Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളേജുകളിലേക്ക് 'പ്രൊഫസർ' തസ്തിക തിരികെ കൊണ്ടുവരുന്നു; തൊള്ളായിരത്തോളം അദ്ധ്യാപക തസ്തികകൾക്കും സാധ്യത

കോളേജുകളിലേക്ക് 'പ്രൊഫസർ' തസ്തിക തിരികെ കൊണ്ടുവരുന്നു; തൊള്ളായിരത്തോളം അദ്ധ്യാപക തസ്തികകൾക്കും സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രൊഫസർ തസ്തിക തിരികെ കൊണ്ടുവരുന്നു. നിലവിൽ സർവകലാശാലകളിൽ മാത്രമാണ് പ്രൊഫസർ തസ്തികയുള്ളത്. എന്നാൽ ഇനി കോളേജുകളിലേക്കും പ്രൊഫസർ തസ്തിക സൃഷ്ടിക്കാനാണ് നീക്കം. ജോലിഭാരം സംബന്ധിച്ച വ്യവസ്ഥകൾ യുജിസി.യുടേതിന് സമാനമാക്കുന്നതിന്റെ ഭാഗമായാണ് പ്രൊഫസർ തസ്തിക പുനഃസ്ഥാപിക്കണമെന്ന നിലപാട് ഉന്നതവിദ്യാഭ്യാസവകുപ്പ് കൈക്കൊണ്ടത്.

നിലവിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തിക മാത്രമേ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലുള്ളൂ. ഒരു പഠനവകുപ്പിൽ മുതിർന്ന അസോസിയേറ്റ് പ്രൊഫസർക്ക് മറ്റുയോഗ്യതകൾക്ക് വിധേയമായി പ്രൊഫസർ തസ്തിക അനുവദിക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. അതേസമയം കാളേജ് അദ്ധ്യാപക തസ്തികയ്ക്ക് ആഴ്ചയിൽ 16 മണിക്കൂർ വേണമെന്ന നിബന്ധനയിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. പി.ജി.യുടെ ഒരു മണിക്കൂർ അദ്ധ്യാപനം ഒന്നരമണിക്കൂറായി കണക്കാക്കുന്നതും ഒഴിവാക്കും. ജൂൺ ഒന്നുമുതലായിരിക്കും പ്രാബല്യം. മുൻകാലപ്രാബല്യം ഉണ്ടാകില്ല.

16 മണിക്കൂർ നിർബന്ധമാക്കിയും പി.ജി. വെയ്റ്റേജ് ഒഴിവാക്കിയും നേരത്തേ ഉത്തരവിറക്കിയപ്പോൾ ഇടതുപക്ഷ അദ്ധ്യാപകസംഘടനകൾ ഉൾപ്പെടെ പ്രതിഷേധമുയർത്തി. തുടർന്ന് ഉത്തരവ് നടപ്പാക്കാതെ ധനം, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ വീണ്ടും ചർച്ചചെയ്യാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഈ കൂടിയാലോചനയിലാണ് മുൻകാലപ്രാബല്യം ഒഴിവാക്കാൻ തീരുമാനമായത്. മുമ്പ് അവസാനം വരുന്ന ഒമ്പതുമണിക്കൂറിന് ഒരു തസ്തികകൂടി നൽകിയിരുന്നു.

നേരത്തേ ഉത്തരവിറങ്ങിയപ്പോൾ 2018 മെയ്‌ ഒമ്പതുമുതൽ ഈ രണ്ട് നിബന്ധനകൾക്കും മുൻകാല പ്രാബല്യം നൽകിയിരുന്നു. ഈ മുൻകാല പ്രാബല്യം ഒഴിവാക്കിയാണ് 2020 ജൂൺ ഒന്നുമുതൽ മാത്രം പ്രാബല്യം നൽകുന്നത്. മുൻകാലപ്രാബല്യം ഒഴിവാകുന്നതോടെ ഇടക്കാലത്ത് നിയമിതരായ അദ്ധ്യാപകർക്ക് ജോലിസുരക്ഷിതത്വം ലഭിക്കും.

ജോലിഭാരത്തിൽ ഇളവനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ചെലവുചുരുക്കലിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതികളും ആസൂത്രണബോർഡും അദ്ധ്യാപകനിയമനത്തിനുള്ള മാനദണ്ഡങ്ങളിൽ പരിഷ്‌കാരം നിർദേശിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിൽ സർവീസിലുള്ളവരെ സംരക്ഷിക്കുന്ന തരത്തിൽ ഉത്തരവ് പരിഷ്‌കരിക്കാൻ തീരുമാനമായത്.

അതേസമയം കോളേജുകളിൽ പുതുതായി തൊള്ളായിരത്തോളം അദ്ധ്യാപക തസ്തികകൾക്കും സാധ്യത. 2014 മുതൽ അനുവദിച്ച കോഴ്സുകൾക്ക് പുതിയ തസ്തികകൾ അനുവദിക്കുന്നതോടെയാണ് ഇത്രയും അധികം അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത്. അദ്ധ്യാപകനിയമനത്തിനുള്ള മാനദണ്ഡത്തിന്റെ കാര്യത്തിൽ തീർപ്പായാൽ താമസമില്ലാതെ 2014 മുതൽ അനുവദിച്ച കോഴ്സുകൾക്ക് തസ്തിക അനുവദിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP