Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്ത് യാത്ര ചെയ്യാൻ അനുമതി; നേത്രാവതി എക്സ്‌പ്രസ് വ്യാഴാഴ്ച രാവിലെ കേരളത്തിൽ എത്തും

ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്ത് യാത്ര ചെയ്യാൻ അനുമതി; നേത്രാവതി എക്സ്‌പ്രസ് വ്യാഴാഴ്ച രാവിലെ കേരളത്തിൽ എത്തും

സ്വന്തം ലേഖകൻ

കൊല്ലം : ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്ത് യാത്ര ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ അനുമതി. കേരളത്തിലേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്‌പ്രസുകളിലാണ് കേരളത്തിനകത്തെ യാത്രയ്ക്ക് റിസവർവേഷൻ ടിക്കറ്റ് നൽകുക. അതായത് നേത്രാവതി എക്സ്‌പ്രസിൽ മഹാരാഷ്ട്രയിൽനിന്നു വരുന്ന ഒരു യാത്രക്കാരൻ എറണാകുളത്ത് ഇറങ്ങിയാൽ, ഇനി ആ ബർത്തിൽ എറണാകുളത്ത് നിന്നും ഒരാൾക്ക് തിരുവനന്തപുരത്തേക്കോ മറ്റോ റിസർവ് ചെയ്യാം.

ഇത്തരത്തിൽ റീ ബുക്കിങ് നടത്താനുള്ള സൗകര്യം റെയിൽവേ നേരത്തേ നൽകിയിരുന്നതാണ്. എന്നാൽ, കോവിഡ് വ്യാപനസാധ്യത മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ ഇത് അനുവദിക്കാനാവില്ലെന്ന് റെയിൽവേയോട് നിർദേശിച്ചു. ഇതുപ്രകാരം റിസർവേഷൻ നടപടികൾ നിർത്തിവെച്ചപ്പോഴാണ് സംസ്ഥാന സർക്കാർ നിലപാട് മാറ്റിയത്. ഇതുസംബന്ധിച്ച് പുനഃപരിശോധന നടത്തിയശേഷം ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതി നൽകാമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജരെ അറിയിക്കുകയായിരുന്നു.

എന്നാൽ ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന തീവണ്ടികളിൽ യാത്രയ്ക്കിടെ അണുനശീകരണം നടത്താനുള്ള സംവിധാനങ്ങളൊന്നുമില്ല. അതിനാൽ യാത്രക്കാരുണ്ടായിരുന്ന ബർത്തുകൾ അണുനശീകരണം നടത്താതെ വീണ്ടും ഉപയോഗിക്കേണ്ടിവരും. കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതിയുള്ള ആദ്യത്തെ നേത്രാവതി എക്സ്‌പ്രസ് വ്യാഴാഴ്ച രാവിലെയും മംഗള എക്സ്‌പ്രസ് ആറിന് രാവിലെയും കേരളത്തിൽ പ്രവേശിക്കും.

നിലവിൽ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ്സുകൾ കണ്ണൂരിലേക്ക് നീട്ടുന്നതിനും തടസ്സമില്ലെന്ന് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ കത്തു നൽകി. ഇതോടെ ജനശതാബ്ദി എക്സ്‌പ്രസ് ബുധനാഴ്ചതന്നെ കണ്ണൂരിലേക്ക് നീട്ടി.

മുഖാവരണം നിർബന്ധം
സംസ്ഥാനത്തിനകത്ത് തീവണ്ടിയിൽ ഇരുന്നുമാത്രം യാത്ര ചെയ്യുന്നതാണ് നല്ലത്. സീറ്റിൽ പേപ്പറോ മറ്റോ ഇട്ട് ഇരിക്കണം. യാത്ര അവസാനിക്കുമ്പോൾ പേപ്പർ നശിപ്പിച്ചുകളയണം. ജനാലകൾ തുറന്നിടണം. തീവണ്ടിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. യാത്രയുടെ ആദ്യവസാനം മുഖാവരണം ഉപയോഗിക്കണം. മുഖത്തേക്ക് കൈ കൊണ്ടുപോകുകയേ അരുത്. യാത്ര കഴിഞ്ഞ് തുണി ചെറിയ ചൂടുവെള്ളത്തിൽ അലക്കി, കുളിച്ചശേഷമേ വീടിനുള്ളിൽ കയറാവൂ.

-ഡോ. ആർ.സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ., കൊല്ലം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP