Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേയറുടെ രാജിക്കായി കിണഞ്ഞ് പരിശ്രമിച്ച് പാർട്ടിയിലെ തന്നെ നേതാക്കൾ; മേയർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അവർക്ക് അവമതിപ്പ് ഉണ്ടാക്കില്ലേയെന്ന് ചോദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടാൽ മടിയില്ലെന്ന് മേയർ; കൊച്ചി മേയറെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു

മേയറുടെ രാജിക്കായി കിണഞ്ഞ് പരിശ്രമിച്ച് പാർട്ടിയിലെ തന്നെ നേതാക്കൾ; മേയർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അവർക്ക് അവമതിപ്പ് ഉണ്ടാക്കില്ലേയെന്ന് ചോദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടാൽ മടിയില്ലെന്ന് മേയർ; കൊച്ചി മേയറെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു

സുവർണ്ണ പിഎസ്‌

കൊച്ചി : മേയർ സൗമിനി ജെയിനിനെ മാറ്റുന്ന കാര്യത്തിൽ പാർട്ടികൾക്കുള്ളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. മേയറെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ തീരുമാനം ഉണ്ടായിട്ടില്ല. എന്നാൽ ഈ കാര്യത്തെക്കുറിച്ച് ബുധനാഴ്ച ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ചർച്ച ചെയ്യും. അതേസമയം കൊച്ചിയിൽ നിന്നുള്ള നേതാക്കൾ തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളുമായി വിഷയം അനൗദ്യോഗികമായി ചർച്ച ചെയ്തെങ്കിലും ഔദ്യോഗികമായ തീരുമാനം രാഷ്ട്രീയകാര്യ സമിതിയിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സൗമിനി ജെയിനിനെ മാറ്റുന്ന കാര്യത്തിൽ ചർച്ച ചൂടുപിടിച്ച് നടക്കുമ്പോഴും മേയർ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനിനെ പെട്ടെന്നു നീക്കുന്നത് അവർക്ക് അവമതിപ്പ് ഉണ്ടാക്കില്ലേയെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചത്. മാത്രമല്ല ചില മുതിർന്ന നേതാക്കൾ അവർ രാജി വയ്ക്കണമെന്ന പ്രസ്താവന നടത്തിയതും ശരിയായില്ലായെന്നും. കാര്യങ്ങൾ തീരുമാനിക്കാനും അറിയിക്കാനും കെപിസിസിയും ചുമതലപ്പെട്ടവരും ഉണ്ടെന്ന് മുള്ളപ്പള്ളി പറഞ്ഞു. അതുകൊണ്ട് തന്നെ മുല്ലപ്പള്ളി രാമചന്ദ്രനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് കൊച്ചിയിൽ നിന്നുള്ള നേതാക്കൾ ആലോചിക്കുന്നത്. അതേസമയം കെപിസിസി അധ്യക്ഷന്റെ നിലപാടിനോട് ബെന്നി ബഹനാൻ ശക്തമായി വിയജിപ്പ് അറിയിച്ചതായും സൂചനകൾ വരുന്നുണ്ട്.

എന്നാൽ എല്ലാവരെയും മാറ്റുന്നതിന്റെ ഭാഗമായിട്ടായിരിക്കും മേയറെ മാറ്റാനുള്ള തീരുമാനവും. അതായത് ഭരണത്തിൽ വീഴ്‌ച്ച ഒരാളുടെ മാത്രം തലയിൽ വെയ്ക്കാതെ എല്ലാവരെയും ഉത്തരവാദികളാക്കിക്കൊണ്ടുള്ള തീരുമാനമാവും ഉണ്ടാവുക. എന്നാൽ സ്ഥിരംസമിതി അധ്യക്ഷന്മാരെയെല്ലാം മാറ്റാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ ചില മുതിർന്ന നേതാക്കളുടെ അജൻഡ നടപ്പാക്കുക എന്ന ലക്ഷ്യമാണെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്. അതേസമയം മേയറെ മാറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചവരും ഉണ്ട്. മേയറെ മാറ്റുകയാണെങ്കിൽ തങ്ങൾ രാജി വെയ്ക്കുമെന്നാണ് ചില കൗൺസിലർമാർ അറിയിച്ചത്. അതുകൊണ്ട് തന്നെ മേയർ മാറ്റത്തെ എതിർക്കുന്ന കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ കെപിസിസി പ്രസിഡന്റിനെ കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ഒരുങ്ങുകയാണ്. എന്നാൽ മേയറെ മാറ്റുക എന്ന തീരുമാനം കൊച്ചി നഗരസഭയിൽ നടപ്പിലാക്കാൻ കഴിയുമോ എന്ന ആശയക്കുഴപ്പവും പാർട്ടിക്കുള്ളിൽ ഉണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാർട്ടി അങ്ങനെയൊരു തീരുമാനം എടുത്താൽ സ്ഥാനം ഒഴിയാൻ മടിയില്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്തായാലും മേയറെ മാറ്റുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം നാളെ നടക്കുന്ന കെപിസിസി രാഷ്ട്രീയകര്യ സമിതി യോഗം തീരുമാനിക്കും. അതിനാൽ മേയർ മാറ്റത്തെ എതിർക്കുന്നവർ അതിന് മുമ്പായി കെപിസിസി അധ്യക്ഷനെ കണ്ട് നിലപാട് വ്യക്തമാക്കണമെന്ന് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ എ.ബി. ബാബു വ്യക്തമാക്കിയത്. അതേസമയം ഒഴിവ് വന്ന ഡപ്യൂട്ടി മേയർ സ്ഥാനത്തിനൊപ്പം മേയറും സ്ഥിരം സമിതി അധ്യക്ഷന്മാരും മാറണമെന്നാണ് മാറ്റത്തിനായി വാധിച്ചുകൊണ്ടിരിക്കുന്ന നേതാക്കളുടെ നിർദ്ദേശം. നഗരസഭയിൽ മേയർ സ്ഥാനം കോൺഗ്രസിലെ എ ഗ്രൂപ്പിനും ഡപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനുമെന്നാണ് ധാരണ. എന്നാൽ ഒഴിവ് വന്ന ഡപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പിലെ മുതുർന്ന കൗൺസിലർ ഡേവിഡ് പറമ്പിത്തറ രംഗത്തെത്തിയിട്ടുണ്ട്.

മേയറുടെ രാജി ആവശ്യപ്പെട്ട ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി കോർപ്പറേഷൻ മാർച്ച് നടത്തിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിനും മാലിന്യപ്രശനങ്ങൾക്കും പരിഹാരം കാണാത്ത മേയർ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രകടനം നടന്നത്. എന്തായാലും ഉടനെ തന്നെ മേയറുടെ രാജിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP