Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ കൈത്തറിയുടെ വിദേശ വിപണി കയ്യടക്കി ബംഗ്ലാദേശും വിയറ്റ്നാമും തമിഴ്‌നാടും; കണ്ണൂർ കൈത്തറിയുടെ പേരിൽ കടൽ കടന്നതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ ഉത്പ്പാദിപ്പിച്ച പവർലൂം തുണിത്തരങ്ങൾ; പാരമ്പര്യ വാദത്തിൽ പിടിച്ചു നിന്ന് ഭാഗികമായ യന്ത്ര വൽക്കരണത്തെ പോലും പിന്തുണയ്ക്കാതെ സർക്കാർ; കൈത്തറിയുടെ മേന്മ യന്ത്രത്തറിയിൽ ഉത്പ്പാദിപ്പിക്കുന്ന സഹകരണ സംഘത്തിനും പരിഗണനയില്ല

കണ്ണൂർ കൈത്തറിയുടെ വിദേശ വിപണി കയ്യടക്കി ബംഗ്ലാദേശും വിയറ്റ്നാമും തമിഴ്‌നാടും; കണ്ണൂർ കൈത്തറിയുടെ പേരിൽ കടൽ കടന്നതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ ഉത്പ്പാദിപ്പിച്ച പവർലൂം തുണിത്തരങ്ങൾ; പാരമ്പര്യ വാദത്തിൽ പിടിച്ചു നിന്ന് ഭാഗികമായ യന്ത്ര വൽക്കരണത്തെ പോലും പിന്തുണയ്ക്കാതെ സർക്കാർ; കൈത്തറിയുടെ മേന്മ യന്ത്രത്തറിയിൽ ഉത്പ്പാദിപ്പിക്കുന്ന സഹകരണ സംഘത്തിനും പരിഗണനയില്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിന്റെ അഭിമാന വ്യവസായമാണ് കൈത്തറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈത്തറിയുടെ പെരുമ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും കൈത്തറി ഇവിടെ നാമാവശേഷമായിക്കൊണ്ടിരിക്കയാണ്. 1968 ൽ 1,28,000 ലേറെ തറികൾ കണ്ണൂരിൽ പ്രവർത്തിച്ചിരുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽപെട്ടവരായിരുന്നു കൈത്തറി തൊഴിലാളികളിൽ ഭൂരിഭാഗവും. എന്നാൽ ഈ വ്യവസായത്തിന്റെ തകർച്ച ജനജീവിതത്തെ തകിടം മറിച്ചിരിക്കയാണ്. ഇന്ന് 10,000 തറികൾ പോലും ഈ മേഖലയിലില്ല. കൈത്തറിയെ പുനഃരുജ്ജീവിപ്പിക്കാനുള്ള എല്ലാ സർക്കാർ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. കണ്ണൂർ കൈത്തറി എന്ന പ്രശസ്തമായ പേരിൽ തമിഴ്‌നാട്ടിൽ നിന്നും പവർലൂമിൽ ഉത്പ്പാദിപ്പിച്ച് വൻ ലാഭം കൊയ്ത കയറ്റുമതിക്കാർ തന്നെയാണ് ഈ തകർച്ചക്ക് പ്രധാന കാരണങ്ങളിലൊന്ന്.

അതോടെ കേരളത്തിലെ തറികൾ നടത്തിയിരുന്നവർ കുത്തുപാളയെടുത്തു. ബംഗ്ലാദേശും വിയറ്റ്നാമും അടക്കമുള്ള രാഷ്ടരങ്ങൾ കൈത്തറിയെ യന്ത്രത്തറിയാക്കി മാറ്റി യൂറോപ്യൻ വിപണി പിടിച്ചടക്കി കഴിഞ്ഞു. എന്നിട്ടും വിദേശികൾ ഏറെ കൊതിക്കുന്ന കണ്ണൂർ കൈത്തറിയെ കാലികമായും മാറ്റിയെടുക്കാൻ നമുക്കായില്ല.വിദേശ രാജ്യങ്ങളിൽ ചിലത് കണ്ണൂർ കൈത്തറി എന്നതിന് പകരം കണ്ണൂർ കോട്ടൺ എന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്തു. അതോടെ ചിലർ കണ്ണൂർ കൈത്തറി യന്ത്രത്തറിയിൽ ഉത്പ്പാദിപ്പിക്കാനും ആരംഭിച്ചു. കൈത്തറിയിൽ തുണിയുണ്ടാക്കാൻ ഭാരിച്ച ചെലവുള്ളതിനാൽ യന്ത്രത്തറിയിലേക്ക് മാറിയവർക്ക് പിടിച്ചു നിൽക്കാനെങ്കിലുമായി. നൂൽ ചുറ്റുന്നതും ചായം കൊടുക്കുന്നതും പാവ് വിരിക്കുന്നതുമെല്ലാം കൈത്തറിക്ക് സമാനം തന്നെ.

നെയ്ത് മാത്രം യന്ത്രം വെച്ച് ചെയ്യുന്നു. അതുകൊണ്ടു തന്നെ തുണികളിൽ വലിയ വ്യത്യാസവുമില്ല. കൈത്തറി കയറ്റുമതിക്കാർ ലാഭം കൊയ്യാൻ വേണ്ടി ്ഉപയോഗിച്ച രീതി കണ്ണൂരിലും പ്രയോഗിക്കാൻ തുടങ്ങി. കൈത്തറി സഹകരണ സംഘത്തിലെ തൊഴിലാളിക്ക് ദിവസ വേതനം ഇന്ന് ലഭിക്കുന്നത് 400 മുതൽ 500 വരെയാണ്. വർഷത്തിൽ ഭൂരിഭാഗവും പണിയില്ലാത്ത നാളുകളിൽ അതുമില്ല. സ്വകാര്യ മേഖലയിലെ കൈത്തറി സ്ഥാപനങ്ങളിൽ 350 രൂപയാണ് പരമാവധി ദിവസക്കൂലി. ഇക്കാരണങ്ങളാൽ പുതുതലമുറയിൽ ആരും തന്നെ കൈത്തറി മേഖലയിലേക്ക് കടന്നു വരുന്നുമില്ല.അതിനാൽ ഈ മേഖലയിലെ തകർച്ച നേരിട്ടവർ ചേർന്ന് കണ്ണൂർ ജില്ലാ പവർ ലൂം ഓണേഴ്സ് ഇൻഡസ്ട്രിയിൽ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് ഉത്പ്പാദനം ആരംഭിച്ചു.

ടെക്സ്‌കോ എന്ന പേരിൽ ഇവർ തുണി വിപണിയിലുമെത്തിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ തികഞ്ഞ അവഗണനയാണ് ഈ സംഘത്തിന് നേരിടേണ്ടി വരുന്നത്. സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയാൽ സഹായിക്കാമെന്ന വാഗ്ദാനം നൽകിയിരുന്നുവെങ്കിലും കൈത്തറിക്ക് മാത്രമേ സഹായം നൽകൂ എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംഘം പ്രസിഡണ്ട് എം. പ്രഭാകരൻ പറയുന്നു. സർക്കാർ സ്ഥാപനങ്ങളിലോ ആരോഗ്യ വകുപ്പോ സാമൂഹ്യക്ഷേമ വകുപ്പോ ഒന്നും തന്നെ കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്ന തുണിത്തരങ്ങൾ വാങ്ങുന്നില്ല. എല്ലാം അന്യ സംസ്ഥാനങ്ങളിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ തുണികളാണ് ഉപയോഗിക്കുന്നത്.

തങ്ങൾ ആവശ്യവുമായി പോകുമ്പോൾ കൈത്തറിയെ മാത്രമേ സഹായിക്കൂ എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ കൈത്തറിയെ പ്രോത്സാഹിപ്പിക്കാൻ സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂനിഫോമിൽ കുത്തക കമ്പനികളുടെ തുണിത്തരങ്ങൾ ആധിപത്യം സ്ഥാപിച്ചിരിക്കയാണ്.ഭാഗികമായെങ്കിലും യന്ത്ര വൽക്കരണം കൊണ്ടേ കൈത്തറി മേഖലയെ പിടിച്ചു നിർത്താൻ കഴിയൂ. വിദേശ രാജ്യങ്ങളിൽ മിക്ക രാജ്യങ്ങളും മേന്മയുള കോട്ടൺ എന്ന ഡിമാന്റ് മാത്രമേ വെക്കുന്നൂള്ളൂ. അവർക്ക് വേണ്ടുന്ന തുണി വേണ്ടുന്ന സമയത്ത് ഉത്പ്പാദിപ്പിക്കാൻ പരമ്പരാഗത കൈത്തറി മേഖലക്ക് കഴിയുന്നില്ല.

അതിനാൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും യന്ത്രത്തറിയിൽ നിന്ന് നെയ്ത തുണി കടൽ കടക്കുന്നു. കേരളത്തിന് ഈ മേഖലയിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള കൈത്തറി മേഖലയെ നിലനിർത്തി തന്നെ ഭാഗിക യന്ത്ര വൽക്കരണം നടത്തേണ്ടത് അനിവാര്യമായിരിക്കയാണ്. എന്നാൽ അതിന് തടസ്സം കൈത്തറി മേഖലയിലെ യൂനിയനുകളും രാഷ്ട്രീയ പാർട്ടികളുമാണ്. കൂടുതൽ ഉത്പ്പാദിപ്പിച്ച് വിദേശ ഓഡറുകൾ നേടാനുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാറും ശ്രമിക്കുന്നില്ല.

പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കാനും കൂടുതൽ വേതനം നൽകാനും ശ്രമിക്കേണ്ടതിന് പകരം വിലങ്ങു തടിയായി നിൽക്കുകയാണ് അധികൃതർ. ഏറെ കൊട്ടിഘോഷിച്ച സ്‌ക്കൂൾ യൂനിഫോമിൽ കൈത്തറിയുടെ പങ്ക് വളരെ ശോഷിച്ചതാണ്. അന്യ സംസ്ഥാനങ്ങളിലെ വൻകിട മില്ലുകളുടെ തുണിത്തരങ്ങളാണ് സ്‌ക്കൂൾ യൂനിഫോറത്തിലെ ഏറിയ പങ്കും. കാര്യങ്ങൾ ഇങ്ങിനെയായിട്ടും കേരളത്തിലെ പവർ ലൂം മേഖലയെ സർക്കാർ തന്നെ തകർക്കുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP