഷീറിന്റെ മക്കളെ സന്ദർശിക്കാനെത്തിയപ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വാഹനം ഇടിച്ച് കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമി ഏറ്റെടുക്കും. മഅ്ദിൻ അക്കാദി ചെയർമാനും കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയാണ് ഇക്കാര്യം അറിയിച്ചത്.തിരൂർ വാണിയന്നൂരിലെ കെ എം ബഷീറിന്റെ വസതി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ പക്ഷത്തുനിന്ന് മാതൃകാപരമായ മാധ്യമ പ്രവർത്തനം കാഴ്ചവെച്ച പ്രതിഭയായിരുന്നു കെ എം ബഷീർ.

ബഷീറിന്റെ മരണം കൊലപാതകമാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണം. കുറ്റവാളിയെ നിരപരാധിയാക്കി കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള ഗൂഢാലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ തന്നെ നടക്കുന്നുണ്ട്. കാര്യക്ഷമമായി അന്വേഷണം നടത്തുമെന്ന സർക്കാരിന്റെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഅ്ദിൻ സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട്,മഅ്ദിൻ അക്കാദമി മാനേജർ ദുൽഫുഖാറലി സഖാഫി മേൽമുറി, മഅ്ദിൻ പി.ആർ മാനേജർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ സംബന്ധിച്ചു.

അതേ സമയം കേസിൽ പ്രതികളെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.. അപകടം നടന്നതിന് പിന്നാലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസിന്റെ ഉന്നത ബന്ധങ്ങളാണ് ഇതിനാധാരം. വഫ ഫിറോസിന്റെ അവകാശ വാദങ്ങളും ചില അഭിമുഖങ്ങളിൽ നടത്തിയ വിശദീകരണങ്ങളും തെറ്റാണെന്ന് ഭർത്താവ് ഫിറോസ് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉന്നതരുമായി തനിക്ക് ബന്ധമില്ലെന്ന വഫയുടെ വാദങ്ങളെ തള്ളി ഭർത്താവ് ഫിറോസ് വിവാഹമോചനത്തിനായി വക്കിൽ നോട്ടീസും അയച്ചു.

വഫാ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി സംഭവം നടന്നയുടൻ പൊലീസ് സഹായത്തോടെ അപകട സ്ഥലത്ത് നിന്നും വഫയെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. അതിധാരുണമായ മരണം കൺമുന്നിൽ നടന്നപ്പോഴാണ് യാതൊരു ചോദ്യം ചെയ്യലിനും മുതിരാതെ വഫയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. തുടർന്ന് മാധ്യമ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടതോടെ മൂന്ന് മണിക്കൂറിന് ശേഷമാണ് വഫയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ഈ മൂന്ന് മണിക്കൂറിനിടയിലാണ് തെളിവുകൾ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങൾ നടന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. ബഷീറിന്റെ ഫോൺ അപകടസ്ഥലത്തു നിന്നും കാണാതായതും ഈ സമയത്തിനുള്ളിലാണ്. അപകടം നടന്ന് അൽപ്പസമയത്തിനകം സ്ഥലത്ത് നിന്നും കാണാതായ ഫോൺ ഇതുവരേയും കണ്ടെത്താനായിട്ടില്ല. വഫയുടേയും ശ്രീറാമിന്റേയും ഫോണുകളിൽ നിന്നും ഈ സമയങ്ങളിൽ നടത്തിയിട്ടുള്ള ഫോൺകോളുകളുടെ വിവരങ്ങൾ ശേഖരിച്ചാൽ ഉന്നത ഇടപെടൽ നടന്നതിന്റെ തെളിവുകൾ പുറത്തുവരുമെന്നതിൽ സംശയമില്ലെന്നും ബഷീറിനോടടുത്ത വൃത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP