Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എൻഡിപിക്ക് പിന്നാലെ ഉപതെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭയും; സഭയ്ക്ക് ദ്രോഹം ചെയ്തവരെ സഭാ മക്കൾക്കറിയാം എന്നും അത് മനസ്സിലാക്കി വോട്ട് ചെയ്യുമെന്നും ഫാദർ ജോൺസ് എബ്രഹാം കോനാട്ട്; സഭയുടെ വോട്ടുറപ്പിക്കാൻ മൂന്നു മുന്നണികളും നെട്ടോട്ടമോടുന്നതിനിടെ ആർക്ക് വേണ്ടിയും പരസ്യമായി ഇറങ്ങില്ലെന്ന് പറഞ്ഞ് സഭാ വക്താവ്

എസ്എൻഡിപിക്ക് പിന്നാലെ ഉപതെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭയും; സഭയ്ക്ക് ദ്രോഹം ചെയ്തവരെ സഭാ മക്കൾക്കറിയാം എന്നും അത് മനസ്സിലാക്കി വോട്ട് ചെയ്യുമെന്നും ഫാദർ ജോൺസ് എബ്രഹാം കോനാട്ട്; സഭയുടെ വോട്ടുറപ്പിക്കാൻ മൂന്നു മുന്നണികളും നെട്ടോട്ടമോടുന്നതിനിടെ ആർക്ക് വേണ്ടിയും പരസ്യമായി ഇറങ്ങില്ലെന്ന് പറഞ്ഞ് സഭാ വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് സഭയുടെ പിന്തുണ ഉറപ്പിക്കാൻ മൂന്നു മുന്നണികളും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ആർക്കു വേണ്ടിയും പരസ്യ നിലപാടിനില്ലെന്ന് വ്യക്തമാക്കി സഭാ നേതൃത്വം. സഭക്ക് ദ്രോഹം ചെയ്യുന്നവരെ സഭാ മക്കൾക്ക് അറിയാമെന്നും അത് മനസിലാക്കി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്നുമാണ് സഭാ വക്താവ് ഫാദർ ജോൺസ് എബ്രഹാം കോനാട്ട് പറയുന്നത്. പിന്തുണ ഉണ്ടെന്ന ചിലരുടെ അവകാശവാദങ്ങൾ സഭയുടെ ഒദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഫാദർ ജോൺസ് എബ്രഹാം കോനാട്ട് സഭയുടെ നിലപാട് വ്യക്തമാക്കിയത്.

കോന്നിയിൽ ഓർത്ത്‌ഡോക്‌സ് വോട്ട് ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളാണ് മുന്നണികളുടെ നേതൃത്വത്തിൽ നടക്കുന്നത്. കോടിയേരിക്ക് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഓർത്ത്‌ഡോക്‌സ് ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയെ കണ്ടു. ഓർത്ത്‌ഡോക്‌സ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കുടുംബയോഗങ്ങളടക്കം നടത്തി ഇടത് മുന്നണി സജീവമായി രംഗത്തുണ്ട്.

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജും ദേവലോകം അരമനയിലെത്തി ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രി യുഡിഎഫിനെ അനുകൂലിക്കുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾ കുമ്പഴയിൽ യോഗം ചേർന്നു. സഭാ തർക്കത്തിൽ എതിർ നിലപാടെടുത്തെന്ന പേരിൽ പ്രചാരണം സജീവമായതോടെയാണ് ഇതേക്കുറിച്ച് വിശദീകരണവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ രംഗത്തു വന്നത്.

ദേശീയ സംസ്ഥാന നേതാക്കൾ പിന്തുണ തേടി സഭാ നേതൃത്വത്തെ സമീപിക്കുന്നതിന് പുറമെ പിറവം പള്ളി മാനേജിങ് കമ്മിറ്റി അംഗത്തെയും പാമ്പാടിയിൽ നിന്നുള്ള ഓർത്ത്‌ഡോക്‌സ് അസോസിയേഷൻ മെമ്പറേയും പങ്കെടുപ്പിച്ചാണ് കോന്നിയിൽ ബിജെപി പ്രചാരണം. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും വോട്ട് തേടി ബിജെപി സജീവമാണ്.

അതേസമയം താൻ സഭാ താൽപര്യത്തിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാനും ന്യൂനപക്ഷ വിഭാഗങ്ങൾ സർക്കാരിനൊപ്പമാണെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു. ബിജെപിയോടുള്ള തൊട്ടുകൂടായ്മ തീർന്നെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. അതേസമയം കോന്നി അടക്കം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിർണ്ണായകമായ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് ഓർത്ത്‌ഡോക്‌സ് സഭ.

ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിയേയും പരസ്യമായി പിന്തുണയ്‌ക്കേണ്ട എന്നാണ് എസ്എൻഡിപി യോഗത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണക്കില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഡിഎഫിനെയോ എൽഡിഎഫിനെയോ പിന്തുണച്ച് എസ്എൻഡിപി പ്രസ്താവന നടത്തിയിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പുകളിൽ എസ്എൻഡിപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ മുന്നണികളോടും എസ്എൻഡിപിക്ക് ഒരേ നിലപാടാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെയും എതിർക്കാനും പിന്തുണക്കാനും ഇല്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ അഭിപ്രായങ്ങൾ പിന്തുണയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. 'പാലായിൽ ചില ശക്തമായ നിലപാട് എടുക്കേണ്ടിവന്നിരുന്നു. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പൊതുനയം എന്ന നിലയിൽ ഒരു പാർട്ടിക്കും പിന്തുണ കൊടുക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ ആര് തോറ്റാലും ആര് ജയിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല'. അദ്ദേഹം പറഞ്ഞു.

അതേസമയം, കാലങ്ങളായി പിന്തുടരുന്ന സമദൂരം ഉപേക്ഷിച്ച് എൻഎസ്എസ് ഇക്കുറി ശരിദൂരമാണ് സ്വീകരിക്കുക എന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. വിജയദശമി ദിനത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന നായർ മഹാസമ്മേളനത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ തന്നെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ സവർണ - അവർണ ചേരിതിരിവ് ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് ഭരണത്തിലിരിക്കുന്നവർ യഥാർഥത്തിൽ ഇതിലൂടെ ചെയ്യുന്നത് എന്നും വ്യക്തമാക്കിയ സുകുമാരൻ നായർ, എ്ൻഎസ്എസ് ഇക്കുറി യുഡിഎഫിനൊപ്പമാണ് എന്ന് വ്യക്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP