Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻടിയുസിയുടെ ഭീഷണിയിൽ സർക്കാർ വിരണ്ടു; ഫ്‌ളെക്‌സ് നിരോധനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്; നിൽപ്പു സമരം തീർക്കാൻ മന്ത്രിസഭാ ഉപസമിതി; ടിന്റുവിന് 25 ലക്ഷവും ശ്രീജേഷിന് 15 ലക്ഷവും നൽകാനും മന്ത്രിസഭാ തീരുമാനം

ഐഎൻടിയുസിയുടെ ഭീഷണിയിൽ സർക്കാർ വിരണ്ടു; ഫ്‌ളെക്‌സ് നിരോധനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്; നിൽപ്പു സമരം തീർക്കാൻ മന്ത്രിസഭാ ഉപസമിതി; ടിന്റുവിന് 25 ലക്ഷവും ശ്രീജേഷിന് 15 ലക്ഷവും നൽകാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഫ്‌ളെക്‌സ് നിരോധിക്കണമെന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാത്രം ആഗ്രഹമായിരുന്നുവോ? ആണെന്നാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഫ്‌ളെക്‌സ് നിരോധനം വേണ്ട നിയന്ത്രണം മതിയെന്നാണ് മന്ത്രിസഭയുടെ പൊതുവികാരം. ആദിവാസികളുടെ നിൽപ്പ് സമരത്തിൽ ചർച്ചയ്ക്കായി മന്ത്രിസഭാ ഉപസമിതിയേയും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഫ്‌ളെക്‌സ് പൂർണ്ണമായി നിരോധിക്കേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായമുയർന്നു. ഇതേത്തുടർന്ന് ഫ്‌ളെക്‌സ് നിരോധനം പരിശോധിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകി. പരിസ്ഥിതി സംരക്ഷണത്തിനായി പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് നിരോധനമേർപ്പെടുത്താനും നിയമം നിർമ്മിക്കാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ എഐടിയുസി അടക്കമുള്ളവർ ഇതിനെ എതിർത്തു തുടർന്നാണ് പിന്നോട്ട് പോക്ക്. 

ഐഎൻടിയുസിയുടെ ഫ്‌ളെക്‌സിൽ തൊടാൻ ആരേയും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. ഫ്‌ളെക്‌സ് വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന് പരാതിയും നൽകി. ഇതെല്ലാം പരിഗണച്ചാണ് പ്രശ്‌നം വീണ്ടും ചർച്ച ചെയ്തത്. അപ്പോൾ ഫ്‌ളെക്‌സ് വ്യവസായത്തിന്റെ സാധ്യത മനസ്സിലാക്കണമെന്ന് മന്ത്രിമാർ പറഞ്ഞു.

മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ , മഞ്ഞളാംകുഴി അലി എന്നിവരടങ്ങുന്ന ഉപസമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നിരോധനം വേണ്ട നിയന്ത്രണം മതിയെന്ന അഭിപ്രായമാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്നുകേട്ടത്. വ്യവസായത്തെ തകർക്കുന്ന രീതിയിലുള്ള നടപടികൾ പാടില്ല. പരസ്യ ഫളെക്‌സുകളിൽ നിന്ന് നികുതിയിനത്തിലും വൈദ്യുതി ചാർജ്ജിനത്തിലും ഓരോ വർഷവും ലഭിക്കുന്ന കോടികൾ വേണ്ടെന്നു വെയ്ക്കുന്നത് ശരിയല്ലെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

എന്നാൽ, പൊതുസ്ഥലങ്ങളിൽ അസൗകര്യമുണ്ടാക്കുന്ന തരത്തിൽ ഫളെക്‌സുകൾ സ്ഥാപിക്കുന്നത് നിരോധിക്കാം. അതുപോലെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഫളെക്‌സുകൾ സ്ഥാപിക്കുന്നതും തടയണം. മന്ത്രിമാരുടെ ഫളെക്‌സുകൾ സ്ഥാപിക്കാൻ അനുവദിക്കരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതേത്തുടർന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച നടത്തുന്നതിന് മൂന്നംഗ മന്ത്രിസഭാ സമിതിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. 

ഫ്‌ളെക്‌സും പ്ലാസ്റ്റിക്കും നിരോധിക്കുന്നത് സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായതിനാൽ അത്തരം അഭിപ്രായങ്ങൾ അറിയിച്ചവരോട് ചർച്ച നടത്താനാണ് ഉപസമിതി രൂപവത്ക്കരിക്കുന്നത് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പറയാനുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും ആ അഭിപ്രായങ്ങളിൽ ഇത് നിരോധിക്കുന്നതിന് നടപടിയെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കിക്കൊണ്ട് ഏതെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ അത് ഉൾക്കൊള്ളാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ആദിവാസി നില്പ് സമരം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉപസമിതിക്ക് മന്ത്രിസഭ രൂപം നൽകി. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.കെ.ജയലക്ഷ്മി, എ.പി.അനിൽ കുമാർ എന്നിവരുമടങ്ങുന്ന സമിതി വെള്ളിയാഴ്ച ആദിവാസി നേതാക്കളുമായി ചർച്ച നടത്തും. ഇതിനു മുന്നോടിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരസമിതിയുമായി പ്രാരംഭ കൂടിയാലോചനകൾ നടത്താനും തീരുമാനമായി.

ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ നേട്ടംകൊയ്ത കായികതാരങ്ങൾക്കും പരിശീലകർക്കും പാരിതോഷികം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 800 മീറ്ററിൽ വെള്ളിയും റിലേയിൽ സ്വർണവും നേടിയ ടിന്റു ലൂക്കയ്ക്ക് 25 ലക്ഷംരൂപ പാരിതോഷികം നൽകും. സ്‌ക്വാഷിൽ വെള്ളിയും വെങ്കലവും നേടിയ ദീപിക പള്ളിക്കലിന് 17.5 ലക്ഷംരൂപ നൽകും.

സ്വർണം നേടിയ ഹോക്കിടീമംഗം ശ്രീജേഷിന് 15 ലക്ഷംരൂപയും വിദ്യാഭ്യാസവകുപ്പിൽ ഡി ഇ ഒയായി സർക്കാർ ജോലിയും നൽകും. പി ടി ഉഷയടക്കം മൂന്ന് പരിശീലകർക്ക് രണ്ടുലക്ഷം രൂപവീതം നൽകാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP