Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നത ബിരുദം ഒരു അയോഗ്യതയാണോ സർ? ലാസ്റ്റ് ഗ്രേഡ് നിയമനത്തിൽ നിന്നും ബിരുദധാരികളെ ഒഴിവാക്കി സർക്കാർ ഉത്തരവ്; എഞ്ചിനിയർമാരും എംഎക്കാരും പ്യൂൺമാരാകേണ്ടെന്ന് സർക്കാർ

ഉന്നത ബിരുദം ഒരു അയോഗ്യതയാണോ സർ? ലാസ്റ്റ് ഗ്രേഡ് നിയമനത്തിൽ നിന്നും ബിരുദധാരികളെ ഒഴിവാക്കി സർക്കാർ ഉത്തരവ്; എഞ്ചിനിയർമാരും എംഎക്കാരും പ്യൂൺമാരാകേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനസർക്കാർ സർവീസിലെ 48 ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കു നിശ്ചിതയോഗ്യതയും പ്രവൃത്തിപരിചയവും നിർബന്ധമാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കുറഞ്ഞയോഗ്യത ഏഴാം ക്ലാസ് വിജയമാക്കി കേരള ലാസ്റ്റ് ഗ്രേഡ് സർവീസിലെ സ്‌പെഷൽ റൂൾസ് ഭേദഗതി ചെയ്തു. ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുകയുമില്ല. വിവിധ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ അപേക്ഷിക്കാൻ ഇതുവരെ സാക്ഷരത മാത്രമായിരുന്നു യോഗ്യത. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാമായിരുന്നു. ഇതിനാണ് മാറ്റം കൊണ്ടു വന്നത്.

ബിരുദധാരികളെ ഒഴിവാക്കിയത് ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിനു പേർക്ക് തിരിച്ചടിയാകും. സർക്കാർ സർവീസിൽ ഏതു ജോലിയും ചെയ്യാൻ ഉദ്യോഗാർഥികൾ തയാറുള്ളപ്പോഴാണു യോഗ്യതകളിൽനിന്നു ബിരുദധാരികളെ ഒഴിവാക്കിയത്. കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് (ഭേദഗതി) റൂൾസ് 2016 എന്ന പേരിലാണ് പുതിയ പരിഷ്‌കരണവിജ്ഞാപനം. ലാസ്റ്റ് ഗ്രേഡ് ജോലികളിൽ പിഎസ് സി വഴി ജോലിക്ക് കയറുന്നവർ ഏറെയും ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. ഇതു കാരണം വിദ്യാഭ്യാസം കുറഞ്ഞവർക്ക് സർക്കാർ ജോലി അന്യമായി എന്ന വിലയിരുത്തലെത്തി. ്അതുകൊണ്ടാണ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത്.

ഈ തസ്തികകളിൽ +2 വിജയിച്ചവർക്കുവരെ അപേക്ഷിക്കാമെങ്കിലും ബിരുദധാരികളാകരുത്. ഇതിനുപുറമേ മിക്ക തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാക്കി. ചില തസ്തികകൾ വിമുക്തഭടന്മാർക്കു മാത്രമായി സംവരണം ചെയ്തു. എംഎയും എഞ്ചിനിയറിംഗുമെല്ലാം ഉള്ളവർക്ക് മറ്റ് ജോലികളിൽ നല്ല സാധ്യതയുണ്ട്. അതിനാൽ പ്യൂൺ ജോലിയിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മതിയെന്നാണ് സർക്കാർ നിലപാട്.

ബാലികാമന്ദിറിലെ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത 10ാം ക്ലാസാക്കി നിജപ്പെടുത്തി. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാകും ചില തസ്തികകളിലെ ഉദ്യോഗക്കയറ്റം. ഗാലറി അസിസ്റ്റന്റ് തസ്തികയ്ക്ക് ഏഴാം ക്ലാസിനു പുറമേ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. സെക്രട്ടേറിയറ്റിലെയും പൊതുമരാമത്തുവകുപ്പിലെയും ഹെഡ് ഗാർഡനർ തസ്തികയ്ക്ക് അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ആവശ്യം. സർക്കാർ അച്ചടിശാലകളിലെ പായ്ക്കർ തസ്തികയ്ക്ക് ഏഴാം ക്ലാസ്. ഉദ്യോഗക്കയറ്റത്തിനായി അഞ്ചുവർഷം പ്രവൃത്തിപരിചയം നിർബന്ധമാക്കി.

കൗണ്ടർ, ഡ്രസർ തസ്തികകളിൽ ഏഴാം ക്ലാസ് മാത്രമാണു യോഗ്യത. മൃഗശാല കീപ്പർ തസ്തികയിൽ ഏഴാം ക്ലാസും വന്യമൃഗങ്ങളെ പരിശീലിപ്പിക്കാൻ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ആയയുടെ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഏഴാം ക്ലാസും ഏതെങ്കിലും സർക്കാർസ്ഥാപനത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. സെക്രട്ടേറിയറ്റിലെ വാച്ച്മാൻ തസ്തികയ്ക്ക് ആവശ്യമായ ശാരീരികക്ഷമതയും വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് സ്‌റ്റോർസിൽ വാച്ച്മാൻ, നൈറ്റ് വാച്ച്മാൻ, വാച്ചർ, നൈറ്റ് വാച്ചർ, വാച്ചർ കം സ്‌റ്റോർസ് അറ്റൻഡന്റ് എന്നീ തസ്തികകൾക്ക് ഏഴാം ക്ലാസ് വിജയം മതി.

സർവേ ലാസ്‌കർ, ഡിപ്പോ ആൻഡ് വാച്ച് സ്‌റ്റേഷൻ വാച്ചർ, പ്ലാന്റേഷൻ വാച്ചർ, ടി.ബി. വാച്ചർ, ബംഗ്ലാവ് വാച്ചർ, സിംബർ സൂപ്പർവൈസർ, റിസർവ് വാച്ചർ, വനംവകുപ്പിലെ ഡിസ്‌പെൻസറി അറ്റൻഡന്റ് എന്നിവർക്ക് ഏഴാം ക്ലാസും കായികക്ഷമതയും നിർബന്ധം. പി.ഡബ്ല്യു.ഡി. ടെലിഫോൺ അറ്റൻഡർ തസ്തികയ്ക്ക് ഒരുവർഷം പ്രവൃത്തിപരിചയം വേണം. പി.ഡബ്ല്യു.ഡി. ക്ലീനർ, ഫുൾടൈം ഫെറിമാൻ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ മാർക്കർ, കൃഷിവകുപ്പിലെ ഹോസ്റ്റർ വാച്ചർ, മൃഗസംരക്ഷണവകുപ്പിലെ മാർക്കർ, ആരോഗ്യവകുപ്പിലെ ടെയ്‌ലർ, ആരോഗ്യവകുപ്പിലെ ഇലക്ട്രിക്കൽ ലാസ്‌കർ, തുറമുഖവകുപ്പിലെ ബോട്ട്മാൻ, സ്വീപ്പർ, ഹെൽപർ, ലൈറ്റ് കീപ്പർ, പൊലീസ് വകുപ്പിലെ ബോട്ട്മാൻ, വനംവകുപ്പിലെ ബോട്ട് ലാസ്‌കർ, റസ്റ്റ്ഹൗസ് വാച്ചർ, വനംവകുപ്പിലെ വാച്ച്മാൻ, ഡൽഹി കേരളഹൗസിലെ ഓഫീസ് അറ്റൻഡന്റ്, വെയ്റ്റർ, വാച്ചർ, റൂംബോയി, ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ, ജുഡീഷ്യൽ സർവീസിലെ പ്രോസസ് സെർവർ, അച്ചടിവകുപ്പിലെ ഗേറ്റ് കീപ്പർ, ലാസ്‌കർ എന്നിവയാണ് ഏഴാം ക്ലാസ് നിശ്ചിതയോഗ്യതയാക്കിയ മറ്റു തസ്തികകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP