Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന രൂപേഷിന്റെ വീഡിയോ ഒറിജിനലോ അതോ വ്യാജനോ? വാസ്തവം അറിയാൻ വീഡിയോയുടെ ഉറവിടം തേടി എൻഐഎ അന്വേഷണം

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന രൂപേഷിന്റെ വീഡിയോ ഒറിജിനലോ അതോ വ്യാജനോ? വാസ്തവം അറിയാൻ വീഡിയോയുടെ ഉറവിടം തേടി എൻഐഎ അന്വേഷണം

കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ എന്ന് സംശയം. ഇക്കാര്യത്തിൽ എൻ.ഐ.എ. അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രൂപേഷിന്റെ വിഡീയോ എങ്ങനെ മാദ്ധ്യമങ്ങളിലെത്തിയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിലൂടെ മാത്രമേ വീഡിയോയുടെ ആധികാരികത ഉറപ്പിക്കാനാകൂ എന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ വിലയുരുത്തൽ.

രൂപേഷിന്റേതെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ വീഡിയോ വ്യാജമാണോയെന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട്. അതുകൊണ്ട് എങ്ങനെ ഈ വീഡിയോ എത്തിയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ആഭ്യന്തര വിഭാഗം, റോ, എൻഐഎ തുടങ്ങിയ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. രൂപേഷ് കേരളത്തിലെ വനത്തിൽതന്നെ ഒളിച്ചുകഴിയുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

കോഴിക്കോട് പ്രസ് ക്ലബിലെ മാദ്ധ്യമങ്ങളുടെ ബോക്‌സുകളിൽ നിന്നാണ് വിഡിയോ അടങ്ങിയ സിഡി ലഭിച്ചത്. യൂണിഫോമിൽ തോക്കുമേന്തിയാണ് ഇയാൾ നിൽക്കുന്നത്. മുഖം മറച്ചിരിക്കുന്നതിനാൽ വീഡിയോയിലുള്ളത് രൂപേഷാണോ എന്ന് ഉറപ്പിക്കാനാകുന്നില്ല. പ്രസ് ക്ലബ്ബിന്റെ മാദ്ധ്യമങ്ങളുടെ ബോക്‌സിൽ ഇതെങ്ങനെയെത്തി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

ഇന്നലെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വിഡിയോ ദൃശ്യം പുറത്തുവിട്ടത്. രൂപേഷിന്റെ ഇപ്പോഴത്തെ മുഖം ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനും ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്ന മാവോയിസ്റ്റ് നേതാവാണ് രൂപേഷ്. കേരളം, കർണാടക വനാതിർത്തിയിൽ ഇവർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏജൻസികളുടെ നിരീക്ഷണം.

സംസ്ഥാനത്ത് ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടത്തുമെന്നാണ് സിപിഐ മാവോയിസ്റ്റ് സംഘടനയുടെ നേതാവ് രൂപേഷ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു കോപ്പുകൂട്ടൽ നടക്കുന്നുണ്ടോ എന്നാണ് ഏജൻസികൾ അന്വേഷിക്കുന്നത്.

ഇതോടൊപ്പം കേരളാ-കർണ്ണാടകാ വനങ്ങളിൽ തെരച്ചിലും തുടങ്ങി. തണ്ടർബോൾട്ട് അടക്കമുള്ള സേനയെ ഉപയോഗിച്ചാണ് കേരളത്തിന്റെ വന പരിശോധന. മലയോര പ്രദേശങ്ങളിൽ കരുതൽ ശക്തമാക്കാൻ എല്ലാ പൊലീസ് സ്‌റ്റേഷനും നിർദ്ദേശം നൽകിയിട്ടുണ്ട്. നക്‌സലുകളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കും. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ജനമൈത്രി പൊലീസ് സംവിധാനത്തെയും സ്റ്റുഡന്റ് കേഡറ്റ് സംവിധാനത്തെയും ഉൾപ്പെടുത്തി മറവിൽ ജനങ്ങളെ നിരീക്ഷിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. എഴുപതുകളിലെ ഇടതു വിഭാഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ മാവോയിസ്റ്റുകൾ. ആയുധമെടുത്ത് സമരത്തിനിറങ്ങിയ ഇവർക്ക് മുമ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വളർച്ച പ്രാപിച്ചപ്പോൾ കേരളത്തിൽ വേരുപിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ സുരക്ഷിത താവളം തേടി കേരളത്തിൽ എത്തിയിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ജനങ്ങളോടൊപ്പം അവർക്കു വേണ്ടി നിലനിൽക്കുന്നതിനാലാണ് മാവോയിസ്റ്റുകളെ പിടികൂടാൻ സർക്കാർ ശ്രമങ്ങൾ ഊർജിതമാക്കുന്നതെന്നാണ് വീഡിയോയിൽ രൂപേഷ് പറഞ്ഞിരുന്നത്. ആദിവാസികൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനാലാണ് മാവോയിസ്റ്റുകൾ സർക്കാരിന്റെ കണ്ണിലെ കരടാകുന്നത്. വിവിധ മാഫിയകളുടെ പിടിയിലാണ് പശ്ചിമഘട്ടം. ജൈവസമ്പത്തുകൊള്ളയടിക്കാൻ സാമ്രാജ്യത്വശക്തികളെ സഹായിക്കുകയാണ് സർക്കാർ.

മധ്യവർഗത്തിൽ നിന്നും നിരവധിപ്പേർ മാവോയിസ്റ്റ് സംഘടനയിലേക്കു വരുന്നുണ്ട്. ഐടി രംഗത്തുള്ളവരും ബുദ്ധിജീവികളും സംഘടനയിൽ അംഗമാകുന്നു. യാഥാർഥ തൊഴിലാളി പ്രസ്ഥാനമാകാനുള്ള ശ്രമമാണ് സിപിഐ മാവോയിസ്റ്റുകൾ നടത്തുന്നതെന്നും രൂപേഷ് പറയുന്നു. ബോംബ് നിർമ്മാണത്തിനിടെ മാവോയിസ്റ്റ് നേതാവും മലയാളിയുമായ സിനോജ് ഈയിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് രൂപേഷ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതെന്ന പ്രത്യേകത കൂടിയുണ്ട്.

കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അദൃശ്യമായി നേതൃത്വം നൽകുന്നത് രൂപേഷാണെന്നാണ് കരുതുന്നത്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് രൂപേഷ്. ഷൊർണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തിൽ ഒളിവിൽ താമസിപ്പിച്ചതും അടക്കമുള്ള കേസുകളിൽ രൂപേഷ് പ്രതിപട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP