Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിമന്ദിരത്തിനു മുന്നിലെ ചുവരെഴുത്തിൽ അസ്വാഭാവികതയില്ല; മാവോവേട്ടയ്ക്ക് ഇറങ്ങിയ പൊലീസ് ഇളിഭ്യരായി; മ്യൂസിക് ബാൻഡിന്റെ പരസ്യം മതിലിൽ എഴുതി പുലിവാലു പിടിച്ചത് +1 വിദ്യാർത്ഥികൾ

മന്ത്രിമന്ദിരത്തിനു മുന്നിലെ ചുവരെഴുത്തിൽ അസ്വാഭാവികതയില്ല; മാവോവേട്ടയ്ക്ക് ഇറങ്ങിയ പൊലീസ് ഇളിഭ്യരായി; മ്യൂസിക് ബാൻഡിന്റെ പരസ്യം  മതിലിൽ എഴുതി പുലിവാലു പിടിച്ചത് +1 വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനനഗരിയിലും മാവോയിസ്റ്റ് ശൈലിയിൽ ചുവരെഴുത്ത് കണ്ടതിനെ തുടർന്ന് മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ പൊലീസ് ഒടുവിൽ നാണം കെട്ടു. മാവോയിസ്റ്റ് അനുകൂല ചുവരെഴുത്ത് കവടിയാറിൽ കണ്ടതോടെ ജാഗരൂകരായ പൊലീസ് രാത്രി തന്നെ മാവോയിസ്റ്റുകളെ പിടിക്കാൻ ഇറങ്ങിയിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് പെട്രോളിങിന് ഇറങ്ങിയ പൊലീസിന്റെ കണ്ണിൽ ചുവരെഴുത്തുകൾ പെട്ടത്. സ്‌പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗവും പൊലീസിനൊപ്പം ഇറങ്ങിയപ്പോൾ സംഗതി ഉഷാർ. നഗരത്തിലിറങ്ങിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ കവടിയാറിലെ എല്ലാ സിസിടിവികളും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ഒടുവിൽ മരുതംകുഴിയിലെ പ്രമുഖ ബിൽഡേഴ്‌സ് സ്ഥാപിച്ച സി.സി.ടിവി ദൃശ്യങ്ങളിൽനിന്നാണ് സംഭവത്തിന്റെ യാഥാർഥ്യം പുറത്തു വന്നത്.

രാജ്ഭവന് സമീപമുള്ള കവടിയാർ റോഡിലെ ചുവരിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി. ചുവന്ന അക്ഷരത്തിൽ 'വീ ആർ കമിങ് സൂൺ' എന്നാണ് എഴുതിയിരുന്നത്. മന്ത്രി കെ.സി ജോസഫിന്റെ ഔദ്യോഗികവസതിക്ക് സമീപമുള്ള ഡോ.ജോർജ് പീറ്ററുടെ വസതിക്ക് പുറത്തുള്ള ഭിത്തിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

മരുതംകുഴി സ്വദേശികളായി നാലു വിദ്യാർത്ഥികൾ മ്യൂസിക് ബാൻഡ് തുടങ്ങാൻ തീരുമാനിച്ചു. വലിയതോതിൽ പണം മുടക്കി പരസ്യം ചെയ്യാനില്ലാത്തതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ബുക്ക് ചെയ്യാത്ത മതിലുകളിൽ ' വീ ആർ കമിങ് സൂൺ ' എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതുകയും ചെയ്തു. ഇതോടെ പൊലീസ് തീരുമാനിച്ചു, ഇത് എഴുതിയത് മാവോയിസ്റ്റുകൾ തന്നെ. രണ്ടു ദിവസം മതിലിന് സായുധ പൊലീസിന്റെ കാവലും. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ റെജി ജേക്കബ്ബിന്റെ നേതൃത്വത്തിൽ പ്രതികളെ' തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് മ്യൂസിക് ബാൻഡ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുവരെഴുത്ത് നടത്തിയതെന്ന് വ്യക്തമാക്കിയത്.

ഇവർ പുതുതായി രൂപം കൊടുത്ത ബാൻഡ് ഗ്രൂപ്പിന്റെ പ്രചാരണാർത്ഥമാണ് ഇങ്ങനെ എഴുതിയതത്രേ. എന്തായാലും മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചുവരെഴുത്ത് പൊലീസിന് തലവേദനയായി. ഇതോടെ പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പത്ത് വിദ്യാർത്ഥികൾ പിടിയിലാവുന്നത്. മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് അവർക്കൊപ്പം വിദ്യാർത്ഥികളെ വിട്ടയച്ചിട്ടുണ്ട്.

രാജ് ഭവന് പുറമെ മണക്കാട്, കമലേശ്വരം, കല്ലാട്ടുമുക്ക്, പരവൻകുന്ന്, ക്രൈസ്റ്റ് നഗർ സ്‌കൂളിന് സമീപം, മരുതൻകുഴി, ചെറുവള്ളി ലെയ്ൻ തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാർത്ഥികൾ ഇത്തരത്തിൽ ചുവരെഴുത്ത് നടത്തിയത്. നഗരത്തിലെ പേരുകേട്ട ഒരു സ്‌കൂളിലെ വിവിധ ക്‌ളാസുകളിൽ പഠിക്കുന്ന പത്തംഗ വിദ്യാർത്ഥി സംഘമാണ് ഇതിന് പിന്നിൽ. ഇവർ ഒരു ബാൻഡ് ഗ്രൂപ്പ് ആരംഭിക്കാൻ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ പ്രചാരണത്തിന് കണ്ട മാർഗമായിരുന്നു ചുവരെഴുത്ത്. വിദ്യാർത്ഥികൾ ബസ് കയറുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ചുവരെഴുത്തുകളുള്ളത്. പൂജപ്പുര പൊലീസ് പിടികൂടിയ വിദ്യാർത്ഥികളെ കമ്മിഷണർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു.

ചുവരെഴുത്തിന്റെ പേരിൽ കേസെടുക്കാൻ നിയമം ഇല്ലാത്തതിനാൽ ഇവരെ പറഞ്ഞു വിട്ടപ്പോൾ പേട്ടയിൽ വേറൊരു ചുവരെഴുത്ത്. വീട്ടുടമസ്ഥൻ മാവോയിസ്റ്റ് സംശയം പ്രകടിപ്പിച്ചപ്പോൾ പൊലീസ് വീണ്ടും 'ചുവരെഴുത്തുകാരെ' തപ്പിയിറങ്ങി. കവടിയാറിൽ മ്യൂസിക് ബാൻഡ് ആയിരുന്നെങ്കിൽ പേട്ടയിൽ ഡാൻസ് ട്രൂപ്പാണ് ചുവെരുഴുത്തിന്റെ പിന്നിൽ. പേട്ട റെയിൽവെസ്റ്റേഷൻ ഓവർബ്രിഡ്ജിന് താഴെയാണ് 'ബാഗ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ടത്.

ഡാൻസിൽ കമ്പം കയറിയ പത്താം ക്ലാസിലെയും +2വിലെയും വിദ്യാർത്ഥികളായിരുന്നു ഇതിന്റെയും പിന്നിലെന്ന് ഡപ്യൂട്ടി കമ്മീഷണർ അജിതാ ബീഗം പറഞ്ഞു. ഏതായാലും പിള്ളേര് ഒപ്പിച്ച പണിയിൽ രണ്ടു ദിവസം പരക്കം പാഞ്ഞ പൊലീസിന് ഇപ്പോഴാണ് ശ്വാസം വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP